ആറാം വയസ്സിൽ ഏറ്റുവാങ്ങേണ്ടിവന്നത് സെർബിയൻ തീവ്രവാദികൾ വെടിവെച്ചിട്ട മുത്തച്ഛന്റെ മൃതദേഹം. തുടർന്ന് യുഗോസ്ളാവ് അഭയാർഥിക്യാമ്പിലെ നരകതുല്യമായ ജീവിതം. സ്റ്റാലിന്റെ ശിഷ്യനായ മാർഷൽ ടിറ്റോയുടെ നാട്ടിൽ നിന്നും ഫുട്ബാളിന്റെ ആകാശത്തേക്കുയർന്ന ലുക്കാ മോഡ്രിച്ചിന്റെ സ്വപ്നതുല്യമായ കഥ ഇങ്ങനെ

വെൽബെട്ട കുന്നുകൾക്കിടയിലെ മോഡ്രിച്ചി എന്ന കുഗ്രാമത്തിലായിരുന്നു ഞങ്ങൾ. കന്നുകാലികളെ മേച്ചും മറ്റും ഉപജീവനം നടത്തുന്ന പരമ ദരിദ്രമായ ഒരു ഗ്രാമം. അച്ഛനുമമ്മയും ഫാക്ടറി തൊഴിലാളികൾ. അതിരാവിലെ പോയാൽ രാത്രി വൈകി തിരിച്ചു വരും. കുഞ്ഞു ലുക്കാക്കും അനുജത്തി ജാസ്മിനാക്കും കൂട്ട് മുത്തച്ഛൻ മാത്രം. 

സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം കിഴക്കൻ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെല്ലാം കലാപമായിരുന്നു. ഞങ്ങളുടെ നാട്ടിലും. 
ക്രോയേഷ്യൻ വംശജരായ ഞങ്ങളോട് സെർബിയക്കാർ നാടുവിട്ടുപോകാൻ ഭീഷണിപ്പെടുത്തുമായിരുന്നു. ഞങ്ങൾക്ക് ഇവിടമല്ലാതെ മറ്റെവിടെപ്പോകാൻ? മുത്തച്ഛൻ വഴങ്ങിയില്ല. ഞങ്ങൾ മോഡ്രിച്ചിൽ തന്നെ കഴിഞ്ഞു. 

1991 ഡിസംബർ 8 . അന്ന് മുത്തച്ഛൻ പതിവുപോലെ പശുക്കളെ കൊണ്ടുവരാൻ പോയതായിരുന്നു. ഏറെനേരം കഴിഞ്ഞു. ഫുട്ബാൾ കളിയ്ക്കാൻ പോയ താൻ കേട്ടത് ജാസ്മിനായുടെ അലമുറയിട്ടുള കരച്ചിൽ. അത് സംഭവിച്ചു. അവർ മുത്തച്ഛനെ വെടിവെച്ച് കൊന്നു. തന്റെ ഏറ്റവും പ്രിയപ്പെട്ടയാൾ.
പിന്നെ എല്ലാമെടുത്ത് ഞങ്ങൾ ഓടി രക്ഷപ്പെടുകയായിരുന്നു. അഭിയാർഥിക്കാമ്പിലെ നരകത്തിലേക്ക്. പറയുന്നത് ലുക്കാ ലുക്കാ മോഡ്രിച്ച്.

അത്രക്കനുഭവിച്ചിട്ടുണ്ട് കുഞ്ഞു ലുക്കാ. ഓർക്കാൻ വെറുക്കുന്ന തന്റെ കുഞ്ഞു നാളുകൾ. ആ കാലഘട്ടം... അതിൽ നിന്നെല്ലാം തങ്ങളെ രക്ഷിച്ചത് ഫുട്ബാൾ ആണ്. അതുകൊണ്ടു ലൂക്കയ്ക്കു ഫുട്ബാൾ വെറുമൊരു കളിയല്ല. അതിജീവനം തന്നെ.

അതുകൊണ്ടുതന്നെ, ഫ്രഞ്ചുകാർ കരുതിയിരിക്കണം നീളൻ മുടിയും നീലക്കണ്ണുകളുമുള്ള ഈ മുപ്പത്തിരണ്ടുകാരനെ. 

ഇന്ന് റയൽ മാഡ്രിഡിന്റെ മിന്നും താരമാണ് ലൂക്ക മോഡ്രിച്ച്. ലയണൽ മെസ്സിയെ ലോകകപ്പിൽ നിന്നും പറഞ്ഞയച്ചതിന്റെ മുഴുവൻ ക്രെഡിറ്റും ഒരുപക്ഷെ മോഡ്രിച്ചിനായിരിക്കും. അതിനു മുൻപ് സ്പാനിഷ് കപ്പിൽ നിന്നും കെട്ടുകെട്ടിച്ചതിൽ ക്രിസ്റ്റിയാനോ റൊണാൾഡോക്കൊപ്പം തന്നെ മോഡ്രിച്ച്‌മുണ്ടായിരുന്നു. ഇന് ലോകത്തിലെ ഏറ്റവും മികച്ച കാല്പന്തുകളിക്കാരിലൊരാൾ. ലോക കിരീടത്തിലേക്കു ഇനി ചെറിയ ഒരു ചുവടുകൂടി. ഇംഗ്ലണ്ടിനെ തകർത്ത്‌ ഫൈനലിലെത്തിയ ആ രാത്രിയിൽ ലൂക്ക ഓർത്തത് മുത്തച്ഛനെപ്പറ്റി  മാത്രം. താനും തന്റെ കുഞ്ഞനുജത്തിയും കളിച്ചുനടന്ന ക്രൊയേഷ്യ-സെർബിയ അതിർത്തിയിലെ വെൽബെട്ട കുന്നുകളുടെ താഴ്വരകളെപ്പറ്റി. 

