"ഒണ്ടു ചേച്ചി.. പത്തോ പതിമൂന്നോ കൊടുത്താല്‍ മതി. ചിലവും" പണക്കാരുടെ മക്കൾക്ക് പകരം ആറ്റുകാൽ ക്ഷേത്രത്തിലെ കുത്തിയോട്ടത്തിന് കുടിലിലെ വിലക്കെടുക്കപ്പെട്ട പാവങ്ങൾ; ആറ്റുകാലമ്മയുടെ ചരിത്രമെഴുതിയ എഴുത്തുകാരി ആരോപണവുമായി രംഗത്ത്ആറ്റുകാൽ ക്ഷേത്രത്തിലെ കുത്തിയോട്ട  ആചാരവുമായി ബന്ധപ്പെട്ട തർക്കങ്ങൾ കനക്കുന്നു. കുത്തിയോട്ടത്തിനെതിരെ ജയിൽ ഡി ജി പി ശ്രീലേഖ തന്റെ ബ്ലോഗിൽ എഴുതിയതിനു പിന്നാലെ ഗുരുതരമായ ആരോപണവുമായി ആറ്റുകാൽ ക്ഷേത്രത്തിന്റെ ചരിത്രമെഴുതിയ എഴുത്തുകാരി ലക്ഷ്മി രാജീവ്.

കുത്തിയോട്ട ആചാരത്തിന് കൊണ്ടുവരുന്ന കുട്ടികളെ വാടകയ്ക്ക് എടുക്കുന്നതാണെന്ന് ലക്ഷ്മി ആരോപിച്ചു. ആറ്റുകാല്‍ അമ്മ: ദ ഗോഡസ് ഓഫ് മില്യണ്‍സ് എന്ന പുസ്തകത്തിന്റെ രചയിതാവാണ് ലക്ഷ്മി. കുത്തിയോട്ട കര്‍മ്മം നിര്‍വഹിക്കാന്‍ കുട്ടികളെ വാടകയ്ക്ക് കിട്ടുമെന്നാണ് ലക്ഷ്മിയുടെ ആരോപണം. 2016ലാണ് ലക്ഷ്മിയുടെ പുസ്തകം പ്രസിദ്ധീകരിച്ചത്. പൊങ്കാല മഹോത്സവുമായി ബന്ധപ്പെട്ട് സന്ദര്‍ശനം നടത്തിയ വീട്ടിലെ ഒരു കുട്ടിയാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയതെന്ന് ലക്ഷ്മി തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.

"ആറ്റുകാലില്‍ വാടകക്ക് കുട്ടികളെ നിറുത്തുന്നുണ്ടോ ? പണക്കാരുടെ മക്കള്‍ക്ക് പകരം. ‘ഒണ്ടു ചേച്ചി, ഇപ്പൊ എത്ര റേറ്റ് അറിയില്ല. പത്തോ പതിമൂന്നോ കൊടുത്താല്‍ മതി. ചിലവും. തമിഴന്മാരുടെ മക്കളെ കിട്ടും," ലക്ഷ്മി തന്റെ ഫസിബൂക് പോസ്റ്റിൽ കുറിച്ചു.

തനിക്ക് പകരം മറ്റൊരാള്‍ കുത്തിയോട്ടം നിര്‍വഹിച്ചതായി ആ വീട്ടിലെ കുട്ടി വെളിപ്പെടുത്തിയെന്നാണ് ആരോപണം. തന്റെ അച്ഛന്‍ പണം നല്‍കി കൊണ്ടുവന്ന കുട്ടിയാണ് തനിക്ക് വേണ്ടി കുത്തിയോട്ടം നിര്‍വഹിച്ചതെന്നും കുട്ടി പറഞ്ഞു. എന്നാല്‍ ഇത് ക്ഷേത്രഭാരവാഹികളുടെ അറിവോട് കൂടിയാണോ നടത്തുന്നതെന്ന് വ്യക്തമല്ല. ഇത് തിരുനന്തപുരത്ത് സാധാരണ നടക്കുന്ന കാര്യമാണെന്ന് ആ കുടുംബം പറഞ്ഞതായും ലക്ഷ്മി വെളിപ്പെടുത്തുന്നു.

