രാജ്യത്തെ കൊവിഡ് കേസുകൾ ക്രമാതീതമായി വർദ്ധിക്കാൻ ഇടയാക്കിയത് കേന്ദ്ര സർക്കാരാണെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ

രാജ്യത്തെ കൊവിഡ് കേസുകൾ ക്രമാതീതമായി വർദ്ധിക്കാൻ ഇടയാക്കിയത് കേന്ദ്ര സർക്കാരാണെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ. സംസ്ഥാനങ്ങളിൽ കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം കൂടാൻ ഇടയാക്കുന്നത് കേന്ദ്ര സർക്കാരിന്റെ തീരുമാനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ദ ഹിന്ദു പത്രത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു കേന്ദ്ര സർക്കാരിനെതിരെ ഹേമന്ദ് സോറൻ രൂക്ഷ വിമർശനം ഉന്നയിച്ചത്.

ആദ്യം അതിഥി തൊഴിലാളികളെ അവരുടെ സ്വദേശത്തേക്ക് തിരികെത്തിക്കാതെ എവിടെയാണോ നിൽക്കുന്നത് അവിടെ തന്നെ തുടരണമെന്ന് പറഞ്ഞ് കേന്ദ്രം വലച്ചു. പിന്നീട് അവരെ തിരികെയെത്തിക്കാൻ ശ്രാമിക് ട്രെയിൻ ഏർപ്പെടുത്തിയെങ്കിലും ഒരു ഷെഡ്യൂളും ഇല്ലാതെയാണ് ഇപ്പോൾ ട്രെയിനുകൾ ഓടുന്നത്. തുടക്കത്തിൽ ശ്രാമിക് ട്രെയിനിന് കൃത്യമായ ഷെഡ്യൂൾ ഉണ്ടായിരുന്നു. ഇപ്പോൾ അതല്ല അവസ്ഥ. കൊഡർമ്മയിലെത്തേണ്ട ട്രെയിൻ ഒരു മുന്നറിയിപ്പുമില്ലാതെ റാഞ്ചിയിലെത്തുന്നു. ഇത്തരം സാഹചര്യങ്ങൾ സംസ്ഥാനങ്ങൾക്ക് മുൻകൂട്ടി തയ്യാറെടുപ്പുകൾ നടത്താനുള്ള അവസരം ഇല്ലാതാകുന്നു. മിക്ക സംസ്ഥാനങ്ങളിലും ഇത്തരം പ്രതിസന്ധികൾ ഉണ്ടായിട്ടുണ്ട്. ഞങ്ങൾക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.

മുൻകൂട്ടി തയ്യാറെടുപ്പുകളില്ലാതെയാണോ കേന്ദ്രം ലോക്ക് ഡൗൺ നടപ്പിലാക്കിയത് എന്ന ചോദ്യത്തിന് ഇപ്പോൾ അത്തരം കാര്യങ്ങൾ പോസ്റ്റ് മോർട്ടം ചെയ്യേണ്ട സമയമല്ലെന്ന് അദ്ദേഹം പ്രതികരിച്ചു. എന്നാൽ കൊവിഡ് പ്രതിസന്ധികൾ അവസാനിക്കുന്ന മുറയ്ക്ക് പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമൊക്കെ എങ്ങിനെ ഈ അസാധാരണ സാഹചര്യത്തെ നേരിട്ടു എന്നത് ജനങ്ങൾ വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share this news

           

RELATED NEWS

Covid 19, Bjp