വിദ്വേഷപ്രസംഗം നടത്തിയ കപില്‍ മിശ്രയ്ക്ക് വൈ കാറ്റഗറി സുരക്ഷ; അറസ്റ്റിന് പകരം കിരീടധാരണമെന്ന് കോണ്‍ഗ്രസ്


വിദ്വേഷ പ്രസംഗങ്ങളിലൂടെ ഡല്‍ഹിയില്‍ കലാപത്തിന് വഴിമരുന്നിട്ട ബിജെപി നേതാവ് കപിൽ മിശ്രക്ക് വൈ കാറ്റഗറി സുരക്ഷ. സുരക്ഷാപ്രശ്നങ്ങൾ ഉണ്ടെന്ന് കാണിച്ച് കപിൽ മിശ്ര നല്‍കിയ അപേക്ഷ പരിഗണിച്ചാണ് നടപടി. വിദ്വേഷ പ്രസംഗത്തിന് മിശ്രയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് സുരക്ഷ വര്‍ധിപ്പിച്ചത്. കപില്‍ മിശ്രയടക്കമുള്ള ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി അടുത്ത ദിവസം പരിഗണിക്കാനിരിക്കുകയാണ്.  കപിൽ മിശ്രയ്ക്കൊപ്പം ബിജെപി നേതാക്കളായ അനുരാഗ് ഠാക്കൂര്‍, അഭയ് വര്‍മ്മ, പര്‍വേഷ് വര്‍മ്മ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.


അതിനിടെ കപിൽ മിശ്രയുടെ സുരക്ഷ കൂട്ടിയതിനെതിരെ കോൺഗ്രസ് രംഗത്തെത്തി. അറസ്റ്റ് ചെയ്യുന്നതിന് പകരം ബിജെപി സർക്കാർ കപിൽ മിശ്രയ്ക്ക് സുരക്ഷ കൂട്ടിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് വിമർശിച്ചു.


ആറ് സുരക്ഷാ ഉദ്യോഗസ്ഥരാണ് കപില്‍ മിശ്രക്ക് സുരക്ഷ ഒരുക്കുക. രണ്ട് പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസര്‍മാര്‍ മുഴുവന്‍ സമയവും കപില്‍ മിശ്രയ്‌ക്കൊപ്പമുണ്ടാകും. പുറമെ നാല് ഉദ്യോഗസ്ഥരുണ്ടാകും. ഫോണിലും വാട്‌സ് ആപ്പിലും ഇ മെയിലിലും തനിക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് കപില്‍ മിശ്ര ട്വീറ്റ് ചെയ്യുകയുണ്ടായി. രാജ്യത്തിനകത്ത് നിന്നും പുറത്തു നിന്നും തനിക്ക് ഭീഷണിയുണ്ടെന്നാണ് കപില്‍ മിശ്ര പറഞ്ഞത്.


കപില്‍ മിശ്രയുടെ അറസ്റ്റിന് പകരം കിരീട ധാരണം ആണ് നടക്കാൻ പോകുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സർക്കാർ വിദ്വേഷ പ്രചാരകരെ സംരക്ഷിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് ജയ് വീർ ഷെർഗിൽ വിമര്‍ശിച്ചു. വിദ്വേഷ രാഷ്ട്രീയത്തിന്റെ ചിറകുകൾ വ്യാപിപ്പിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.


കപില്‍ മിശ്രയുടെ വിവാദ വിദ്വേഷ പ്രസംഗത്തിന് പിന്നാലെയായിരുന്നു ഡല്‍ഹിയില്‍ കലാപം ആരംഭിച്ചത്. പൗരത്വ നിയമഭേദഗതിക്കെതിരെ ഷഹീന്‍ ബാഗ് അടക്കമുള്ളയിടങ്ങളിലെ പ്രതിഷേധക്കാരെ  ഒഴിപ്പിച്ചില്ലങ്കിൽ നിയമം കയ്യിലെടുക്കുമെന്നായിരുന്നു പൗരത്വ പ്രതിഷേധ സമരങ്ങൾക്കെതിരെ നടന്ന റാലിയിൽ കപിൽ മിശ്രയുടെ ഭീഷണി. മണിക്കൂറുകൾക്കകം പൗരത്വഭേദതഗതിക്ക് അനൂകൂലമായി മൗജ്പൂരിൽ സംഘടിപ്പിച്ച പരിപാടിക്കിടെ സംഘർഷമുണ്ടയായി. പിന്നാലെ ഡല്‍ഹിയില്‍ നിരവധി സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും നേരെ ആക്രമണമുണ്ടായി. കലാപത്തില്‍ നിലവില്‍ നാല്‍പതിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

Share this news

           

RELATED NEWS

Kapil Misra