വാടകയ്ക്ക് കുത്തിയോട്ടം നിര്‍വഹിക്കുന്ന കുട്ടികള്‍ക്ക് എത്ര പണം നല്‍കുന്നുവെന്നും വ്യക്തമല്ല. കുറഞ്ഞ പൈസക്ക് ആചാരം നിര്‍വഹിക്കുന്നതിന് തമിഴ്‌നാട്ടില്‍ നിന്നും മറ്റും കുട്ടികളെ കൊണ്ടുവരുന്നതായും ആരോപണമുണ്ട്. ആരോപണത്തിന്റെ നിജസ്ഥിതി എന്തായാലും വെളിപ്പെടുത്തല്‍ നടത്തിയ കുടുംബത്തിന്റെ പേര് പുറത്തുവിടില്ലെന്ന് ലക്ഷ്മി പറഞ്ഞു. ആ കുടുംബത്തെ പ്രശ്‌നത്തിലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തും.

ആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ട ആചാരത്തിനെതിരെ ജയില്‍ ഡി.ജി.പി ആര്‍. ശ്രീലേഖ ബ്ലോഗ് എഴുതിയത് വിവാദമായിരുന്നു. ആചാരത്തിന്റെ പേരില്‍ കുട്ടികളെ ക്രൂരതയ്ക്ക് ഇരയാക്കുന്നു എന്നായിരുന്നു ശ്രീലേഖയുടെ ആരോപണം. എന്നാല്‍ ശ്രീലേഖയുടേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. 

ലക്ഷ്മിയുടെ പോസ്റ്റിന്റെ പൂർണ രൂപം:

“ഇടാന്‍ സാധിക്കാത്ത പൊങ്കാല. ?

പതിവ് പോലെ രാവിലെ ആറ്റുകാല്‍ പരിസരത്ത് എത്തി. പോലീസ് കണ്‍ട്രോള്‍ റൂമില്‍ ചെല്ലണമെന്നും പൊങ്കാല ഇടാന്‍ സ്ഥലം ഒരുക്കി വച്ചിട്ടുണ്ട് എന്നും പറഞ്ഞതുകൊണ്ട് അങ്ങോട്ട് ചെന്നു. ശ്രീലേഖ മാഡം പറഞ്ഞതുതനുസരിച്ചാണ് എന്ന് പറഞ്ഞു. എല്ലാരുടെയും മുഖം ചുളിഞ്ഞു. പരിഹാസമോ പുച്ഛമോ എന്നൊക്കെ തോന്നാവുന്ന ഒരു ഭാവം. അവര്‍ക്കിതിന്റെ ആവശ്യം വല്ലതുമുണ്ടോ. ഒരാള്‍. മറ്റൊരു പോലീസ് കാരന്‍ മാഡം – ശ്രീലേഖ മാഡം പറഞ്ഞതിനും അപ്പുറം വൃത്തികേടുകളുമുണ്ട്. പന്ത്രണ്ടു വയസായ ഈ ആണ്കുട്ടികളെയൊക്കെ തുണി ഇല്ലാതെ ഈ കുളത്തിലാണ് കുളിപ്പിക്കുന്നത്. സകലരും നോക്കിക്കൊണ്ടു പോകും. കഷ്ടമാണ് ആകുട്ടികളുടെ കാര്യം.

ഞങ്ങള്‍ക്കു പൊങ്കാല ഇടാന്‍ സ്ഥലം കിട്ടി. കൂടുതല്‍ നേരം അവിടെ നില്‍ക്കുന്നതില്‍ അപകടമുള്ളതുകൊണ്ടു അടുത്തൊരു വീട്ടിലായിരുന്നു വിശ്രമിച്ചത്. ഗൃഹനാഥന്‍ എന്നെ ഒരല്‍പം നീരസത്തോടെ നോക്കി. മാഡം എനിക്ക് ആറു വര്‍ഷം കഴിഞ്ഞാണ് കുട്ടികള്‍ ഉണ്ടായതു. എന്റെ മോനെ ഞാന്‍ കുത്തിയോട്ടം നിറുത്തി. നിലത്തിരിക്കുന്ന മുതിര്‍ന്ന ഒരു പയ്യനെ നോക്കി അദ്ദേഹം. അങ്ങനെ കുത്തിയോട്ടത്തിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം എനിക്ക് ക്ലാസ്സെടുത്തു.

