സ്‌കൂള്‍ കലോത്സവത്തില്‍ മൂല്യനിര്‍ണയത്തിന് ദീപ നിശാന്ത്; വിധി കര്‍ത്താവായെത്തുന്നത് കവിതാ മോഷണ ആരോപണം ഉയര്‍ന്നതിന് പിന്നാലെ


ആലപ്പുഴ: സ്‌കൂള്‍ കലോത്സവത്തില്‍ മൂല്യനിര്‍ണയത്തിന് അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത്. മലയാള ഉപന്യാസ മത്സരത്തിന്റെ മൂല്യനിര്‍ണയത്തിനാണ് ദീപാ നിശാന്ത് വിധി കര്‍ത്താവായി എത്തിയത്. കവിതാ മോഷണ ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് ദീപ വിധികര്‍ത്താവായി എത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് ദീപ നിശാന്തിനെയും മറ്റ് രണ്ട് വിധികര്‍ത്താക്കളെയും സ്ഥലത്ത് നിന്ന് നീക്കി.

എഴുത്തുകാരിയും അധ്യാപികയും എന്ന നിലയിലാണ് ദീപ നിശാന്തിനെ വിധികര്‍ത്താവായി ക്ഷണിച്ചതെന്നും അവരെ മാറ്റേണ്ട സാഹചര്യമില്ലെന്നും സംഘാടകര്‍ അറിയിച്ചു. കവിത മോഷണത്തിന്റെ പേരില്‍ ദീപക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സംഭവത്തില്‍ അവര്‍ മാപ്പ് പറയുകയും ചെയ്തിരുന്നു.

തന്റെ കവിത ദീപ മോഷ്ടിച്ചു വികലമാക്കി പ്രസിദ്ധീകരിച്ചെന്ന ആരോപണവുമായി കവി എസ്. കലേഷ് രംഗത്തുവന്നതില്‍ നിന്നാണ് വിവാദങ്ങളുടെ തുടക്കം. അങ്ങനെയിരിക്കെ മരിച്ചുപോയി ഞാന്‍/നീ എന്ന പേരില്‍ 2011 മാര്‍ച്ച് 4നാണ് കലേഷ് ബ്ലോഗില്‍ കവിത പോസ്റ്റ് ചെയ്തത്. പിന്നീട് മറ്റൊരു വാരികയിലും പ്രസിദ്ധീകരിച്ചു. എന്നാല്‍, ഓള്‍ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ മാഗസിനില്‍ ദീപ നിശാന്തിന്റെ പേരും ചിത്രവും സഹിതം ഇതേ കവിത 'അങ്ങനെയിരിക്കെ' എന്നപേരില്‍ പ്രസിദ്ധീകരിച്ചതാണ് വിവാദമായത്. എഴുത്തുകാരനും പ്രഭാഷകനുമായ എം.ജെ. ശ്രീചിത്രനാണ് ദീപയ്ക്കു കവിത പകര്‍ത്തി നല്‍കിയതെന്നും ആരോപണം ഉയര്‍ന്നിരുന്നു.

Share this news

           

RELATED NEWS

ദീപ നിശാന്ത്