ബനാറസ് ഹിന്ദു സർവകലാശാലയിൽ കളിസ്ഥലത്ത് നിന്ന് ആർ‌എസ്‌എസ് പതാക നീക്കം ചെയ്ത ഉദ്യോഗസ്ഥയ്ക്ക് നിർബന്ധിത രാജി;മതവിശ്വാസത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് പോലീസ് കേസും

 ബനാറസ് ഹിന്ദു സർവകലാശാല കാമ്പസിലെ കളിസ്ഥലത്ത് നിന്ന് ആർ‌എസ്‌എസ് പതാക നീക്കം ചെയ്ത ഒരു മുതിർന്ന ഉദ്യോഗസ്ഥ അവരുടെ സ്ഥാനം രാജിവെയ്ക്കാൻ നിർബന്ധിതയായി. മതവിശ്വാസത്തെ വൃണപ്പെടുത്തി എന്ന് ആരോപിച്ച്‌ ഉത്തർപ്രദേശ് പൊലീസ് ഇവർക്കെതിരെ കേസെടുക്കുകയും ചെയ്തു.

ആർ.എസ്.എസിൽ അംഗങ്ങളായ വിദ്യാർത്ഥികൾ ചൊവ്വാഴ്ച രാവിലെ ക്യാമ്പസിൽ ‘ശാഖ’ നടത്തിയതിനെ തുടർന്നാണ് മിർസാപൂരിലെ പ്രശസ്തമായ സർവകലാശാലയിലെ ഡെപ്യൂട്ടി ചീഫ് പ്രോക്ടറായ കിരൺ ദാമ്ലെ പതാക നീക്കം ചെയ്തത്. വിദ്യാർത്ഥികൾ പിന്നീട് കാമ്പസിൽ പ്രതിഷേധ പ്രകടനം നടത്തിയതിനെ തുടർന്ന് കിരൺ ദാമ്ലെ രാജി വെയ്ക്കാൻ നിർബന്ധിതയായി. എന്നാൽ കിരൺ ദാമ്ലെയുടെ പ്രശ്‌നങ്ങൾ അവിടെ അവസാനിച്ചില്ല. പ്രാദേശിക ആർ‌എസ്‌എസ് യൂണിറ്റ് പരാതി നൽകിയതിനെ തുടർന്ന്, മതവിശ്വാസത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് പൊലീസ് അവർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു.

ഉദ്യോഗസ്ഥ പറയുന്നത് താൻ സ്ഥാപനത്തിന്റെ നിയമങ്ങൾ പാലിക്കുക മാത്രമാണ് ചെയ്തതെന്നാണ്. പതാക സ്വയം നീക്കം ചെയ്യാൻ ഞാൻ ശാഖ അംഗങ്ങളോട് ആവശ്യപ്പെട്ടെങ്കിലും അവർ ശ്രദ്ധിച്ചില്ല. അതിനാൽ ഞാൻ പതാക എടുത്ത് എന്റെ പ്യൂണിന് നൽകി. അവർ എന്റെ പിന്നാലെ വന്നപ്പോൾ, പതാക ഉയർത്താൻ അവർക്ക് അനുവാദമില്ലെന്ന് ഞാൻ പറഞ്ഞു. അവർ നിർബന്ധിച്ചപ്പോൾ സ്റ്റേഡിയത്തിനുള്ളിൽ പതാക അനുവദിക്കില്ല എന്ന് ഞാൻ തീർത്തും പറഞ്ഞു ”കിരൺ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

രാവിലെ 6 മണി മുതൽ പ്രാണായാമവും യോഗയും അഭ്യസിക്കുകയായിരുന്നു. അതിനിടെ കിരൺ ദാമ്ലെ വന്ന് പതാകയെ അപമാനിച്ചു. സർവകലാശാല ഏതെങ്കിലും ഒരു സമുദായത്തെ പ്രത്യേകമായി അനുകൂലിക്കാത്തതിനാൽ ഒരു ശാഖയെയും ഇവിടെ അനുവദിക്കില്ലെന്ന് ഉദ്യോഗസ്ഥ പറഞ്ഞതായി ആർ.എസ്.എസ് അംഗങ്ങളായ വിദ്യാർത്ഥികൾ പറഞ്ഞു.

Share this news

           

RELATED NEWS

BHU ,rss