അദ്ദേഹം തിരക്കുകളോടെ അവിടെയൊക്കെ നടന്നു. ഞാന്‍ ആ കുട്ടിയോട് ചോദിച്ചു.

മോന് വേദനിച്ചില്ലേ?

അത് ആന്റി , എനിക്ക് പകരം വേറെ ഒരാളെ ചിലവു കൊടുത്തു അച്ഛന്‍ നിറുത്തി. എനിക്ക് പതിമൂന്നു വയസ്സായിട്ടാണ് അങ്ങനെ ചെയ്തത്.

വിദേശ പത്രപ്രവര്‍ത്തകര്‍ എല്ലാം ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ചോദിച്ചിട്ടുണ്ട് ചെട്ടികുളങ്ങര നടക്കുന്ന പോലെ ഇവിടെ വാടകക്ക് കുട്ടികളെ കുത്തിയോട്ടത്തിനു നിറുത്തുന്നുണ്ടോ – ഞാന്‍ പറഞ്ഞു അറിയില്ല. അത്തരത്തില്‍ എനിക്ക് ചിന്തിക്കാന്‍ സാധിച്ചില്ല.

പിന്നെ ഒരാളെ വിളിച്ചു. ആറ്റുകാലില്‍ വാടകക്ക് കുട്ടികളെ നിറുത്തുന്നുണ്ടോ ? പണക്കാരുന്‌ടെ മക്കള്‍ക്ക് പകരം. 'ഒണ്ടു ചേച്ചി, ഇപ്പൊ എത്ര റേറ്റ് അറിയില്ല. പത്തോ പതിമൂന്നോ കൊടുത്താല്‍ മതി. ചിലവും. തമിഴന്മാരുടെ മക്കളെ കിട്ടും.'

പൊങ്കാല അടുപ്പു കത്തിക്കാന്‍ സമയമായി, നിര്‍വികാരമായി എഴുന്നേറ്റു എന്റെ അടുപ്പിനരികത്തു പോയി.

കഴിഞ്ഞ മുപ്പതിലധികം വര്‍ഷങ്ങളായുള്ള ശീലം. നാല്‍പ്പത്തി ഒന്ന് ദിവസത്തെ വ്രത നിഷ്ഠ. കഴിഞ്ഞ 4 -5 ദിവസമായുള്ള നിലക്കാത്ത വിശദീകരണങ്ങള്‍. ചെയ്യുന്നത് ശരിയാണോ എന്ന് പൂര്‍ണ്ണ ബോധ്യമല്ലാത്ത തോന്നലുണ്ടാക്കുന്ന അപകട സൂചനകള്‍ .

മേളം മുഴങ്ങി. കതിനാവെടികള്‍ മുഴങ്ങി. പൊങ്കാല അടുപ്പുകള്‍ക്കു തീ പകരാറായി .

ഞാന്‍ ഇറങ്ങി നടന്നു. ഭര്‍ത്താവിനെ ചതിച്ചുകൊന്നതിന് രാജസദസ്സിലേക്കു ഒറ്റയ്ക്ക് കയറിച്ചെന്ന് രാജാവിന്റെ തലയരിഞ്ഞ , ഒരു നഗരം ചുട്ടു ചാമ്പലാക്കിയ പതിനൊന്നു വയസ്സുകാരി കാളിയെ ഓര്‍ത്തു.

കുറെ നേരം നടന്നു, തിരിഞ്ഞു നോക്കി. കണ്ണ് നിറഞ്ഞു. അമ്മാ , ഞാന്‍ പോട്ടെ. ഈ വലിയ തെറ്റ് നീ നിറുത്തിയിട്ട് ഞാന്‍ വരാം. അതുവരെ വിട.വാടകക്ക് എടുക്കുന്ന പാവപ്പെട്ടവന്റെ മക്കളാരോ കരഞ്ഞു കാണും, ദേവി ഇത് വേണ്ടാന്ന്.

