ജാർഖണ്ഡിൽ ബിജെപിക്ക് തിരിച്ചടി;എല്‍.ജെ.പിക്ക് പിന്നാലെ എ.ജെ.എസ്.യുവും സഖ്യം വിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്

  ജാര്‍ഖണ്ഡില്‍ ബി.ജെ.പിക്ക് തിരിച്ചടിയായി സഖ്യകക്ഷികള്‍ എന്‍.ഡി.എ വിടുന്നു. എല്‍.ജെ.പിക്ക് പിന്നാലെ സഖ്യത്തില്‍നിന്നും പിന്‍മാറുന്നെന്ന സൂചന നല്‍കി ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍ (എ.ജെ.എസ്.യു).

ശക്തമായ ഒരു സര്‍ക്കാരാണ് തങ്ങളുടെ ലക്ഷ്യമെന്നും പരമാവധി സ്ഥലങ്ങളില്‍ വിജയിക്കുന്നതിലൂന്നിയാവും പ്രവര്‍ത്തനമെന്നും എ.ജെ.എസ്.യു വക്താവ് ദേവ്ശരണ്‍ ഭഗത് പറഞ്ഞു. സഖ്യത്തിനൊപ്പം ചേരാതെ ഒറ്റയ്ക്ക് മത്സരിക്കുമെന്ന സൂചനയാണ് എ.ജെ.എസ്.യു നല്‍കുന്നത്.

‘ജാര്‍ഖണ്ഡില്‍ ശക്തമായ സര്‍ക്കാരുണ്ടാകണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. തുടര്‍ന്ന് ജാര്‍ഖണ്ഡിലെ പ്രശനങ്ങളെല്ലാം പരിഹരിക്കപ്പെടും. തെരഞ്ഞെടുപ്പിന് മുമ്പുണ്ടായിരുന്ന അവസ്ഥയെച്ചൊല്ലി ചോദ്യങ്ങളൊന്നുമില്ല. പരമാവധി സീറ്റുകളില്‍ വിജയം നേടാന്‍ മാത്രമാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്’, ദേവ്ശരണ്‍ പറഞ്ഞു.നിയമസഭാ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തെച്ചൊല്ലി സഖ്യത്തില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു. എ.ജെ.എസ്.യുവില്‍നിന്നും എല്‍.ജെ.പിയില്‍നിന്നും പാര്‍ട്ടി വെല്ലുവിളികള്‍ നേരിടുകയാണ്.

ബി.ജെ.പി അവരുടെ സംസ്ഥാന അധ്യക്ഷന്‍ ലക്ഷ്മണ്‍ ഗിലുവയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ചക്രധര്‍പൂര്‍ നിയമസഭാ സീറ്റില്‍ എ.ജെ.എസ്.യുവും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരുന്നു.

ജാര്‍ഖണ്ഡില്‍ മത്സരിക്കാന്‍ 19 സീറ്റുകള്‍ വേണമെന്ന് എ.ജെ.എസ്.യു ആവശ്യപ്പെട്ടെങ്കിലും ഒമ്പത് സീറ്റില്‍ കൂടുതല്‍ നല്‍കാന്‍ തയ്യാറല്ലെന്നാണ് ബി.ജെ.പി അറിയിച്ചത്.

Share this news

           

RELATED NEWS

Jharkhand ,BJP