ഇന്ന് ക്രോയേഷ്യയിലെ വീരനായകനാണ് മോഡ്രിച്. ക്രൊയേഷ്യൻ ദേശീയതയുടെ പ്രതിബിംബം. കളിക്കളത്തിലെ പുറത്തും അവസാനിക്കാത്ത അതിജീവനത്തിന്റെ പ്രതീകം. 

"യുദ്ധം തുടങ്ങിയപ്പോൾ ഞങ്ങളെല്ലാം അഭയാർഥികളായി മാറി. മണ്ണിൽ നിന്നും പറിച്ചെറിയപ്പെട്ടു. ഒരിക്കലും ഒരിക്കലും ഇത് ഓർക്കരുതെന്നും പറയരുതെന്നും കരുതിയിരുന്നു," മോഡ്രിച്ച് പറയുന്നു.

കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ ഏറ്റവും അധികം യുദ്ധങ്ങൾക്ക് സാക്ഷിയായ ജനതയാണ് ക്രൊയേഷ്യക്കാർ. 1914 മുതൽ 19 വരെ തുർക്കി ഓട്ടോമൻ സാമ്രാജ്യത്വത്തിനെതിരെ നടന്ന ഒന്നാം ബാൽക്കൻ യുദ്ധം. പിന്നെ ഹിറ്റ്ലറുടെ റഷ്യയിലേക്കുള്ള പടയോട്ടങ്ങൾ. സ്റ്റാലിന്റെ ചുകപ്പൻ പടയാളികൾ നാസികളെ അതേവഴിയിലൂടെ തിരിച്ചോടിച്ചു. ഒടുവിൽ തന്റെ സുഹൃത്തും യൂഗോസ്ലാവ് കമ്യൂണിസ്റ് പാർട്ടിയുടെ നേതാവുമായ മാർഷൽ റ്റിറ്റോയെ അധികാരമേൽപ്പിച്ച് സ്റ്റാലിൻ പോയി. പിന്നെ 40 വര്ഷം ടിറ്റോ യുടെ ഭരണം. അതിനുശേഷം പട്ടാളഭരണം. പിന്നെ 1989 ഓടെ സോവിയറ്റു പതനത്തിനുശേഷം നടന്ന വംശീയ യുദ്ധം. 1.4 ലക്ഷം ജനങ്ങൾ കൊല്ലപ്പെടുകയും 4 ലക്ഷത്തിലധികം ആളുകൾ ലൂക്കയെ പോലെ അഭയാർത്ഥികളാകുകയും ചെയ്ത വർണവെറിയുടെ, വംശീയ ഉന്മൂലനത്തിന്റെ നാളുകൾ. അതിനെല്ലാം ഇടയിൽ ചതച്ചരക്കപ്പെട്ട ജീവിതമായിരുന്നു മോഡ്രിച്ചിന്റെതു. 

1998 ലെ ലോകകപ്പോടെ ക്രൊയേഷ്യ ഫുട്ബാൾ ഭൂപടത്തിൽ സ്ഥാനം പിടിച്ച ശേഷം യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകളെല്ലാം ലാറ്റിനമേരിക്കയിലേക്കും ആഫ്രിക്കയിലേക്കുമെന്നപോലെ കിഴക്കൻ യൂറോപ്പിലെ കുഞ്ഞ് രാജ്യങ്ങളിലേക്കും പ്രതിഭകളെ തെരഞ്ഞു പോയി. അങ്ങനെയാണ് ഡൈനാമോ സിഗ്രെബ് എന്ന ചെറിയ ക്ലബ്ബിൽ കളിക്കുന്ന പതിനെട്ടു  വയസുകാരനെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ടോട്ടൻഹാം ഹോട് സ്‌പർ കണ്ടെടുക്കുന്നത്. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല മോഡ്രിച്ചിന്. 

മെസ്സിയും റൊണാൾഡൊയുമെല്ലാം പാതിവഴിക്കിറങ്ങിപ്പോയ ലോകകപ്പിന്റെ അവസാനിക്കാത്ത ആവേശമാവുകയാണ് ഇന്ന് മോഡ്രിച്ച്. ഗാലറിയിൽ ഓരോ മത്സരവും കണ്ടു പ്രോത്സാഹിപ്പിച്ചിരുന്ന ക്രോയേഷ്യൻ പ്രസിഡന്റ് ഗ്രബാർ കിറ്ററോവിച്ച് പറഞ്ഞതും ഒരു പക്ഷെ അതായിരിക്കാം. മുത്തച്ഛന് വേണ്ടി ഈ ലോകകപ്പ് നേടാൻ. ലുക്കാ മോഡ്രിച്ചിന് അത് കഴിയുമോ എന്നതിനുത്തരം ഞായറാഴ്ച അറിയാം. 

Share this news

           

RELATED NEWS

Luca modric