'അയോധ്യയില്‍ കര്‍സേവകര്‍ക്കു നേരെ വെടിയുതിര്‍ക്കരുതെന്ന് പൊലീസിനു നിര്‍ദേശം നല്‍കിയിരുന്നു' ; വെളിപ്പെടുത്തലുമായി കല്യാണ്‍ സിങ്

അയോധ്യയില്‍ 1992ല്‍ ഒത്തുകൂടിയ കര്‍സേവകര്‍ക്കു നേരെ വെടിയുതിര്‍ക്കരുതെന്ന് പൊലീസിനു നിര്‍ദേശം നല്‍കിയിരുന്നതായി, അന്നത്തെ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ കല്യാണ്‍ സിങ്. കര്‍സേവകരെ നിയന്ത്രിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ മാത്രമേ സ്വീകരിക്കാവൂ എന്ന് പൊലീസിന് ഉത്തരവ് നല്‍കിയിരുന്നെന്നും കല്യാണ്‍ സിങ് പറഞ്ഞു.

മൂന്നു ലക്ഷം കര്‍സേവകരാണ് അന്ന് അവിടെ തമ്പടിച്ചിരുന്നത്. വെടിവയ്പ് നടക്കുകയാണെങ്കില്‍ ഒട്ടേറെപ്പേര്‍ക്കു ജീവന്‍ നഷ്ടമാവുമായിരുന്നു. രാജ്യത്തെ പല പ്രദേശങ്ങളില്‍നിന്നുള്ളവരാണ് അയോധ്യയില്‍ എത്തിയിരുന്നത്. അതുകൊണ്ടുതന്നെ വെടിവയ്പുണ്ടാവുകയും ആളുകള്‍ കൊല്ലപ്പെടുകയും ചെയ്താല്‍ യുപിയില്‍ മാത്രമല്ല, രാജ്യത്തെമ്പാടും പ്രശ്‌നമായി മാറുമായിരുന്നു. കര്‍സേവകരില്‍ ഒരാള്‍ പോലും കൊല്ലപ്പെട്ടില്ല എന്നതില്‍ തനിക്ക് അഭിമാനമുണ്ട് എന്ന് കല്യാണ്‍ സിങ് പറഞ്ഞു.

ഭഗവാന്‍ രാമന്റെ പേരില്‍ സര്‍ക്കാരിനു പുറത്തുപോവേണ്ടി വന്നതില്‍ ഖേദമൊന്നുമില്ല. തനിക്ക് ശ്രീരാമനില്‍ ആഗാധമായ വിശ്വാസമാണ് ഉള്ളതെന്ന് കല്യാണ്‍ സിങ് പറഞ്ഞു. അഞ്ഞൂറു വര്‍ഷം നീണ്ട ശ്രമം ഫലത്തില്‍ എത്തുകയാണ്, അയോധ്യയിലെ രാമക്ഷേത്രത്തിനു ശിലയിടുന്നതിലൂടെ സംഭവിക്കുന്നതെന്ന മുന്‍ യുപി മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

 

Share this news

           

RELATED NEWS

Ayodhya ,kalyan singh