യുദ്ധകാലത്തുപോലും സേവനം മുടക്കിയില്ല; ട്രെയിന്‍ ഗതാഗതം നിര്‍ത്തിവയ്ക്കുന്നത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യം


ന്യൂഡല്‍ഹി> സ്വാതന്ത്ര്യലബ്ദിക്കുശേഷം യുദ്ധകാലത്തുപോലും സേവനം മുടക്കിയിട്ടില്ലാത്ത ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ ആദ്യമായാണ് യാത്രാ ട്രെയിനുകള്‍ ഓട്ടം നിര്‍ത്തിവെച്ചത്. 1973ലും 1974ലും റെയില്‍വേ പണിമുടക്കിനെ തുടര്‍ന്നാണ് രാജ്യവ്യാപകമായി ഇതിനുമുമ്പ് ട്രെയിന്‍ ഗതാഗതം നിലച്ചത്. കോവിഡ് രോഗവ്യാപനം ഗുരുതരമായതോടെ 31 വരെ യാത്രാ ട്രെയിനുകള്‍ ഗതാഗതം നിര്‍ത്തിവെക്കാന്‍ റെയില്‍വേ തീരുമാനിച്ചു. ചരക്കു വണ്ടികള്‍ മാത്രമാണ് ഓടുന്നത്.

പ്രത്യേക സാഹചര്യത്തില്‍ അവശ്യവസ്തുക്കളുടെ ഗതാഗതം ഉറപ്പാക്കാനുള്ള പ്രവര്‍ത്തനമാണ് റെയില്‍വേ നടത്തുന്നത്. ഭക്ഷ്യധാന്യങ്ങള്‍, പാല്‍, പച്ചക്കറി, എണ്ണ, പഴങ്ങള്‍, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, കല്‍ക്കരി, വളം തുടങ്ങിയവ രാജ്യത്തിന്റെ വിവിധ മേഖലകളിലേക്ക് ഗുഡ്‌സ് വണ്ടി കളില്‍കൊണ്ടു പോകുന്നുണ്ട്. ചൊവ്വാഴ്ച വരെ 891 ട്രെയിനുകളിലായി സാധനങ്ങള്‍ നിറച്ചിട്ടുണ്ട്. ഇതിനായി സംഭരണ കേന്ദ്രങ്ങളിലും സ്റ്റേഷനുകളിലും 24 മണിക്കൂര്‍ സേവനമാണ് ജീവനക്കാര്‍ നടത്തുന്നതെന്ന് റെയില്‍വേ അറിയിച്ചു. സാധനങ്ങള്‍ വൈകുന്നത് ഒഴിവാക്കാന്‍ സംസ്ഥാനങ്ങളുമായി നിരന്തര ആശയ വിനിമയം നടത്തുന്നുണ്ട്.

സാധനങ്ങള്‍ കൈമാറ്റം ചെയ്യുന്നതിന് ഈടാക്കുന്ന ചാര്‍ജുകള്‍ റെയില്‍വേ പകുതിയാക്കി കുറച്ചു. നിശ്ചിത സമയത്തിനുശേഷവും സാധനങ്ങള്‍ റെയില്‍വേ സംവിധാനത്തില്‍ തുടര്‍ന്നാല്‍ ഈടാക്കുന്ന ചാര്‍ജുകള്‍ 31വരെ പകുതിയാക്കി. വാഗണ്‍ അടക്കമുള്ള സംവിധാനങ്ങള്‍ക്ക് ഈടാക്കുന്ന ചാര്‍ജുകള്‍ ഒഴിഞ്ഞ വാഗണുകള്‍ക്ക് 30 വരെ ഈടാക്കില്ല. സാധനങ്ങള്‍ വാഹനങ്ങളില്‍ നിറയ്ക്കുന്നതിനും ഇറക്കുന്നതിനുമുള്ള സൗജന്യ സമയപരിധി 31 വരെ ഇരട്ടിയാക്കി. ഗുഡ്‌സ് ട്രെയിനുകളുടെ നിരക്കുമായ ബന്ധപ്പെട്ടുള്ള നയങ്ങളുടെ കാലാവധി ഏപ്രില്‍ 30 വരെ നീട്ടാനും റെയില്‍വേ തീരുമാനിച്ചു.

Share this news

           

RELATED NEWS

ട്രെയിൻ