മോദിഭരണകാലത്ത് രാജ്യത്തെ ബാങ്കുകൾ എഴുതിത്തള്ളിയത് 6.19 ലക്ഷം കോടി രൂപരാജ്യത്തെ പൊതു, സ്വകാര്യ മേഖലാ ബാങ്കുകൾ അഞ്ചു വർഷത്തിനിടെ എഴുതിത്തള്ളിയത് 6.19 ലക്ഷം കോടി രൂപ. ലോക്സഭയിൽ മനീഷ് തിവാരിയുടെ ചോദ്യത്തിനു കേന്ദ്ര ധനസഹമന്ത്രി അനുരാഗ് ഠാക്കൂർ നൽകിയ മറുപടിയിലാണ് ഈ കണക്ക്. 2014 ഏപ്രിൽ ഒന്നു മുതൽ 2019 മാർച്ച് 31 വരെയുള്ള കാലയളവിൽ ബാങ്കുകൾ എഴുതിത്തള്ളിയത് 6,19,244 കോടി രൂപയാണെന്നാണു ആർബിഐ രേഖകൾ. ബാങ്കുകളുടെ ആഗോള ഇടപാടുകൾ കണക്കിലെടുത്താൽ നിഷ്ക്രിയ ആസ്തി 3,12,706 കോടിയിൽനിന്ന് (2015) 10,21,464 കോടിയിലേക്ക് (2018) ഉയർന്നു.

സർക്കാരിന്റെ സക്രിയ ഇടപെടലിനെ തുടർന്ന് നിഷ്ക്രിയ ആസ്തി 1,00,951 കോടി മുതൽ 9,20,513 കോടി വരെ കുറയ്ക്കാനായി. പൊതു, സ്വകാര്യ മേഖലാ ബാങ്കുകളിലെ നിഷ്ക്രിയ ആസ്തി വിഹിതം 11.52 ശതമാനത്തിൽനിന്ന് (മാർച്ച് 31, 2018) 9.37 ശതമാനത്തിലേക്കു (മാർച്ച് 31, 2019) എത്തിക്കാനായെന്നും സർക്കാർ അവകാശപ്പെട്ടു. കഴിഞ്ഞ സാമ്പത്തിക വർ‌ഷം ബാങ്കുകളിലെ ആഗോള ഇടപാടുകളിലെ നിഷ്ക്രിയ ആസ്തിയിൽ 1,00,951 കോടിയുടെ കുറവ് വരുത്താൻ സാധിച്ചു. ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തെ 1,54,186 കോടി ഉൾപ്പെടെ നാലു വർഷം കൊണ്ട് 3,92,253 കോടി രൂപ തിരിച്ചുപിടിക്കാനായെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

അതേസമയം, കിട്ടാക്കടം എഴുതിത്തള്ളിയ ശേഷവും പണം തിരിച്ചു പിടിക്കാനുള്ള നടപടികൾ സ്വീകരിക്കാറുണ്ടെന്നു ബാങ്കുകൾ പറയുന്നു. 15– 20% വരെ ഇത്തരത്തിൽ തിരിച്ചു കിട്ടാം. എന്നാൽ, ഓരോ വർഷവും എഴുതിത്തള്ളുന്ന തുക വർധിക്കുകയാണെന്നു ബാങ്കിങ് രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു. വായ്പ നൽകിയ പണം തിരിച്ചു പിടിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും ശേഷമേ കിട്ടാക്കടമായി എഴുതിത്തള്ളാവൂ എന്നാണു വ്യവസ്ഥ.

പല ബാങ്കുകളും കിട്ടാക്കടം കുറച്ചുകാണിക്കാനായി ഇത്തരം വായ്പകളെ സാങ്കേതികമായി കിട്ടാക്കടമായി പരിഗണിക്കുകയാണു ചെയ്യുന്നത്. ഈ വായ്പകളെ തിരിച്ചുപിടിക്കാനുള്ള പട്ടികയിൽ നിന്നു മാറ്റില്ല. വായ്പ തിരിച്ചടയ്ക്കാത്തവരിൽ ഭൂരിഭാഗവും വൻ ബിസിനസുകാരും സമ്പന്നരുമാണെന്നു ബാങ്ക് ജീവനക്കാരുടെ സംഘടനകൾ പറയുന്നു. പലരും മനഃപൂർവം വീഴ്ച വരുത്തുകയാണ്. ഇവർക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കാൻ കഴിയുന്നില്ലെന്നും ആരോപണമുണ്ട്.

Share this news

           

RELATED NEWS

bank,rbi