കലോത്സവത്തിന് വിധികര്‍ത്താവായെത്തിയ ദീപ നിശാന്തിനെതിരെ പ്രതിഷേധം; പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി


ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ വിധികര്‍ത്താവായെത്തിയ അധ്യാപിക ദീപാ നിശാന്തിനെതിരെ പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മലയാള ഉപന്യാസ മല്‍സരത്തിന്റെ വിധികര്‍ത്താവായാണ് ദീപ എത്തിയത്. മൂല്യ നിര്‍ണയം നടക്കുന്ന കോഓപ്പറേറ്റീവ് സൊസൈറ്റി ഹാളിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു, എബിവിപി പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്.

മൂല്യനിര്‍ണയത്തിനു ശേഷം ദീപ തിരികെ പോയി. സ്ഥലത്ത് ഇപ്പോഴും പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്. നേരത്തെ എല്‍എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളായിരുന്നു രചനാ മത്സരങ്ങളുടെ മൂല്യനിര്‍ണയത്തിന്റെ വേദിയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍, ദീപ എത്തിയാല്‍ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് വേദി കോഓപ്പറേറ്റീവ് സൊസൈറ്റി ഹാളിലേയ്ക്ക് മാറ്റുകയായിരുന്നു.

എഴുത്തുകാരിയും അധ്യാപികയും എന്ന നിലയിലാണ് ദീപ നിശാന്തിനെ വിധികര്‍ത്താവായി ക്ഷണിച്ചതെന്നും അവരെ മാറ്റേണ്ട സാഹചര്യമില്ലെന്നും ഡിപിഐ കെ.വി.മോഹന്‍ കുമാര്‍ അറിയിച്ചിരുന്നു. കവിത മോഷണത്തിന്റെ പേരില്‍ ദീപക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സംഭവത്തില്‍ അവര്‍ മാപ്പ് പറയുകയും ചെയ്തിരുന്നു.

Share this news

           

RELATED NEWS

ദീപ നിശാന്ത്