’ഞാന്‍ ബ്രെഡ് വാങ്ങാന്‍ പുറത്തിറങ്ങിയതായിരുന്നു.’’;കശ്മീരില്‍ 9 വയസുകാരന് പൊലീസില്‍ നിന്നും ക്രൂരമർദ്ദനം;ലോക്കപ്പില്‍ കിടന്നത് രണ്ടു ദിവസമെന്ന് റിപ്പോര്‍ട്ട്

ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ഒമ്പതു വയസുകാരനെ ക്രൂരമായി മര്‍ദിച്ച് രണ്ടു ദിവസം പൊലീസ് ലോക്കപ്പില്‍ കിടത്തിയതായി റിപ്പോര്‍ട്ട്. ടെലിഗ്രാഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അഞ്ച് മാസം പ്രായമുള്ളപ്പോള്‍ അമ്മയെ നഷ്ടപ്പെടുകയും അച്ഛന്‍ ഉപേക്ഷിക്കുകയും ചെയ്ത കുട്ടിയുടെ രക്ഷാധികാരി മുത്തശ്ശിയായിരുന്നു. മുത്തശ്ശി പറഞ്ഞതനുസരിച്ച് ബ്രെഡ് വാങ്ങാന്‍ പുറത്തിറങ്ങിയപ്പോഴാണ് കുട്ടിയെ പൊലീസ് പിടികൂടുകയും മര്‍ദിച്ച് ലോക്കപ്പിലടക്കുകയും ചെയ്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കശ്മീരില്‍ കസ്റ്റഡിലെടുത്ത പ്രായപൂര്‍ത്തിയാകാത്ത 144 പേരില്‍ ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഈ കുട്ടിയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ബാലാവകാശ പ്രവർത്തകരുടെ നിവേദനത്തിന് മറുപടിയായി ജമ്മു കശ്മീർ ഹൈക്കോടതിയിലെ ജുവനൈൽ ജസ്റ്റിസ് കമ്മിറ്റി തടവിലാക്കപ്പെട്ട കുട്ടികളുടെ പട്ടിക തയ്യാറാക്കി സുപ്രീം കോടതിയിൽ സമർപ്പിച്ചിരുന്നു. പ്രായപൂർത്തിയാകാത്തവരെയൊന്നും നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും അവരെയെല്ലാം നിരീക്ഷണ കേന്ദ്രങ്ങളിൽ പാർപ്പിച്ചിട്ടുണ്ടെന്നുമാണ് സര്‍ക്കാരിന്റെ നിലപാടെന്ന് റിപ്പോർട്ടിൽ പറയുന്നു.

റിപ്പോർട്ട് അനുസരിച്ച്, ഒൻപത് വയസുകാരനെ ആഗസ്റ്റ് 7 ന് അറസ്റ്റുചെയ്തു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി അസാധുവാക്കിയതിന് രണ്ട് ദിവസത്തിന് ശേഷമായിരുന്നു സംഭവം. അതേ ദിവസം തന്നെ വിട്ടയച്ചതായും കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാൽ രണ്ട് ദിവസം പൊലീസ് സ്റ്റേഷനിൽ പൂട്ടിയിട്ടതായാണ് കുട്ടിയുടെ കുടുംബം പറയുന്നത്. പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനുമുമ്പ് തന്നെ തല്ലിച്ചതച്ചതായി കുട്ടി ടെലിഗ്രാഫിനോട് പറഞ്ഞു. പ്രതിഷേധക്കാരും സേനയും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് തന്നെയും മര്‍ദിച്ചത്. തനിക്ക് രക്തസ്രാവം ഉണ്ടായെങ്കിലും, അവർ ഒരു ദയയും കാണിക്കാതെ തന്നെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നും കുട്ടി പറഞ്ഞു.

''എന്റെ മുത്തശ്ശി റൊട്ടി വാങ്ങാനായി എന്നെ ഒരു ബേക്കറിലേക്ക് അയച്ചതായിരുന്നു. ഞാൻ അവർക്ക് റൊട്ടി കാണിച്ചു കൊടുത്തു, എനിക്ക് മാതാപിതാക്കളില്ലെന്ന് അവരോട് പറഞ്ഞു. പക്ഷേ, അവർ ശ്രദ്ധിക്കാതെ എന്നെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി രണ്ടു ദിവസം ലോക്കപ്പില്‍ പൂട്ടിയിട്ടു.''- കുട്ടി പറഞ്ഞു. പൊലീസിന്റെ ക്രൂരതയുടെ ആഘാതം ഇപ്പോഴും അവനെ വേട്ടയാടുന്നുണ്ടെന്നും വീണ്ടും അറസ്റ്റു ചെയ്യപ്പെടുമെന്ന് ഭയന്ന് അവന് പുറത്തിറങ്ങാന്‍ ഭയപ്പെടുകയാണെന്നും കുട്ടിയുടെ മുത്തശ്ശി പറഞ്ഞു.

കുട്ടിയുടെ തടങ്കലിനെക്കുറിച്ച് അറിഞ്ഞതിന് ശേഷം താനും ഭർത്താവും പൊലീസ് സ്റ്റേഷൻ സന്ദർശിച്ചതായും അവർ പറഞ്ഞു. തങ്ങൾ പൊലീസ് സ്റ്റേഷന് പുറത്ത് രാത്രി 2.30 വരെ കാത്തിരുന്നെങ്കിലും അവർ അവനെ വിട്ടയച്ചില്ല. അമ്മ മരിച്ചതു മുതൽ കുട്ടിയെയും മൂത്ത സഹോദരിയെയും വളർത്തിയിരുന്നത് തങ്ങളാണെന്നും മുത്തശ്ശി പറഞ്ഞു. അവന് പ്രായം കുറവാണെന്ന് പൊലീസുകാരോട് പറഞ്ഞപ്പോള്‍, അവന്റെ സല്‍സ്വഭാവം സാക്ഷ്യപ്പെടുത്തുന്ന 15 പ്രാദേശവാസികളുടെ കത്ത് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടതായും മുത്തശ്ശി ടെലിഗ്രാഫിനോട് പറഞ്ഞു. പൊലീസ് പറഞ്ഞ ബോണ്ട് ഒപ്പിടാൻ ഞങ്ങൾ 20 പേരെ കൊണ്ടുപോയി. അതിനുശേഷം ഞങ്ങളെ ഉപദ്രവിച്ചിട്ടില്ലെന്നും മുത്തശ്ശി പറഞ്ഞു.

Share this news

           

RELATED NEWS

kashmir