ബിവറേജ്‌ പൂട്ടാൻ ഫേസ്‌ബുക്കിൽ ഉപദേശിച്ച ബിജെപി നേതാവ്‌ വ്യാജമദ്യവുമായി അറസ്‌റ്റിൽ


ഇരവിപേരൂർ > വ്യാജവിദേശ മദ്യവുമായി ബിജെപി പഞ്ചായത്ത് സെക്രട്ടറിയും സഹായിയും പിടിയിൽ. ലോക് ഡൗണിന്റെ മറവിൽ വ്യാജവിദേശമദ്യം വില്പന നടത്താൻ ശ്രമിക്കവെയാണ് ബി ജെ പിയുടെ ഇരവിപേരൂർ പഞ്ചായത്ത് സെക്രട്ടറി കിഴക്കനോതറ പഴയ കാവ് വേട്ടുകുന്നിൽ സുനിൽ ഓതറ (37) യും സഹായി ചെങ്ങന്നൂർ പുത്തൻകാവിൽ അങ്ങാടിക്കൽ കൊച്ചു പ്ലാമോടിയിൽ ഗോപു (21)വും പൊലീസ് പിടിയിലായത്. മൂന്നാം പ്രതിയായ ചെങ്ങന്നൂർ സ്വദേശി സുബിന്റെ മാരുതി സ്വിഫ്റ്റ് കാറും നാലര ലിറ്റർ മദ്യവും പൊലീസ് പിടികൂടി.


വെള്ളിയാഴ്ച രാത്രി ഒമ്പതരയ്ക്ക് ഓതറ വടികുളം ഇലഞ്ഞിമൂട്ടിൽ വച്ചാണ് സുനിൽ പൊലീസ് പിടിയിലായത്. ഇവിടെ പ്രവർത്തിക്കുന്ന ക്ലബിന്റെ ഭാരവാഹി കൂടിയായ സുനിൽ ക്ലബിന്റെ മറവിലാണ് മദ്യവില്പന നടത്തിവന്നത്. മയക്കുമരുന്നു കച്ചവടം നടക്കുന്നുവെന്ന വാർത്ത ദേശാഭിമാനി മുമ്പ്‌ നൽകിയിരുന്നു. പിടിയിലായ സുനിലിനെകൊണ്ട് തന്ത്രപരമായി വിളിച്ചുവരുത്തിയാണ് ഗോപുവിനെ പിടികൂടിയത്.


യുവമോർച്ച ജില്ലാ ഭാരവാഹി സുനിൽ കടുത്ത മുരളീധരപക്ഷക്കാരനായിരുന്നു. ഇടക്കാലത്ത് നേതൃത്വവുമായി ഇടഞ്ഞ് മാറി നിന്ന ഇയാൾ കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന പ്രസിഡൻറായതോടെയാണ് സജീവമായി രംഗത്തെത്തിയത്. കഴിഞ്ഞ മാസമാണ് ഇരവിപേരൂർ പഞ്ചായത്ത് സെക്രട്ടറിയായി നിയമിതനായത്.


പത്തനംതിട്ട പൊലീസ് മേധാവി കെ ജി സൈമണ് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് രണ്ടു ദിവസമായി ഇവർ സ്പെഷ്യൽ ബ്രാഞ്ച് നിരീക്ഷണത്തിലായിരുന്നു. തിരുവല്ല സിഐ പി എസ് വിനോദ്, എസ് ഐമാരായ സലീം, എം ആർ സുരേഷ്, ഉണ്ണി, എഎസ്ഐ ബി സാബു, സിപിഒമാരായ അരുൺ, ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരിൽനിന്നും ലഭിച്ച മദ്യത്തിന്റെ ഉറവിടത്തെപ്പറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്‌ ചെയ്‌തു‌.

Share this news

           

RELATED NEWS

BJP