ഫ്രാൻസ് ലോകചാംപ്യന്മാർ

റഷ്യന്‍ മണ്ണില്‍ കപ്പില്‍ മുത്തമിട്ട് ഫ്രഞ്ച് പട. ആവേശകരമായ മത്സരത്തില്‍ ക്രൊയേഷ്യയെ 4-2ന് തോല്‍പ്പിച്ചാണ് ഫ്രാന്‍സിന്റെ കുതിപ്പ്. 20 വര്‍ഷത്തിനുശേഷമാണ് ഫ്രാന്‍സ് ലോകചാംപ്യന്മാരാകുന്നത്. ഹൃദയം കവര്‍ന്ന പ്രകടനത്തിനൊടുവില്‍ രണ്ടാം സ്ഥാനവുമായി ക്രൊയേഷ്യ മടങ്ങി.
രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് ലോകജേതാക്കളായത്. 2006 ല്‍ സിനദിന്‍ സിദാന്‍ ചുണ്ടോളം കൊണ്ടുവന്നെത്തിച്ച കപ്പില്‍ ദെഷാംപിന്റെ യുവനിര മുത്തമിട്ടു. കളിക്കാരനായും പരിശീലകനായും ലോകകിരീടമെന്ന നേട്ടം ദിദിയര്‍ ദെഷാംപ്‌സ് സ്വന്തമാക്കി.
ക്രൊയേഷ്യയുടെ സര്‍വാധിപത്യത്തിലൂടെയായിരുന്നു കളി തുടങ്ങിയത്. ആദ്യ 15 മിനിറ്റില്‍ തന്നെ ആക്രമണവും പ്രതിരോധവും സമന്വയിപ്പിച്ച ടോട്ടല്‍ ഫുട്‌ബോള്‍ മോഡ്രിച്ചും സംഘവും കാഴ്ചവെച്ചപ്പോള്‍ ഫ്രാന്‍സ് വിയര്‍ക്കുമെന്ന് തോന്നിച്ചു. എന്നാല്‍ 19-ാം മിനിറ്റില്‍ ഫ്രീകിക്ക് ഗോളാക്കി മാറ്റി ഫ്രാന്‍സ് കളിയിലേക്ക് തിരിച്ചുവന്നു.
ഫ്രാന്‍സിന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് തടയാനായി ഉയര്‍ന്ന് ചാടിയ മാന്‍ഡ്‌സുകിച്ചിന്റെ തലയില്‍ കൊണ്ട പന്ത് ക്രൊയേഷ്യന്‍ ഗോള്‍കീപ്പര്‍ സുബാസിച്ചിനെ കടന്നു വലയില്‍ പതിക്കുകയായിരുന്നു.

ഗ്രീസ്മാനായിരുന്നു ഫ്രഞ്ച് പടയുടെ ഫ്രീകിക്കെടുത്തത്.
എന്നാല്‍ 10 മിനിറ്റിനുള്ളില്‍ പെരിസിച്ചിലൂടെ ക്രൊയേഷ്യ തിരിച്ചടിച്ചതോടെ കളി ആവേശത്തിലായി. വിദയുടെ അസിസ്റ്റില്‍ നിന്നായിരുന്നു പെരിസിച്ചിന്റെ ഗോള്‍.
ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് ഗ്രീസ്മാന്‍ പെനാല്‍റ്റിയിലൂടെ ഫ്രാന്‍സിന് ലീഡ് സമ്മാനിച്ചു. 36-ാം മിനിറ്റിലായിരുന്നു ഗ്രീസ്മാന്റെ ഗോള്‍.
രണ്ടാം പകുതി തുടങ്ങി 59-ാം മിനിറ്റില്‍ പോള്‍ പോഗ്‌ബെ ഫ്രാന്‍സിന് വീണ്ടും ലീഡ് നല്‍കി. ആരവം അടങ്ങും മുന്‍പ് 65-ാം മിനിറ്റില്‍ എംബാപ്പെയും ഫ്രാന്‍സിനായി ഗോള്‍ നേടി.
എന്നാല്‍ 69ാം മിനിറ്റില്‍ ഫ്രഞ്ച് ഗോള്‍കീപ്പര്‍ ലോറിസിനെ കബളിപ്പിച്ച് മാന്‍ഡ്‌സുകിച്ച് ക്രൊയേഷ്യയ്ക്കായി രണ്ടാം ഗോള്‍ നേടി പ്രതീക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല

Share this news

           

RELATED NEWS

Fifa world cup 2018