വിധിയെഴുത്തിന്‌ രണ്ടാഴ്‌ച; അഞ്ചിടത്തും പ്രചാരണം മുറുകി ; ആദ്യ റൗണ്ടിൽ എൽഡിഎഫിന്‌ മേൽക്കൈ


വിധിയെഴുത്തിന്‌ രണ്ടാഴ്‌ച ശേഷിക്കെ ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്ന അഞ്ചിടത്തും പ്രചാരണം കൊടുമ്പിരിയിലെത്തി. വട്ടിയൂർക്കാവ്‌, കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളിൽ വാശിയേറിയ ത്രികോണമത്സരം നടക്കുമ്പോൾ അരൂർ, എറണാകുളം മണ്ഡലങ്ങളിൽ എൽഡിഎഫും യുഡിഎഫും നേർക്കുനേർ പോരാട്ടത്തിലാണ്‌. പ്രചാരണം രണ്ടാംഘട്ടത്തിലെത്തിയതോടെ മത്സരത്തിന്‌ വീറും വാശിയും പകർന്ന്‌ മുതിർന്ന നേതാക്കളും കളത്തിൽ നിരന്നു.  കൺവൻഷനുകളിൽ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും പ്രചാരണത്തിന്‌ ചുക്കാൻ പിടിച്ച്‌ വീണ്ടുമെത്തും. കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ്‌ ചെന്നിത്തല എന്നിവരാണ്‌ യുഡിഎഫ്‌ പ്രചാരണത്തിന്‌ നേതൃത്വം നൽകുന്നത്‌. കേന്ദ്ര സഹമന്ത്രി വി മുരളീധരനും പി എസ്‌ ശ്രീധരൻപിള്ളയുമാണ്‌ ബിജെപി പക്ഷത്ത്‌.

അഞ്ചിടത്തും തെളിഞ്ഞ രാഷ്ട്രീയമത്സരം കാഴ്‌ചവച്ച്‌ എൽഡിഎഫ്‌ പ്രചാരണത്തിൽ മുന്നേറുമ്പോൾ യുഡിഎഫിന്റെ  നെഞ്ചിടിപ്പ്‌ കൂടുകയാണ്‌. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ വോട്ട്‌ നിലനിർത്താൻ കഴിയുമെന്ന ആത്മവിശ്വാസം ബിജെപിക്ക്‌ ചോർന്നിരിക്കുന്നു. അരൂർ നിലനിർത്തി യുഡിഎഫിന്റെ സിറ്റിങ്‌ സീറ്റുകൾ പിടിച്ചെടുക്കാനുള്ള ദൗത്യമാണ്‌ എൽഡിഎഫ്‌ ഏറ്റെടുത്തിരിക്കുന്നത്‌. സിറ്റിങ്‌ സീറ്റുകളിൽ പാലാ ആവർത്തിക്കുമോയെന്ന ഭീതിയിലാണ്‌ യുഡിഎഫ്‌ നേതൃനിര. കഴിഞ്ഞ തവണ 89 വോട്ടിന്‌ രണ്ടാമതായ മഞ്ചേശ്വരത്ത്‌ ഇത്തവണ കടുത്ത മത്സരമാണ്‌ ബിജെപി നേരിടുന്നത്‌. എൽഡിഎഫും യുഡിഎഫും മാറിമാറി വിജയിച്ച ഇവിടെ 2006 ആവർത്തിക്കാനാണ്‌ എൽഡിഎഫ്‌ ലക്ഷ്യമിടുന്നത്‌.

സർക്കാരിന്റെ ഭരണനേട്ടവും വികസനവും യുഡിഎഫ്‌ കാലത്തെ അഴിമതിയുമാണ്‌ എൽഡിഎഫ്‌ പ്രചാരണവിഷയങ്ങൾ. സിബിഐക്ക്‌ വിട്ട ടൈറ്റാനിയം അഴിമതി കേസ്‌, പാലാരിവട്ടം പാലം അഴിമതി എന്നിവയും സജീവ ചർച്ചയാണ്‌. ശബരിമലവിധിയുടെപേരിൽ വീണ്ടും വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ ഒളിഞ്ഞും തെളിഞ്ഞും കിണഞ്ഞു ശ്രമിക്കുകയാണ്‌ യുഡിഎഫും ബിജെപിയും. കിഫ്‌ബിയുടെപേരിൽ പുകമറ സൃഷ്ടിക്കാനുള്ള പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ നീക്കം ജനം തള്ളി. 

വട്ടിയൂർക്കാവിൽ   എൽഡിഎഫ്‌ സ്ഥാനാർഥി വി കെ പ്രശാന്ത്‌ ശക്തമായി മുന്നേറുകയാണ്‌. യുഡിഎഫ്‌ നേതൃത്വം വ്യക്തിഹത്യാശ്രമവുമായി രംഗത്തിറങ്ങിയത്‌ ഇതിലുള്ള വേവലാതിയാണ്‌ കാണിക്കുന്നത്‌. മുല്ലപ്പള്ളിയുടെ ഊതി വീർപ്പിച്ച ബലൂൺ പരാമർശവും കെ മുരളീധരന്റെ ബ്രോയിലർ വിളിയും വോട്ടർമാരെ ചൊടിപ്പിച്ചു. എത്ര ഊതിയാലും വീർക്കാത്ത ബലൂണാണ്‌ മുല്ലപ്പള്ളിയെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ തിരിച്ചടിച്ചു.

കോന്നിയിലും വികസനംതന്നെയാണ്‌ മുഖ്യ ചർച്ചാവിഷയം. എറണാകുളത്ത്‌ യുഡിഎഫ്‌ നഗരഭരണത്തിലെ കെടുകാര്യസ്ഥതയും വികസനമില്ലായ്‌മയുമാണ്‌ മുഖ്യ ചർച്ചാവിഷയം. റോഡുകളുടെ ശോച്യാവസ്ഥയും മാലിന്യപ്രശ്‌നവും തെരഞ്ഞെടുപ്പ്‌ രംഗം ചൂടുപിടിപ്പിച്ചിട്ടുണ്ട്‌. അരൂരിൽ കുടുംബയോഗത്തിൽ മന്ത്രി ജി സുധാകരൻ നടത്തിയ പരാമർശം യുഡിഎഫ്‌ വിവാദമാക്കിയെങ്കിലും അത്‌ ഏശിയിട്ടില്ല

Share this news

           

RELATED NEWS

LDF