കാര്‍ബണ്‍ - യഥാര്‍ത്ഥ നിധികളെ അന്വേഷിച്ചറിയാന്‍ പ്രേരിപ്പിച്ച സിനിമകളുടെ ശ്രേണിയിലെ ചിത്രം -നൗഫു സ്റ്റാമ്പ്ഡ്

'ദയ' എന്ന ചിത്രത്തിന് ശേഷം 'മുന്നറിയിപ്പ്' എന്ന ചിത്രത്തിനിടക്ക് വേണുവിനെ ഒട്ടും കാത്തിരിന്നിട്ടില്ല. എന്നാൽ മുന്നറിയിപ്പിന് ശേഷം വേണുവിന്റെ മറ്റൊരു ചിത്രത്തിന് അത്രയേറെ കാത്തിരുന്നു . അവസാനം ഇതാ പ്രതീക്ഷകൾക്കൊത്തൊരു സിനിമ വീണ്ടും 'കാർബൺ'. കാർബണിനെ ഒരിക്കലും ഒരു ഫഹദ് ഫാസിൽ ചിത്രം എന്ന് വിളിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം അതിൽ ഫഹദ് ഫാസിൽ എന്ന നടൻ ഇല്ല !, മറിച്ച് സിനിമയിൽ ഉടനീളവും തുടർന്നും സിബിയായിരുന്നു, ഏതു വശത്തേക്ക് ക്യാമറ തിരിച്ചാലും സിബി മാത്രം.

ഫഹദ് ഫാസിൽ എന്ന നടനിലൂടെ ഈ സിനിമയെ നിങ്ങൾ കാണുമ്പോൾ ഏതെങ്കിലും ഒരു ഗണത്തിലേക്ക് ഈ കഥാപാത്രത്തെ (ജെനറേഷൻ, മതം, പ്രായം, ലിംഗം) ലേബൽ ചെയ്യാൻ സാധ്യത ഉള്ളതിനാൽ കാർബണിന്റെ കുറിച്ച് പറയുന്നതൊക്കെ സിബിയെ കുറിച്ച് പറയാനാണ് എനിക്കിഷ്ട്ടം. സിബി ഒരു പ്രതീകമാണ്, യുവാവ് എന്ന പൊതു ലേബലിനപ്പുറം ജീവിത ലക്ഷ്യത്തിലേക്കു കുറുക്കു വഴി തിരയുന്ന ഓരോ മനുഷ്യരുടെയും പ്രതീകമാണ് അയാൾ. അഹത്തിലുള്ള ബ്രഹ്മത്തെ / നിധിയെ അറിയാതെ അനിശ്ചിതങ്ങളുടെ കാടുകയറാൻ തീരുമാനിക്കുന്ന ഒരു സാധാരണക്കാരൻ. കഥാപാത്രവുമായി കലഹിച്ചപ്പോൾ എവിടയൊക്കെയോ നമ്മൾ ഓരോത്തരിലും ഒരു സിബി ഉണ്ടെന്നു സിനിമ പറയുന്നു.

നിധി എന്നത് സൂക്ഷ്മദര്‍ശിയായ ഭ്രമകല്പനികതയുടെ, അലിഖിത ചരിത്രങ്ങളുടെ , അവയുടെ ഗവേഷണങ്ങളുടെ ആകെ തുകയാണ്. എന്നാൽ 'നിധി' എന്നതിനെ കണ്ണഞ്ചിപ്പിക്കുന്ന ലോഹ നാണയ ശേഖരങ്ങളുടെ പെട്ടികളെ ഓർക്കാൻ പഠിപ്പിച്ച പൊതുധാരണ കഥകളെ, മിത്തുകളെ, സിനിമകളെ കണ്ടും വായിച്ചും അറിഞ്ഞ ഒരു സമൂഹത്തിനു മുമ്പിൽ, യഥാർത്ഥ നിധികളെ അന്വേഷിച്ചറിയാൻ പ്രേരിപ്പിച്ച കഥകളുടെ, സിനിമകളുടെ ശ്രേണിയിലെ അവസാന ചിത്രമാണ് കാർബൺ. സിനിമയിൽ എവിടെയും സംവിധായകൻ പ്രേക്ഷകരെ ഓടിച്ചു കാട്ടിലേക്ക് കയറ്റാൻ പെടാപ്പാടു പെടുന്നില്ല. മറിച്ച്, അനുയോജ്യമായ സഥലങ്ങളിൽ നിഗൂഢമായ കാടിന്റെ ആത്മാവിനെ പ്രേക്ഷകരിലേക്ക് കുത്തി വെക്കുന്നുണ്ട്. കാടു കാണണം, കാട് കയറണം എന്ന് പ്രേക്ഷകർക്ക് എപ്പോൾ തോന്നി തുടങ്ങുന്നു അപ്പോൾ മാത്രാമാണ് ഇരുണ്ടു തണുത്ത ഗൂഢമായ ഒരു വന മേഘയിലേക്ക് സിബിയോടൊപ്പം നാം കയറി ചെല്ലുന്നത്. വന മേഖലയുടെ നിഗൂഢതയെ മിത്തുകളെ, ചരിത്രത്തെ പറഞ്ഞു കൊടുത്ത് കൊച്ചു പ്രേമൻ വേറിട്ട അനുഭവമായി.

