ജാതിയും മതവും മതിക്കെട്ടിന്ന് പുറത്ത്‌ നിൽക്കട്ടെ; മനുഷ്യത്വം അകത്തുവരട്ടെ. ഒറ്റപ്പാലത്ത്കാരുടെ നന്മയെ പ്രണമിച്ച്‌ ജോയ് മാത്യു


സിനിമ നടൻ ജോയ് മാത്യുവിന്റെ ഭക്ഷണ വിശേഷങ്ങൾ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. എന്നാൽ ഒറ്റപ്പാലത്തെ ഈ സദ്യവിശേഷം ഒരു മത സൗഹാർദ വിളംബരം കൂടിയായിരുന്നു. ക്രിസ്ത്യൻ നാമധാരിയായ തനിക്കും മുസ്ലിം പേരുകാരൻ കഥാകൃത്തായ അർഷാദ്‌ ബത്തേരിക്കും ഒപ്പം ഒറ്റപ്പാലത്തെ മായന്നൂരിലെ ക്ഷേത്ര ഉത്സവത്തിന്റെ സദ്യ കഴിച്ചതിന്റെ വിശേഷം പങ്കുവക്കുന്നു ജോയ് മാത്യു. 

ക്ഷേത്രങ്ങളും പള്ളികളും ദേവാലയങ്ങളും മനുഷ്യർക്ക്‌ ഭക്ഷണം
കൊടുക്കുന്ന ഒരു കാലം എന്നാണുണ്ടാവുക?
ജാതിയും മതവും മതിക്കെട്ടിന്ന് പുറത്ത്‌ നിൽക്കട്ടെ മനുഷ്യത്വം അകത്തുവരട്ടെ എന്ന് ചിന്തിക്കുന്ന ഒറ്റപ്പാലത്ത് കാരുടെ നന്മക്കു മുന്നിൽ 
എന്റെ പ്രണാമം എന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ വിവരണം അവസാനിപ്പിക്കുന്നത്.

ജോയ് മാത്യുവിന്റെ പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ.

