ഞങ്ങൾ വെറും ദരിദ്രരായിരുന്നില്ല, പറിച്ചെറിയപ്പെട്ടവർ. എന്റെ ഗോളുകളിൽ അമ്മയുടെ കണ്ണീരുണ്ട്. ഞാൻ പന്തടിച്ചത് അവരുടെ വിശപ്പുമാറ്റാൻ. ആട്ടിയോടിക്കപ്പെട്ടവന്റെ, അഭയാർഥിക്യാമ്പിന്റെ, പട്ടിണിയുടെ, വംശവെറിയുടെ അപമാനത്തിന്റെ ദിവസങ്ങൾ. ബെൽജിയൻ സ്ട്രൈക്കെർ ലുകാകു തന്റെ കഥ പറയുമ്പോൾ
എന്റെ അമ്മയുടെ ഭക്ഷണപ്പൊതിയുടെ മെനു ഒരിക്കലും മാറിയിരുന്നില്ല. രണ്ടു കഷ്ണം ബ്രെഡും ഒരു ഗ്ലാസ് പാലും. അത് തന്നെ കുടുംബത്തിന് താങ്ങാവുന്നതിലധികമായിരുന്നു. ആറു വയസ്സുകാരൻ ലുക്കാക്കുവിന് പക്ഷെ അതിനു പിന്നിലെ പോലും കഷ്ടപ്പാട് അറിയുമായിരുന്നു. "ഒരു ദിവസം അടുക്കളയിലെത്തിയ ഞാൻ ഞെട്ടിപ്പോയി. അത് ഒരു ഗ്ലാസ് പാലായിരുന്നില്ല. അതിൽ മുക്കാൽ ഭാഗം വെള്ളം. ഞങ്ങൾക്കത്ര പോലും പണമുണ്ടായിരുന്നില്ല. ഞങ്ങൾ വെറും പാവപ്പെട്ടവരായിരുന്നില്ല. പറിച്ചെറിയപ്പെട്ടവർ," പറയുന്നത് റൊമേലു ലുക്കാക്കു. ലോകകപ്പിൽ ബെൽജിയം ഇന്നലെ പനാമക്കെതിരെ നേടിയ മൂന്നു ഗോളിൽ രണ്ടും ലുക്കാക്കുവിന്റെ വക. 

ലുക്കാക്കു ഇന്ന് യൂറോപ്പിലെങ്ങും പ്രസിദ്ധനാണ്. ക്രിസ്ത്യാനോ റൊണാൾഡോ ഇട്ടേച്ചു പോയ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആക്രമണങ്ങളുടെ കുന്തമുനയാണ്. ബെൽജിയത്തിന്റെ ഫുട്ബാൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഗോൾ സ്‌കോറർ. 23 വയസ്സിനുള്ളിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 50  ഗോൾ നേടുന്ന താരം. 

പക്ഷെ ഇന്നലത്തെ ലോകകപ്പ് മത്സരത്തിന് തൊട്ടുമുൻപ് ലുക്കാക്കു പറഞ്ഞത് തന്റെ അമ്മയെക്കുറിച്ചാണ്. കൂട്ടിനു ദാരിദ്ര്യവും കഷ്ടതകളും വംശീയമായ ചീത്തവിളികളും മാത്രം ഉണ്ടായിരുന്ന ഒരു കാലം. തന്റെ മുന്നിൽ ഒരിക്കലും കരഞ്ഞിട്ടില്ലാത്ത അമ്മയെപ്പറ്റി, രണ്ടറ്റം മുട്ടിക്കാൻ കഷ്ടപ്പെട്ടിരുന്ന അച്ഛനെപ്പറ്റി. നാല് വർഷത്തെ വംശീയ യുദ്ധം തകർത്തെറിഞ്ഞ കോങ്കോയിലെ ജീവിതങ്ങളെപ്പറ്റി. കറുത്തവനെന്നു മുദ്രകുത്തി തന്നെ പുറത്ത് നിർത്താൻ വെമ്പുന്ന ബെൽജിയത്തിലെ വംശീയവാദികളെപ്പറ്റി. 

എന്റെ അച്ഛനും ഒരു പ്രൊഫഷണൽ ഫുട്ബാളറായിരുന്നു. പക്ഷെ, അദ്ദേഹത്തിന് പ്രായമായിരുന്നു. പണമൊന്നും അധികം സമ്പാദിക്കാനായില്ല. ക്ലാസ്സിലെ മറ്റു കുട്ടികളെപ്പോലെ, വീട്ടിൽ ടെലിവിഷനോ എന്തിനു ആഴ്ചകളോളം വൈദ്യതിയോ പോലും ഇല്ലായിരുന്നു. ഞങ്ങൾ കോംഗോയിൽ നിന്നും കുടിയേറിയവരായിരുന്നു, ലുക്കാക്കു പറയുന്നു.