ഒരു പെണ്ണിന് കാട് കയറാൻ ഫോട്ടോഗ്രാഫർ, ഗവേഷക, മാധ്യമ / പരിസ്ഥിതി പ്രവർത്തക തുടങ്ങി ഏതെങ്കിലും ഒരു ലേബൽ വേണം എന്ന പൊതു ധാരണയെ വളരെ മൃദുവായി സംവിധായകൻ പറിച്ചു കളഞ്ഞുകൊണ്ട്, പെട്ടെന്നൊരു ദിനം കഥയിലേക്ക്‌ വളരെ ലാഘവത്തോടെ സമീറ കയറി വരുന്നു. പിന്നീട് ആൺ ഇടങ്ങളിൽ തന്റേതായ ഇടം കണ്ടെടുത്തുന്നു , ഒരു പുരുഷനേക്കാൾ കാടിനെ രമ്യമായി അടുത്തറിയുന്നത് പ്രകൃതി / സ്ത്രീക്കാണെന്ന് സമീറ പറഞ്ഞു വെക്കുന്നു. സമീറ ഒരിക്കൽ പോലും മമ്ത എന്നപുറത്തെടുത്തില്ല , കഥ പുരോഗമിക്കുമ്പോൾ പരുക്കനായ കാടിന്റെ ആത്മാവിലേക്ക് , കാടൊച്ചകളിലേക്ക് കൂട്ടാളികൾക്കൊപ്പം നടന്നു നീങ്ങുന്ന സമീറ പറഞ്ഞത്, ഉറച്ച ലക്ഷ്യങ്ങളുടെയും, തുല്യതയിൽ ഊന്നിയ നിലപാടുകളുടെയും, മുൻ ധാരണാകൾ ഇല്ലാത്ത സൗഹൃദങ്ങളുടെയും ഭാഷയാണ്. കാടിന്റെ സൗന്ദര്യം നിറഞ്ഞു നിൽക്കുമ്പോൾ മമ്തയ്‌യുടെ സൗന്ദര്യത്തെ ശ്രദ്ധിച്ചില്ല എന്നത് ഒരു ഭൂരിപക്ഷ സത്യമായിരുന്നു.

കാടിന്റെ ആത്മാവിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ കാടിന്റെ ഹൃദയം തൊട്ടറിഞ്ഞു , കാടിനെ ശ്വസിക്കുന്ന ആരെങ്കിലും കൂട്ടുവേണം എന്നത് വലിയ സത്യമാണ്. കാട് കയറും മുമ്പേ പ്രേക്ഷകർ അത് ആവശ്യപ്പെട്ടിരുന്നു അങ്ങനെയാണ് സ്റ്റാലിൻ ആയി മണികണ്ഠനും കണ്ണനായി ചേതനും കടന്നു വരുന്നത്. നിധി തേടിയുള്ള യാത്രയിൽ സമീറക്കും സിബിക്കും ഒപ്പം സ്റ്റാലിനും ചേതനും ചേരുന്നു. ഈ യാത്രയിൽ സാധാരണ കണ്ടു മടുത്ത കടും പച്ച തളം കെട്ടിയ കാടിടങ്ങൾ മാത്രമല്ല, അതിനുമപ്പുറം കുന്നുകൾ , പുൽമേടുകൾ, പാറക്കൂട്ടങ്ങൾ തുടങ്ങി കാടിന്റെ വ്യത്യസ്ത 
ഭൂസ്വഭാവങ്ങളെ ചിത്രീകരിച്ചത് മലയാളി പ്രേക്ഷകർക്ക്‌ പുതിയ അനുഭവങ്ങൾ ആണ്. യാത്രയിൽ പതിയെ നിധിയുടെ ചരിത്രത്തെയും രഹസ്യങ്ങളെയും മൂന്ന് കാഴ്‌ചപ്പാടുകളിലൂടെ സംവിധായകൻ പറയുന്നു . കാടിന്റെയും ആദിവാസി വിശ്വാസങ്ങളുടെയും ആത്മീയതയുടെയും കൂട്ട് പിടിച്ചു കണ്ണൻ എന്ന ആദിവാസി ബാലനിലൂടെ നമ്മെ പേടിപ്പെടുത്തുമ്പഴും , മിത്തുകളെയും വിശ്വാസങ്ങളെയും ആപ്പടെ തള്ളി കളഞ്ഞു തന്റെ ലക്ഷ്യത്തെ മാത്രം മനസ്സിൽ കാണുന്ന സിബിയിലൂടെ നിധിയുടെ മറ്റൊരു വശം പറയുന്നു . ഇതിനിടയിലാണ് സമീറയും സ്റ്റാലിനും. ലക്ഷ്യ പൂർത്തികരണത്തിനു മുമ്പേ മടങ്ങേണ്ടി വരുന്ന അവസ്ഥയിൽ സിബി പൂർണമായും സിനിമയെ ഏറ്റെടുക്കുന്നു.കാടും മനുഷ്യനും പരസ്പരം സംശയപ്പെട്ടു നിൽക്കുന്നു . പ്രകൃതിയിൽ മനുഷ്യൻ എത്ര അജ്ഞൻ ആണെന് പിന്നീടുള്ള ഓരോ രംഗവും നമ്മോടു പറയുന്നു.