Joy Mathew
2 hrs · 
പിന്നെയും ഒറ്റപ്പാലം തന്നെ -ഊണുതന്നെ ഇപ്പഴും പ്രശ്നം -കേട്ടാൽ തോന്നുക ഇയാൾക്കെന്താ വീട്ടിൽ അന്നം കഴിക്കാൻ നിവൃത്തിയില്ലേ എന്നാണു- ഒരു നാടോടി ജീവിതം നയിക്കുന്ന എനിക്ക്‌ വീട്ടിൽ നിന്നും ഭക്ഷണം കിട്ടിയതിതിനേക്കാൾ കൂടുതൽ വീടിനു വെളിയിൽ നിന്നാണു ലഭിച്ചിട്ടുണ്ടാവുക -പലയിടങ്ങളിൽ
പല നേരങ്ങളിൽ എന്നതാണല്ലോ
നമ്മുടെ ഒരു ലൈൻ-
അതുകൊണ്ടായിരിക്കാം ഇങ്ങിനെ- ഏതായാലും ഇത്തവണ എന്നെ ഞെട്ടിച്ചത്‌ രാജഗോപാലും മണീകൺഠനുമാണൂ- 
ഒറ്റപ്പാലത്ത്‌ മായന്നൂരിലുള്ള
രാജഗോപാലിന്റെ വീടും പരിസരവുമാണു ഞങ്ങളുടെ സിനിമയുടെ ലൊക്കേഷൻ
അടുത്തുള്ള ക്ഷേത്രമായ കലം കണ്ടത്തൂർ ശ്രീ നരസിംഹ മൂർത്തി
‌ ക്ഷേത്രത്തിൽ നിന്നും വാദ്യസംഗീതം കേൾക്കുന്നുണ്ട്‌- കുളിച്ചൊരുങ്ങിയ സ്ത്രീകളും കുട്ടികളും അമ്പലത്തിലേക്ക് പോകുന്നുമുണ്ട്‌-രാജഗോപാലിനോട്‌ ഞാൻ ചോദിച്ചു-
"ഇന്നെന്താ ക്ഷേത്രത്തിൽ പ്രത്യേകത? ഉത്സവം വല്ലതുമാണോ?"
രാജഗോപാലൻ പറഞ്ഞു " ഇന്ന് ക്ഷേത്ര പ്രതിഷ്‌ഠ നടന്നതിന്റെ വാർഷികമാണു- പൂജയും പിന്നെ സദ്യയുമുണ്ട്‌"
ഉടൻ എന്റെ വായിൽ വെള്ളമൂറി -
"സദ്യക്ക്‌ എനിക്ക്‌ വരാമോ" ഉത്തരം പറയാൻ 
രാജഗോപാലിനിനു രണ്ടാമത്‌ ആലോചിക്കേണ്ടി വന്നില്ല
"സാറിനെന്നല്ല ആർക്കും വരാം -സാർ വരുമോ?"
"ഞാൻ ക്രിസ്ത്യാനി ആണെന്നാ വെപ്പ്‌ ഇനി ഞാൻ ഇനി ക്ഷേത്രത്തിൽ കയറി എന്നൊക്കെപ്പറഞ്ഞ്‌ പ്രശ്നമാകുമോ?"
"ഒരു പ്രശ്നവുമില്ല സാർ ധൈര്യമായിട്ടു വന്നോളൂ , ഭഗവാന്റെ സന്നിധിയിൽ നിന്നുള്ള ഭക്ഷണത്തിനു അങ്ങിനെ വേർതിരിവൊന്നുമില്ല"
രാജഗോപാൽ ക്ഷേത്രകമ്മിറ്റി അംഗം കൂടിയാണെന്നും അറിഞ്ഞതോടെ 
പോകാമെന്നായി ഞാൻ- സദ്യയുണ്ണാൻ ക്ഷേത്രത്തിൽ ഞാൻ പോകുന്നുണ്ടെന്നറിഞ്ഞപ്പോൾ
സെറ്റിലുള്ള പലർക്കും സദ്യയുണ്ണാൻ വരണമെന്നായി-
കൂട്ടത്തിൽ കഥാകൃത്തായ മുസ്ലീം നാമധാരി അർഷാദ്‌ ബത്തേരിക്ക്‌ ഒരു ബേജാർ "ഞാൻ വന്നാൽ പ്രശ്നമാകുമോ?"
രാജഗോപാലന്റെ സഹോദരനും മറ്റൊരു അമ്പലക്കമ്മിറ്റി അംഗവുമായ മണികൺഠൻ പറഞ്ഞു " ഈശ്വരന്റെ മുന്നിൽ എല്ലാരും സമം ,നിങ്ങൾ വരിൻ"
അപ്പോഴേക്കും എന്നോടൊപ്പം ക്യാമറമാൻ സുബിൻ ,അസ്സിസ്റ്റൻസ്‌ ,ബാല നടൻ ഗൗരവ്‌ മേനോൻ,
ലൈറ്റ്‌ ബോയ്സ്‌ തുടങ്ങി ഇരുപതോളം പേർ സദ്യകഴിക്കാൻ റെഡി- 
ഇത്രയും പേരെ ഞാനും പ്രതീക്ഷിച്ചിരുന്നില്ല
ഇത്രയും
പേർ വന്നാൽ എല്ലാവർക്കും ഭക്ഷണം തികയുമോ എന്ന എന്റെ സംശയം കണ്ട്‌ സംഘാടകർ പറഞ്ഞു
"ഭഗവാന്റെ കൃപ കൊണ്ട്‌ ഇവിടെ തികയാതെ വരുന്ന പ്രശ്നമേയില്ല ,ബാക്കി വരുന്നതാണു പ്രശ്നം"
ക്ഷേത്രവളപ്പിൽ ഒരുക്കിയ പന്തലിൽ വിശ്വാസികളോടും
പരിസരവാസികളോടുമൊപ്പം
ഇരുന്ന് മനം നിറഞ്ഞ്‌ കഴിച്ച സദ്യയിലെ വിഭവങ്ങൾ വിസ്തരിച്ച്‌ നിങ്ങളെ കൊതിപ്പിക്കുന്നില്ല
എല്ലാവരും കഴിച്ചെണീറ്റിട്ടും ഇലയിൽ വിളമ്പിയ പായസം നക്കിക്കുടിക്കുന്ന അർഷാദ്‌ ബത്തേരിയെ നിർബന്ധിച്ചാണൂ എഴുന്നേൽപ്പിച്ചത്‌ എന്ന് പറഞ്ഞാൽ മതിയല്ലോ-
നിറഞ്ഞ വയറും
അതിലേറെ നിറഞ്ഞ മനസ്സുമായി ഞങ്ങൾ "ചക്കരമാവിൻ കൊമ്പത്തിന്റെ" സെറ്റിലേക്ക്‌
മടങ്ങി-
ക്ഷേത്രങ്ങളും പള്ളികളും ദേവാലയങ്ങളും മനുഷ്യർക്ക്‌ ഭക്ഷണം
കൊടുക്കുന്ന ഒരു കാലം എന്നാണുണ്ടാവുക?
ജാതിയും മതവും മതിക്കെട്ടിന്ന് പുറത്ത്‌ നിൽക്കട്ടെ മനുഷ്യത്വം അകത്തുവരട്ടെ എന്ന് ചിന്തിക്കുന്ന ഒറ്റപ്പാലത്ത് കാരുടെ നന്മക്കു മുന്നിൽ 
എന്റെ പ്രണാമം

Share this news

           

RELATED NEWS