രഘു റായ് കാത്തു നിന്നു . വിനീതും. അവരോടൊപ്പം കറങ്ങി. ചിത്രങ്ങളെടുത്തു.

ശ്രീലേഖ മാഡത്തിന്റെ വീട്ടിലേക്കു കയറിച്ചെന്നു. അനുവാദം വാങ്ങിച്ചിട്ട് .

മാഡം എന്തിനായിരുന്നു ഇതേക്കുറിച്ചു എഴുതിയത് ? എന്റെ പുസ്തകം വായിച്ചിട്ടു മാത്രമാണോ? എനിക്ക് വിശദമായി സംസാരിക്കാന്‍ സാധിച്ചില്ല…

അല്ല ലക്ഷ്മി. ഞാന്‍ കഴിഞ്ഞ ഒരു വര്‍ഷമായി വിവരങ്ങള്‍ ശേഖരിക്കുന്നു. ലക്ഷ്മിയുടെ ബുക്ക് ഒന്നുകൂടി എന്റെ കണ്ണ് തുറപ്പിച്ചു എന്ന് മാത്രം.

പോകുമ്പോള്‍ ഉണ്ടായിരുന്ന വേവലാതി ഇല്ലാതെ വീട്ടില്‍ വന്നു കയറി. പൊങ്കാല ഇട്ടില്ലെന്നു പറഞ്ഞു. നടന്നത് വിവരിച്ചു.

നന്നായി എന്ന് പറഞ്ഞു രാജീവ് ചിരിച്ചു.?

രാത്രി ഒന്‍പതേ മുക്കാലിന് NDTV യുടെ ലൈവ് ചര്‍ച്ച വീണ്ടും. ക്ഷണം. രാഹുല്‍ ഈശ്വര്‍ ഉണ്ട്. മാഡം ജോയിന്‍ ചെയ്യണം.

കുത്തിയോട്ടം വേണമോ വേണ്ടയോ എന്നുള്ള ചര്‍ച്ചക്ക് ഇനി എന്റെ പട്ടിയെ അയച്ചാല്‍ മതിയോ എന്ന് ചോദിച്ചില്ല. ഇവരൊക്കെ കൂടി ? തീരുമാനിക്കട്ടെ.

Please.

ഇത് ഷെയര്‍ ചെയ്തു വലിയ സംഭവം ആക്കാനോ ഇനി ഇതിനിരയായ തമിഴന്മാരുടെ മക്കളെ കണ്ടുപിടിക്കാനോ എന്നെ ശല്യപ്പെടുത്തരുത്. ഞാന്‍ അവിചാരിതമായി വിശ്രമിക്കാന്‍ പോയ വീട്ടിലെ ഒരു കുട്ടിയാണ് ഇത് പറഞ്ഞത്.അവരെ പൊതുജനമധ്യത്തില്‍ വിചാരണ ചെയ്യാനും ഞാന്‍ തയ്യാറല്ല.

ഇത് ദേവിയെ അല്ലെങ്കില്‍ ആറ്റുകാല്‍ അമ്പലത്തിനെ അധിക്ഷേപിച്ചുകൊണ്ടുള്ള പോസ്റ്റല്ല. അല്ലായെന്നു പറയുന്നത് ആരെയും പേടിച്ചിട്ടല്ല. എന്റെ ആറ്റുകാല്‍ അമ്മയാണ് ഇതെനിക്ക് കാണിച്ചു തന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അവസാന നിമിഷം എന്നെ ഇങ്ങനെ ഇറക്കിക്കൊണ്ടു പോകാന്‍ എന്റെ അമ്മക്ക് മാത്രമേ സാധിക്കൂ. എന്റെ ഹൃദയത്തില്‍ ‘അമ്മ പൂര്‍വാധികം ശക്തിയോടെ തിളങ്ങുന്നു

എന്നെ ശല്യപ്പെടുത്തരുത്. ഈ വിഷയത്തില്‍ എന്റെ അവസാന വാക്കാണ് ഇത്”.

Share this news

           

RELATED NEWS