പാലക്കാട് ജില്ലയിലെ നെല്‍കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കും: എ കെ ബാലന്‍


തിരുവനന്തപുരം> പാലക്കാട് ജില്ലയിലെ നെല്‍ക്കര്‍ഷകര്‍ക്കുണ്ടായ പ്രതിസന്ധി  പരിഹരിക്കുന്നതിനായി അടിയന്തിര സഹായം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി എ കെ ബാലന്‍. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യമാകെ അടച്ചിടാന്‍ തീരുമാനിച്ചത് പാലക്കാട് ജില്ലയിലെ നെല്‍ കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

 കര്‍ഷകര്‍ക്ക് വന്നിട്ടുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് കര്‍ഷകസംഘം നേതാവ് കെ വി രാമകൃഷ്ണന്‍  കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുമായി സംസാരിച്ചു. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് വേണ്ട അടിയന്തിര സഹായം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടും.

പാലക്കാട് ജില്ലയില്‍ കര്‍ഷകരുടെ വീടുകളില്‍ ചെന്ന് അളവും ഗുണമേന്മയും കണക്കാക്കിയാണ് നെല്ല് സംഭരിക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ ഇങ്ങനെ വീടുകളില്‍ ചെന്ന് അളവും ഗുണമേന്മയും കണക്കാക്കുന്നത് സാധ്യമായിരുന്നില്ല. ഇത് പരിഹരിക്കുന്നതിന് കര്‍ഷകരുടെ പ്രതിനിധി അവരുടെ നെല്ല് ചാക്കിലാക്കി പ്രത്യേക സ്ഥലത്ത് എത്തിക്കാനും അവിടെ വെച്ച് അളവും തൂക്കവും കണക്കാക്കി സംഭരണം സുഗമമായി നടക്കുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

 നെല്ല് സംഭരണവുമായി ബന്ധപ്പെട്ട കര്‍ഷകരുടെ ആശങ്കകള്‍ അതാത് സമയം തന്നെ ഇടപെട്ട് പരിഹരിച്ചിട്ടുണ്ട്.പാലക്കാടെ പാടശേഖര സമിതികളും മറ്റ് നെല്‍കര്‍ഷകരും തമിഴ്‌നാട്ടില്‍ നിന്നും കൊയ്ത്തുയന്ത്രം വാടകയ്‌ക്കെടുത്താണ് കൃഷി ചെയ്യുന്നത്. ലോക്ക്ഡൗണ്‍ വന്നതിന്റെ ഭാഗമായി സംസ്ഥാന അതിര്‍ത്തികള്‍ അടച്ചതിനാല്‍ കൊയ്ത്തുയന്ത്രം ലഭ്യമാകാത്ത സ്ഥിതിയുണ്ട്. ഇക്കാര്യം പരിഹരിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Share this news

           

RELATED NEWS

എ കെ ബാലന്‍