രാഷ്രീയ പാർട്ടി രൂപീകരിച്ച പഴയ കാലത്തേക്ക് തിരിച്ചു പോകുകയാണോ എന്ന് എൻ.എസ്.എസിനോട് കോടിയേരി ബാലകൃഷ്ണൻ


സ്വന്തമായി പാർട്ടി രൂപീകരിച്ച് രാഷ്ട്രിയത്തിൽ ഇടപെട്ട ചരിത്രമുള്ള എൻ.എസ്.എസ് ആ കാലത്തേക്ക് തിരിച്ചു പോകുകയാണോ എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൻ.എസ്.എസ് എന്ത് നിലപാട് കൈക്കൊള്ളണമെന്ന് സി.പി.എമ്മിന് പറയാനാവില്ല, എൻ എസ് എസിനോട് ശത്രുതയില്ല, സൗഹൃദമാണ് ഉള്ളതെന്നും കോടിയേരി പറഞ്ഞു. ആർ.എസ്.എസ്സിനോട് ചേരുന്നത് ധൃതരാഷ്ട്രാലിംഗമാണെന്ന് ബി.ഡി.ജെ.എസിനോട് മുന്നറിയിപ്പ് നൽകിയിരുന്നെന്നും അത് അവർക്ക് ബോധ്യപ്പെട്ടിട്ടിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.


ശരിദൂരമെന്ന നിലപാടിലൂടെ എൻ.എസ്.എസ് വോട്ടുകൾ യു.ഡി.എഫിലേക്ക് പോകുമെന്ന വിലയിരുത്തലുകൾക്കിടെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.


എൻ.ഡി.പി എന്ന പാർട്ടി രൂപീകരിച്ച ചരിത്രം ഓർമിപ്പിച്ചെങ്കിലും എൻ.എസ്.എസിനെ പ്രകോപിപ്പിക്കാൻ കോടിയേരി തയാറായില്ല. മുന്നോക്കക്കാരിലെ പാവപ്പെട്ടവർക്ക് സംവരണം നൽകിയ സർക്കാരാണ് സംസ്ഥാനത്തുള്ളത്. എസ്.എൻ.ഡി.പി വോട്ടുകൾ അനുകൂലമാകുമെന്ന പ്രതീക്ഷ പങ്ക് വെച്ച കോടിയേരി ബി.ഡി.ജെ.എസ് അനുഭവത്തിലൂടെ പഠിക്കട്ടെ എന്നും പറഞ്ഞു. ബി.ഡി.ജെ.എസ് ബി.ജെ.പിയെ കല്യാണം കഴിച്ച് കഴിയുകയാണ്. ഇതുവരെ മടുത്ത് കാണില്ല. മടുക്കുമ്പോ നിർത്തിക്കൊള്ളും. പാലാരിവട്ടം അഴിമതിയിൽ ആരെ അറസ്റ്റ് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് വിജിലൻസ് ആണെന്നും കോടിയേരി പറഞ്ഞു.


ഉപതിരഞ്ഞെടുപ്പില്‍ ശരിദൂര നിലപാട് പ്രഖ്യാപിച്ച എന്‍.എസ്.എസ് നേതൃത്വത്തെ കൂടുതല്‍ പ്രതികരണങ്ങള്‍ നടത്തി പ്രകോപിപ്പിക്കേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ധാരണയായിരുന്നു. നിലപാടിനെ വിമര്‍ശിച്ച് രംഗത്തുവന്നാല്‍ സ്ഥിതി വഷളാകുമെന്ന വിലയിരുത്തലിലാണ് സംയമം പാലിക്കാന്‍ തീരുമാനിച്ചത്.

Share this news

           

RELATED NEWS

കോടിയേരി ബാലകൃഷ്ണൻ