കൊറോണ: സാമൂഹ്യ പെൻഷൻ മാർച്ച് 27 മുതൽ വിതരണം ചെയ്യുമെന്ന് മന്ത്രി തോമസ് ഐസക്


കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് 27 മുതൽ സാമൂഹ്യ പെൻഷൻ വിതരണം ചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക്. പ്രതിസന്ധി കാലത്ത് ജനങ്ങളുടെ കയ്യിൽ പണമെത്തിക്കുമെന്ന വാഗ്ദാനത്തിന്റെ ആദ്യഘട്ടം കേരള സർക്കാർ പാലിക്കുകയാണെന്നും 2019 ഒക്ടോബർ, നവംബർ മാസങ്ങളിലെ പെൻഷൻ ഈ മാസം 27-ാം തിയതി മുതൽ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.


സാമൂഹ്യ സുരക്ഷാ പെൻഷനായി 1069 കോടി രൂപയും വെൽഫെയർ ബോർഡ് വഴി 149 കോടി രൂപയുമാണ് വിതരണം ചെയ്യുക. മസ്റ്റർ ചെയ്ത എല്ലാപേർക്കും ഈ പെൻഷൻ ലഭിക്കും.


സമ്പദ് വ്യവസ്ഥ മുഴുവൻ ലോക്ക് ഔട്ട് ആയി സാധാരണ ജനങ്ങൾ മുഴുവൻ വീടിനുള്ളിൽ കഴിയാൻ നിർബന്ധിക്കപ്പെടുന്ന അടിയന്തര സാഹചര്യം നേരിടാൻ കേന്ദ്രം മടിച്ചു നിൽക്കുന്ന സാഹചര്യത്തിലാണ് കേരള സർക്കാർ അടിയന്തരമായി തീരുമാനമെടുത്തത്. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ നടത്തിയ പ്രഖ്യാപനവും രാജ്യത്ത് നിരാശയാണ് പടർത്തിയിരിക്കുന്നത്. സാമ്പത്തിക പാക്കേജ് ഉടൻ പ്രഖ്യാപിക്കുമെന്ന പ്രഖ്യാപനമല്ലാതെ മറ്റൊന്നും അതിലില്ല.


കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണ് സംസ്ഥാനങ്ങൾ. നികുതി വരവ് വൻതോതിൽ ഇടിയുന്ന സാഹചര്യത്തിലും ഇതുപോലുള്ള സാമാശ്വാസ ഇടപെടലുകൾക്ക് കേരള സർക്കാർ മടിച്ചു നിൽക്കുന്നില്ല. വീട്ടിലുള്ളിൽ ലോക്ക് ഡൌൺ ചെയ്യപ്പെട്ട സാധാരണ മനുഷ്യരുടെ കൈവശം പണം എത്തിയേ തീരൂ.


കൂലിപ്പണിക്കാരുടെയും ദിവസ വേതനക്കാരുടെയും കുടുംബങ്ങളിൽ അത്യാവശ്യത്തിന് ഭക്ഷണമെങ്കിലും വാങ്ങാനുള്ള പണം ലഭിച്ചിരിക്കുമെന്ന് ഈ സർക്കാർ ഉറപ്പു വരുത്തും. ബാക്കിയുള്ള പെൻഷൻ തുകയും ഉടൻ വിതരണം ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കും.
വിഷുവിനു മുമ്പ് ബാക്കിയുള്ള കുടിശ്ശികയും നൽകും.

Share this news

           

RELATED NEWS

തോമസ് ഐസക്