പദവികള്‍ കാറിനും വീടിനും വേണ്ടി മാത്രമുള്ളതല്ല; അന്തസ്സോടെയും അഭിമാനത്തോടെയും പ്രവര്‍ത്തിക്കാന്‍ കഴിയണം: സച്ചിന്‍ പൈലറ്റ്


ജയ്പൂര്‍: രാഷ്ട്രീയ പദവികള്‍ കാറിനും വീടിനും വേണ്ടി മാത്രമുള്ളതാകരുതെന്ന് സച്ചിന്‍ പൈലറ്റ്. എന്‍ഡിടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സച്ചിന്റെ പ്രതികരണം.

‘ഞാന്‍ രാജസ്ഥാനിലെ ഉപമുഖ്യമന്ത്രിയായിരുന്നു. പാര്‍ട്ടി പ്രസിഡന്റായും ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ഒരു കാറിനും വലിയ വീടിനും വേണ്ടി മാത്രമല്ല ഓരോ പദവികളും. രാജസ്ഥാനിലെ ഓരോരുത്തര്‍ക്ക് വേണ്ടിയും പ്രവര്‍ത്തിക്കാന്‍ കഴിയണം. ഇതിനെക്കാളുപരി എന്റെതായ ഇടങ്ങളില്‍ സ്വാഭിമാനത്തോടെ പ്രവര്‍ത്തിക്കാന്‍ ഈ പദവികളിലൂടെ കഴിയണം. ഇതാണ് ഞാന്‍ പാര്‍ട്ടിനേതൃത്വത്തിനു മുന്നിലും പറയാന്‍ ശ്രമിച്ചത്. ഈ നടന്ന പ്രതിസന്ധികളൊന്നും തന്നെ വ്യക്തിപരമല്ല. വ്യക്തികള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങളല്ല. സാമൂഹിക പ്രതിബദ്ധതയുള്ള രാഷ്ട്രീയപ്രവര്‍ത്തകരാണ് ഞങ്ങള്‍. ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാവണം ഓരോ പ്രവര്‍ത്തനമെന്നും ഞാന്‍ വിശ്വസിക്കുന്നു’- സച്ചിന്‍ എന്‍ഡിടിവിയോട് പറഞ്ഞു.
അതേസമയം താന്‍ എന്നും കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പം തന്നെയാണെന്നും അതുകൊണ്ട് തന്നെ ഇപ്പോഴത്തേതിനെ ഒരു തിരിച്ചുവരവ് എന്ന് പറയരുതെന്നും അദ്ദേഹം നേരത്തേ പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് വിട്ട് ഞാന്‍ എങ്ങോട്ടും പോയിട്ടില്ല. പിന്നെ എങ്ങനെ തിരിച്ചുവരും. രാജസ്ഥാന്‍ സര്‍ക്കാരിന്റെ ചില നടപടികളില്‍ ഞങ്ങള്‍ക്ക് വിയോജിപ്പ് രേഖപ്പെടുത്തേണ്ടതുണ്ടായിരുന്നു അത് ചെയ്തു.

എം.എല്‍.എമാര്‍ക്കൊപ്പം റിസോര്‍ട്ടില്‍ പോയി താമസിക്കുകയല്ലാതെ തന്റെ മുന്നില്‍ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലായിരുന്നെന്നും പൈലറ്റ് ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Share this news

           

RELATED NEWS

സച്ചിന്‍ പൈലറ്റ്