"ഞങ്ങൾ ശരിക്കും കഷ്ടപ്പെടുക തന്നെയായിരുന്നു. 'അമ്മ പാലും വെള്ളവും ചേർക്കുന്നത് കണ്ടപ്പോൾ ഞാൻ കരുതി, ഇതോടെ എല്ലാ കഷ്ടതകളും അവസാനിക്കുമെന്ന്. ഇല്ല, ഇത് ഞങ്ങളുടെ ജീവിതമായിരുന്നു," Players' Tribune ലെ ലേഖനത്തിൽ ലുക്കാക്കു പറയുന്നു. "ഞാൻ ഒരിക്കലും പരാതി പറഞ്ഞില്ല. അവർ തന്ന ഭക്ഷണം സന്തോഷത്തോടെ കഴിച്ചു. പക്ഷെ, ഞാൻ അന്ന് മനസ്സിലുറപ്പിച്ചിരുന്നു, അവർ എക്കാലവുമിങ്ങനെ ജീവിച്ചുകൂടാ."

പതിനൊന്നാം വയസ്സിൽ ബെൽജിയത്തിലെ ലിയേഴ്സിന്റെ യൂത്ത് ടീമിന് വേണ്ടി കളിയ്ക്കാൻ ചെന്ന തന്നെ തടഞ്ഞു നിർത്തിയ എതിർ ടീമിലെ കളിക്കാരന്റെ അമ്മയെ താൻ ഇപ്പോളും ഓർക്കുന്നെന്നു ലുക്കാക്കു. "അവർ ചോദിച്ചു. ഇവൻ എവിടെനിന്നാണ്!! ഇവന്റെ ഐഡി എവിടെ? ഇവനെ ആരാണ് കളത്തിലേക്ക് വിട്ടത്?" ഇന്നും ആ വംശീയതയുടെ ഭൂതം ബെൽജിയത്തിലുണ്ടെന്ന് ലുക്കാക്കു. ഒരു പക്ഷെ അത് തീവ്രമായിവരികയാണ്.

ജനിച്ചത് ബെൽജിയം നഗരമായ ആന്ട്രൂപ്പിൽ. വളർന്നത് ബ്രസൽസിൽ. അതെ, താൻ ബെൽജിയംകാരൻ തന്നെ എന്ന് പറഞ്ഞപ്പോഴും ആ 'അമ്മ വിശ്വസിച്ചില്ലെന്നു ലുക്കാക്കു. 

പന്ത്രണ്ടാമത്തെ വയസ്സിൽ 34 മത്സരങ്ങളിൽ നിന്നും 76 ഗോളുകൾ. ബെൽജിയം ഒന്നാം നമ്പർ ക്ലബ്ബായ അണ്ടെർലെക്റ്റിൽ. പിന്നീട് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ. ആദ്യം എവെർട്ടോൺ, വെസ്റ്റ് ബ്രൗൺ, ചെൽസി. കഴിഞ്ഞ സീസണിൽ 590 കോടി രൂപ കൊടുത്തതാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലുക്കാക്കുവിനെ സ്വന്തമാക്കിയത്. അതെ. ലുക്കാക്കു തന്റെ ജീവിതത്തിന്റെ പടവുകൾ കയറുകയാണ്. ആന്ട്രൂപ്പിലെ ചേരിയിൽ നിന്നും ലണ്ടനിലെ ഏറ്റവും സമ്പന്നമായ പാർപ്പിട സമുച്ചയങ്ങളിലൊന്നിലാണ് തന്റെ അച്ഛനമ്മമാരോടൊപ്പം അദ്ദേഹത്തിന്റെ താമസം. മാഞ്ചസ്റ്ററിൽ നിന്നും ലഭിക്കുന്ന കോടികളിൽ വലിയൊരു പങ്കു അഭയാർത്ഥികളുടെ പുനരധിവാസപ്രവർത്തനങ്ങൾക്കു നൽകുന്നുണ്ട് ലുക്കാക്കു. 

പക്ഷെ, വംശവെറി യൂറോപ്പിൽ വർധ്ധിച്ചു വരികയാണെന്ന് ലുക്കാക്കു. "ഇന്നും ഞാൻ ഗോളടിക്കരുതെന്നു കരുതുന്ന ബെൽജിയംകാരുണ്ട്. ഇന്നും എന്റെ തോൽ‌വിയിൽ ആഹ്ളാദിക്കുന്ന എന്റെ സ്വന്തം നാട്ടുകാരുണ്ട്. എന്റെ തോൽവി, എന്റെ ടീമിന്റെ തോൽവി ബെൽജിയത്തിന്റെ കൂടെ തോൽവിയാണെന്ന് എന്നാണിവർ മനസിലാക്കുക," ലുക്കാക്കു ചോദിക്കുന്നു. 

Share this news

           

RELATED NEWS

ലുക്കാക്കു