ബഹറിന്‍ കേരളീയ സമാജം പുസ്തകോത്സവത്തില്‍ ദീപ നിശാന്തിനെ പങ്കെടുപ്പിക്കുന്നതിനെ ചൊല്ലി തര്‍ക്കം


ഡി സി ബുക്‌സുമായി സഹകരിച്ച് ബഹറിന്‍ കേരളീയ സമാജം സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തില്‍ ദീപ നിശാന്ത് പങ്കെടുക്കുന്നതിനെച്ചൊല്ലി തര്‍ക്കം. കവിതാ മോഷണത്തിന്റെ പശ്ചാത്തലത്തില്‍ ദീപ നിശാന്തിനെ പങ്കെടുപ്പിക്കരുതെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോട്ട് ചെയ്യുന്നു.

ഈ മാസം 12 മുതല്‍ 22 വരെയാണ് ബഹറിന്‍ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര പുസ്തക മേളയും സാംസ്‌കാരികോത്സവവും സംഘടിപ്പിച്ചിരിക്കുന്നത്. വിഷിഷ്ടാതിഥികളായി പ്രമുഖര്‍ക്കൊപ്പം ദീപാ നിശാന്തിനെയും എസ് ഹരീഷിനെയും ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ദീപയെ പരിപാടിയില്‍ പങ്കെടുപ്പിക്കരുതെന്നാണ് ഒരു വിഭാഗം ആവശ്യമുയര്‍ത്തുത്. ദീപ ചെയ്ത കുറ്റം സംശയാതീതമായി തെളിയുകയും മാപ്പ് ചോദിക്കുകയും ചെയ്‌തെന്നിരിക്കെ സാംസ്‌കാരികോത്സവത്തിലേക്ക് കൊണ്ടുവന്ന് അനാവശ്യ ചേരിതിരിവ് ഉണ്ടാക്കരുതെന്ന് ആവശ്യപ്പെട്ട് ബഹറിനിലെ മലയാളികള്‍ക്കിടയില്‍ സജീവമായ ചിലര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്തെത്തിയിട്ടുണ്ട്.

അതെ സമയം മീശ നോവലിന്റെ പേരില്‍ വിവാദത്തില്‍പ്പെട്ട എസ് ഹരീഷിനെതിരെയും പ്രതിഷേധം ശക്തമാണ്. ഹരീഷിനെതിരെ നിവേദനങ്ങളും പരാതികളുമായി അധികൃതരെ സമീപിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. കേരളത്തിലുണ്ടായ വിവാദങ്ങള്‍ അധികൃതരെ അറിയിച്ച് ഹരീഷിന്റെ യാത്ര മുടക്കുകയാണ് ലക്ഷ്യം. അധികൃതരെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത് പ്രവാസികള്‍ നടത്തുന്ന സാംസ്‌കാരിക പരിപാടികളെയാകെ ബാധിക്കുമെന്ന ഭയവും ഇതിനിടയില്‍ ചിലര്‍ പങ്കുവെയ്ക്കുന്നു

എന്നാല്‍ പുസ്തക മേളയില്‍ അതിഥികളെ പങ്കെടുപ്പിക്കുന്ന കാര്യത്തില്‍ ബഹറില്‍ കേരളീയ സമാജം ഭാരവാഹികള്‍ക്ക് തുറന്ന സമീപനമാണെന്ന് സംഘാടകരുടെ അഭിപ്രായം. ഏത് ആശയങ്ങളെ പ്രതിനിധികരിക്കുന്നവര്‍ക്കും പങ്കെടുക്കാനും അവരുടെ ഭാഗം പറയാനും കേള്‍ക്കാനും അവസരമുണ്ടാവണം എന്നതാണ് നിലപാടെന്നും സംഘാടകര്‍ പറയുന്നു.

നേരത്തെ തൃശൂരില്‍ നടന്ന ജനാഭിമാന സംഗമത്തില്‍നിന്നു ദീപാ നിശാന്തിനെയും എം.ജെ. ശ്രീചിത്രനേയും ഒഴിവാക്കിയിരുന്നു. സാറാ ജോസഫ് ചെയര്‍പേഴ്‌സണും സി.രാവുണ്ണി കണ്‍വീനറുമായ സംഘാടക സമിതിയാണു സംഗമം സംഘടിപ്പിച്ചത്.

Share this news

           

RELATED NEWS

ദീപ നിശാന്ത്