അതെ അങ്ങനെയാണ് ഓരോ ദിവസങ്ങളിൽ, മിനിറ്റുകളിൽ, സെക്കൻഡുകളിൽ നമ്മുടെ നിധികൾ വെത്യസ്തമാണ്. വിശക്കുമ്പോൾ ഒരു പൊതി ഭക്ഷണം , അല്ലെങ്കിൽ മഴയത്തു തണുക്കുമ്പോൾ ഒരിത്തിരി ചൂട്, പനിക്കുമ്പോൾ ഒരു ചുക്കുകാപ്പി , കൈ കുഴഞ്ഞു ബസ്സിൽ നിൽക്കുമ്പോൾ ഒരു ഒഴിഞ്ഞ സീറ്റ്, ജീവിതത്തിൽ ഒറ്റപ്പെടുമ്പോൾ താങ്ങി നിർത്താൻ ഒരു സൗഹൃദം, അങ്ങനെ എത്രയധികം നിധികളാണ് നമ്മൾ കലാകാലങ്ങളായി കണ്ടെടുക്കുന്നത്. പണം കൊണ്ട് മേടിക്കാൻ കഴിയുന്ന ഒന്നും നിധിയാണ് എന്ന് എനിക്ക് തോന്നിയിട്ടില്ല, അതിനുമപ്പുറം അപ്രതീക്ഷിതമായി വന്നു ചേരുന്ന ചില യഥാർത്ഥ നിധികളുണ്ട്, ജീവിതത്തിൽ അത് തന്നെയാണ് നാം തിരിച്ചറിയേണ്ടതും കണ്ടു എടുക്കേണ്ടതും എന്ന് സിനിമ വളരെ സാവധാനത്തിൽ പറഞ്ഞു നിർത്തുന്നു.

സിനിമയുടെ അവസാനത്തിൽ സംവിധായകൻ പ്രേക്ഷകരെ ഒരു കവലയിൽ കൊണ്ട് നിർത്തുന്നു, അവിടെ രണ്ടോ അതിലധികമോ വഴികളുണ്ട് എന്ന് തോന്നി. ആർക്കും ഏതു വഴിക്കും പിരിയാം. ആ വഴികളാണ് അവരുടെ കണ്ടെത്തലുകളും ശരികളും എന്ന് പ്രേക്ഷകന് പൂർണ സ്വാതന്ത്രം നൽകുന്നു. പ്രേക്ഷകർ ആകട്ടെ സിബി എന്ന ക്യരക്ടർ സിനിമയുടെ അവസാനത്തിൽ വിഷ കൂൺ (മാജിക് മഷ്‌റൂം ) കഴിച്ചത് മുതൽ തോന്നിയ ഭ്രമം മാത്രമാകാം പിന്നീട് അങ്ങോട്ടുള്ള സിനിമ മുഴുവൻ എന്ന് തോന്നിയേക്കാം, അങ്ങനെ എങ്കിൽ സിബി എന്തായി എന്ന് ചിന്തിച്ചു കൊണ്ടിരിക്കാം, അതുമല്ലെങ്കിൽ സിബി തേടി കണ്ടു പിടിച്ചതൊന്നും നിധിയായിരുന്നില്ല നമ്മുക്ക് ചുറ്റിലും അതിനേക്കാൾ വലിയ നിധികൾ ഉണ്ടായിരുന്നു എന്ന് മലമുകളിൽ തൊണ്ട വരണ്ട് കിടക്കുന്ന സിബിക്ക് വേണ്ടി ഒരു മഴ പെയതെന്ന് പ്രേഷകർ നിധിയെ ഓർത്തെടുത്തേക്കാം, മറ്റു ചിലർ മനുഷ്യന്റെ അത്യാഗ്രഹങ്ങൾ മാറ്റി വെച്ച്, ആവശ്യങ്ങൾക്ക് ഉള്ളത് മാത്രം ആഗ്രഹിക്കുകയും അതിനുവേണ്ടി മാത്രം പരിശ്രമിക്കുകയും ചെയ്യുമ്പോൾ 'നിധി' എന്നൊരു പൊതുഭാവന തന്നെ ഇല്ലാതാകുന്നു എന് തീയേറ്ററിന് പുറത്തു രാത്രി വൈകിയും കലഹിചേക്കാം.


അതേയ് പതിയെ ഒന്ന് ശ്രദ്ധിച്ചു നോക്കൂ ഒരു കാട്ടാറിന്റെ ശബ്ദം കേൾക്കാമോ നിങ്ങൾക്ക് .? നിങ്ങളിലെ കാടുകളെ അതിലെ നിധികളെ കണ്ടെത്താൻ ആകട്ടെ എന്ന്.

Share this news

           

RELATED NEWS