തഹസിൽദാറുടെ മകളെയടക്കം രണ്ട്‌ പെൺകുട്ടിളെക്കൂടി ജോളി കൊല്ലാൻ ശ്രമിച്ചിരുന്നതായി പൊലീസ്‌


കോഴിക്കോട് > കൂടത്തായി കേസില്‍ അറസ്റ്റിലായ ജോളി മറ്റൊരു വീട്ടിലും കൊലപാതക ശ്രമം നടത്തിയിട്ടുള്ളതായി വെളിപ്പെടുത്തി എസ്‌പി കെ ജി സൈമണ്‍. പൊന്നാമറ്റം വീട്ടില്‍ രണ്ടു കുട്ടികളെയാണ് ജോളി കൊല്ലാന്‍ ശ്രമിച്ചതെന്ന് എസ്‌പി അറിയിച്ചു.

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി തഹസില്‍ദാറായ ജയശ്രീ, തന്റെ ആദ്യ ഭര്‍ത്താവ് റോയിയുടെ സഹോദരി റെഞ്ചി തോമസ് എന്നിവരുടെ പെണ്‍മക്കളെയാണ് ജോളി കൊല്ലാന്‍ ശ്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

ജോളിയെ മുഴുവന്‍ സമയവും നിരീക്ഷിക്കാന്‍ കോഴിക്കോട് ജയിലില്‍ പ്രത്യേക ഉദ്യോഗസ്ഥയെ നിരീക്ഷിച്ചിട്ടുണ്ട്. ജോളി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണു നടപടി. നേരത്തേ അവരെ ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയും നടത്തിയിരുന്നു.

അതിനിടെ റോയിയുടെ മരണം പ്രത്യേക എഫ്ഐആറാക്കി അന്വേഷിക്കുമെന്നും എസ്‌പി അറിയിച്ചു. റോയിയുടെ കേസിലാണു തെളിവുകള്‍ ലഭ്യമായത് എന്നുള്ളതിനാലാണിത്. ഇതില്‍ പ്രത്യേക ശ്രദ്ധ അനിവാര്യമാണെന്നും സൈമണ്‍ പറഞ്ഞു.

ജോളിയുടെ ഭര്‍ത്താവ് ഷാജു തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജോളിയെ സഹായിക്കാനോ പുറത്തിറക്കാനോ തങ്ങള്‍ ശ്രമിക്കില്ലെന്നു വ്യക്തമാക്കി നേരത്തേ ജോളിയുടെ സഹോദരന്‍ നോബി രംഗത്തെത്തിയിരുന്നു. റോയിയുടെ മരണശേഷം ഒസ്യത്തിന്റെ രേഖകള്‍ ജോളി തങ്ങളെ കാണിച്ചിരുന്നെന്നും അതു വ്യാജമെന്നു തോന്നിയതിനാല്‍ ജോളിയെ വഴക്കു പറഞ്ഞാണു തിരിച്ചുപോന്നതെന്നും നോബി പറഞ്ഞു.

‘റോയിയുടെ മരണശേഷം സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ തന്റെ സഹോദരങ്ങളും അളിയന്‍ ജോണിയും കൂടത്തായിയില്‍ പോയിരുന്നു. ഒസ്യത്തിന്റെ രേഖകള്‍ ജോളി കാണിക്കുകയും ചെയ്തു.

എന്നാല്‍ അതു വ്യാജമെന്നു തോന്നിയതിനാല്‍ ജോളിയെ വഴക്കു പറഞ്ഞാണു തിരിച്ചുപോന്നത്. സ്വത്തുതട്ടിപ്പിനെയും കൊലപാതകങ്ങളെയും കുറിച്ച് ഒന്നുമറിയില്ല. എന്നാല്‍ ജോളിയെ കേസില്‍ സഹായിക്കാനോ പുറത്തിറക്കാനോ ഞങ്ങളുണ്ടാവില്ല.’- നോബി പറഞ്ഞു.

പണമാവശ്യപ്പെട്ട് ജോളി തന്നെയും അച്ഛനെയും വിളിക്കുമായിരുന്നെന്നും നോബി പറഞ്ഞു. ‘ജോളിയുടെ ധൂര്‍ത്ത് അറിയാവുന്നതിനാല്‍ മക്കളുടെ അക്കൗണ്ടിലേക്കാണു പണമിട്ടിരുന്നത്. രണ്ടാഴ്ച മുന്‍പു വീട്ടിലെത്തിയപ്പോഴും അച്ഛനില്‍ നിന്നു പണം വാങ്ങിയാണു പോയത്.’- നോബി പറഞ്ഞു.

Share this news

           

RELATED NEWS

ജോളി