വ്യാപാരത്തില്‍ മുന്‍ഗണന നല്‍കിയ രാജ്യങ്ങളുടെ പട്ടികയില്‍നിന്ന് ഇന്ത്യയെ ഒഴിവാക്കാനുള്ള തീരുമാനത്തില്‍ പുനരാലോചനയ്ക്കില്ലെന്ന് അമേരിക്ക; തീരുമാനം നിർഭാഗ്യകരം എന്ന് വാണിജ്യമന്ത്രാലയം


വ്യാപാരത്തില്‍ മുന്‍ഗണന നല്‍കിയ രാജ്യങ്ങളുടെ പട്ടികയില്‍നിന്ന് ഇന്ത്യയെ ഒഴിവാക്കാനുള്ള തീരുമാനത്തില്‍ പുനരാലോചനയ്ക്കില്ലെന്ന് അമേരിക്ക. ജൂണ്‍ അഞ്ചോടെ ഇന്ത്യക്ക് നല്‍കിവന്ന വ്യാപാര മുന്‍ഗണന അവസാനിപ്പിക്കും എന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. 
ഇന്ത്യയെ കൂടാതെ തുര്‍ക്കിയേയും യു.എസ് മുന്‍ഗണനാ കരാറില്‍ നിന്ന് പുറത്താക്കാനൊരുങ്ങുകയാണ്. തുര്‍ക്കിയെ ഇനിയും വികസ്വര രാജ്യമായി പരിഗണിക്കാന്‍ സാധിക്കില്ലെന്നാണ് യു.എസിന്റെ വിശദീകരണം.

വികസ്വര രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം പ്രോത്സാഹിപ്പിക്കുന്ന ‘ജനറലൈസ്ഡ് സിസ്റ്റം ഒഫ് പ്രിഫറന്‍സസ്’ പട്ടികയില്‍നിന്ന് ഇന്ത്യയെ ഒഴിവാക്കുമെന്നു ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ട്രംപ് പ്രഖ്യാപിച്ചത്. ഈ ഉടമ്പടി പ്രകാരം നേട്ടവുമുണ്ടാക്കിയതിൽ മുന്നിൽ നിൽക്കുന്ന രാജ്യമാണ് ഇന്ത്യ. 

ഇന്ത്യയുമായി സൗഹൃദം കാത്തുസൂക്ഷിക്കുന്നു എന്നും എന്നാണ് സൗഹൃദത്തെ വ്യാപാരവുമായി കൂട്ടിക്കെട്ടേണ്ടതില്ല എന്നുമാണ് യുഎസ് നിലപാട്. മോഡി സർക്കാർ അധികാരത്തിൽ എത്തിയതിനെ അഭിനന്ദിച്ച് ട്രംപ് ആശംസകൾ ട്വിറ്ററിൽ കുറിച്ചിരുന്നു. ഇന്ത്യയുമായി അടുത്ത സൗഹൃദമുണ്ടെന്നും ആ സൗഹൃദം മുന്നോട്ട് കൊണ്ട് പോകാൻ ആണ് തലപര്യം എന്നും ആശംസയിൽ ഉണ്ടായിരുന്നു. 

യുഎസ് തീരുമാനം നിർഭാഗ്യകരമാണെന്നായിരുന്നു വാണിജ്യമന്ത്രാലയത്തിന്റെ പ്രതികരണം. യുഎസ്  ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ട് ഇന്ത്യ മുന്നോട്ട് വച്ച പ്രമേയം തള്ളുകയായിരുന്നു എന്നും സാമ്പത്തികമായ കാര്യങ്ങളിലും ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും യുഎസുമായി ബന്ധം നിലനിർത്തുമെന്നും വാണിജ്യമന്ത്രാലയം അറിയിച്ചു.

Share this news

           

RELATED NEWS

gsp,india,us