ഇത് ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യം;സാമ്പത്തിക വളര്‍ച്ചയുടെ സൂചകങ്ങളെല്ലാം നെഗറ്റീവ്;മോദിയുടെ മുൻ സാമ്പത്തിക ഉപദേഷ്‌ടാവ്‌ അരവിന്ദ്‌ സുബ്രഹ്മണ്യൻ
രാജ്യം ഇന്ന് നേരിടുന്നത് സാധാരണ സാമ്പത്തിക മാന്ദ്യമല്ലെന്നും വലിയ മാന്ദ്യമാണെന്നും നരേന്ദ്ര മോദി സര്‍ക്കാരിന്റെ മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

‘ഇറക്കുമതി, കയറ്റുമതി നിരക്ക്, വ്യവസായ വളര്‍ച്ച, ഉല്‍പാദന വളര്‍ച്ചാ നിരക്ക് എന്നിവയാണ് സാമ്പത്തിക വളര്‍ച്ചയുടെ സൂചകങ്ങളായി എടുക്കേണ്ടത്. ഈ സൂചകങ്ങളെ മുന്‍പത്തെ മാന്ദ്യവുമായി താരതമ്യം ചെയ്യണം. 2000-2002 മാന്ദ്യകാലത്ത് ജിഡിപി നിരക്ക് 4.5 ശതമാനമായിരുന്നിട്ടും ഈ സൂചകങ്ങളെല്ലാം പോസിറ്റീവ് ആയിരുന്നു’- അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഈ നിരക്കുകളെല്ലാം താഴ്ന്ന അവസ്ഥയിലാണ്. ഇത് ഒരു സാധാരണ മാന്ദ്യമല്ല. ഇത് ഇന്ത്യയുടെ വലിയ മാന്ദ്യമാണ്. തൊഴില്‍ ലഭ്യത, ആളുകളുടെ വരുമാനം, സര്‍ക്കാരിന്റെ വരുമാനം എന്നിവ കുറഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2011 നും 2016 നും ഇടയില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 2.5 ശതമാനം അധികമായി കണക്കാക്കിയതായി ഈ വര്‍ഷം ആദ്യം അരവിന്ദ് സുബ്രഹ്മണ്യന്‍ വ്യക്തമാക്കിയിരുന്നു. ജിഡിപി നിരക്ക് സാമ്പത്തിക വളര്‍ച്ചയുടെ കൃത്യമായ സൂചിക അല്ലെന്നും രാജ്യാന്തര തലത്തില്‍ ഇക്കാര്യം ശ്രദ്ധയോടെ വീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ ജിഡിപി നിരക്ക് തുടര്‍ച്ചയായ ഏഴാം പാദത്തിലും താഴേക്ക് പോയിരുന്നു. 2019-20 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 4.5 ശതമാനമായി കുറഞ്ഞു. 2018-19 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ ഇത് എട്ട് ശതമാനമായിരുന്നു.
Share this news

           

RELATED NEWS

aravind subrahmanyam2