വിദ്യാഭ്യാസ രംഗത്തെ മികവിന് കേരളത്തിന് അംഗീകാരം; 'സ്റ്റാർസ്' പദ്ധതിയിലൂടെ 500 കോടി ലോകബാങ്ക് സഹായം; നീതി ആയോഗ് കണക്കുകൾക്ക് പുറമെ മാനവവിഭവശേഷി മന്ത്രാലയം നടത്തിയ ഗുണനിലവാര സൂചികയിലും കേരളത്തിനായിരുന്നു ഒന്നാംസ്ഥാനം


ലോകബാങ്ക് സഹായത്തോടെ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം നടപ്പാക്കുന്ന സ്റ്റാർസ് (സ്ട്രെങ്തനിങ് ടീച്ചിങ്-ലേണിങ് ആൻഡ് റിസൽട്‌സ് ഫോർ സ്റ്റേറ്റ്‌സ്) പദ്ധതിയിൽ കേരളവും. അടുത്തിടെ പുറത്ത് വന്ന നീതി ആയോഗ് സ്കൂൾ വിദ്യാഭ്യാസ നിലവാര പട്ടികയിൽ ഒന്നാമത് എത്തിയതുൾപ്പെടെയുള്ള മുന്നേറ്റങ്ങളാണ് കേരളത്തിന് സഹായം ലഭിച്ചതിന് പിന്നിൽ. പദ്ധതിയുടെ ഭാഗമാവുന്നതോടെ ആറുവർഷത്തിനിടെ 500 കോടി രൂപ സംസ്ഥാനത്തിന് സാമ്പത്തിക സഹായം കിട്ടുമെന്നാണ് വിലയിരുത്തൽ
പഠനനിലവാരം വിലയിരുത്തുന്നതിനുള്ള സംവിധാനം മെച്ചപ്പെടുത്തുക, സാമൂഹികമായും ലിംഗപരമായും തുല്യത വിദ്യാഭ്യാസത്തിൽ നടപ്പാക്കുക, പ്രീ-സ്കൂൾ ഫലപ്രദമാക്കുക, അധ്യാപകരുടെ നിലവാരം മെച്ചപ്പെടുത്തൽ, പഠനന്യൂനത പരിഹാര സംവിധാനം, കുട്ടികൾക്ക് ഹയർ സെക്കൻഡറിവരെ പഠനം ഉറപ്പാക്കുക. കൊഴിഞ്ഞുപോക്ക് തടയുക, വികേന്ദ്രീകൃത ഭരണത്തിലൂടെ വിദ്യാഭ്യാസ സേവനഗുണനിലവാരം മെച്ചപ്പെടുത്തൽ എന്നിവയാണ് പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം പദ്ധതിയിൽ കേരളത്തിനുപുറമേ ഹിമാചൽപ്രദേശ്, ഒഡിഷ, രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ ആറ് സംസ്ഥാനങ്ങളും ഉൾപ്പെടുന്നതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളം ഹിമാചൽ പ്രദേശ്, ഒഡിഷ സംസ്ഥാനങ്ങൾക്ക് വിദ്യാഭ്യാസരംഗത്തെ മികവ് തുണയായപ്പൾ മറ്റ് മൂന്ന് സംസ്ഥാനങ്ങളെ പിന്നാക്കാവസ്ഥ കണക്കിലെടുത്താണ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. നീതി ആയോഗ് കണക്കുകൾക്ക് പുറമെ മാനവവിഭവശേഷി മന്ത്രാലയം നടത്തിയ സ്കൂൾവിദ്യാഭ്യാസ സർവേയിലും അക്കാദമിക് മേഖല, അടിസ്ഥാനസൗകര്യം, ഭരണസംവിധാനം എന്നിവ സംബന്ധിച്ച ഗുണനിലവാര സൂചികയിൽ കേരളത്തിനായിരുന്നു ഒന്നാംസ്ഥാനം. ആയിരത്തിൽ 826 പോയന്റ് നേടിയ മികവ് പദ്ധതിയിൽ ഉൾപ്പെടാൻ കേരളത്തെ സഹായിച്ചു.
മന്ത്രാലയം സമർപ്പിച്ച പട്ടിക ലോകബാങ്കും അംഗീകരിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പ്രോഗ്രാം ഫോർ ഇന്റർനാഷണൽ സ്റ്റുഡന്റ് അസസ്‌മെന്റ് (പിസ) പരീക്ഷ 2021 നായി വിദ്യാർഥികളെ ഒരുക്കുന്ന ലോകബാങ്കിന്റെ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനുമായി കേന്ദ്രസർക്കാർ കരാർ ഒപ്പിട്ടിരുന്നു. ഇതുപ്രകാരമാണ് ലോകബാങ്ക് സഹായം നൽകാനൊരുങ്ങുന്നത്. 5,425 കോടി രൂപയുടെതാണ് ഒരുങ്ങുന്ന പദ്ധതി. ഇതിൽ 3,500 കോടി രൂപ ലോകബാങ്ക് സഹായമായി ലഭിക്കും. പർവതപ്രദേശമെന്ന നിലയിൽ ഹിമാചൽപ്രദേശിന് പദ്ധതിച്ചെലവിന്റെ 90 ശതമാനം തുക അനുവദിക്കും. മറ്റ് സംസ്ഥാനങ്ങൾക്ക് 500 കോടി രൂപ വീതവും വകയിരുത്തും. പദ്ധതി നടപ്പാക്കാനുള്ള സംസ്ഥാനതല ഏജൻസിയായി സമഗ്രശിക്ഷാ അഭിയാൻ സൊസൈറ്റി ആയിരിക്കും പ്രവര്‍ത്തിക്കുക. എൻ.സി.ഇ.ആർ.ടി. അടക്കമുള്ള ദേശീയ വിദ്യാഭ്യാസ ഏജൻസികൾ പദ്ധതിക്കുള്ള സാങ്കേതിക-അക്കാദമിക സഹായം നൽകും. 

Share this news

           

RELATED NEWS

കേരളം, വിദ്യാഭ്യാസം