ആരാണ് നമ്മുടെ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത്? മുരളി തുമ്മാരുകുടി എഴുതുന്നു
സ്വർണ്ണക്കടക്കാരെയും തുണിക്കടക്കാരെയും കാർ കച്ചവടക്കാരെയും കേരളത്തിലേക്ക് ആകർഷിക്കുന്ന സാമ്പത്തിക സാഹചര്യം തന്നെയാണ് ബണ്ടി ചോറുകളെയും ഭിക്ഷാടന മാഫിയകളെയും കള്ളന്മാരെയും കേരളത്തിലേക്ക് ആകർഷിക്കുന്നതും എന്ന് ഐക്യ രാഷ്ട്ര സഭയുടെ ദുരന്ത നിവാരണ സമിതി തലവൻ മുരളി തുമ്മാരുകുടി. ധാരാളം സമ്പത്ത്, കുറഞ്ഞ സുരക്ഷാ സംവിധാനങ്ങൾ, അധികം കെട്ടിപ്പൂട്ടില്ലാത്ത വീടുകൾ. 
‘പത്താഴത്തിൽ നെല്ലുണ്ടെങ്കിൽ ഏലി പുഴ നീന്തിയും വരും’ എന്ന് പറഞ്ഞതുപോലെ കേരളത്തിൽ കാർ കച്ചവടം നടത്താൻ ജർമ്മനിയിൽ നിന്നു ബി എം ഡബ്ള്യുവും ജപ്പാനിൽ നിന്ന് ടൊയോട്ടയും വരുന്നതുപോലെ കേരളത്തിൽ മോഷണം നടത്താൻ വടക്കേ ഇന്ത്യയിൽ നിന്നും ഭിക്ഷാടനം നടത്താൻ മറുനാടുകളിൽ നിന്നും ആളുകൾ വരുന്നത് സ്വാഭാവികമാണ്.

ആരാണ് നമ്മുടെ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത്?

മുരളി തുമ്മാരുകുടി 

“ഭിക്ഷാടനസംഘം കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് കേരളത്തിൽ സാധാരണയാകുന്നു. മുരളിച്ചേട്ടൻ ഇതേപ്പറ്റിയൊന്ന് എഴുതണം”
എനിക്ക് കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരം പത്ത് മെസ്സേജെങ്കിലും കിട്ടി. ഇതിൽ കേരളത്തിലുള്ളവരും പുറത്തുള്ളവരും കുട്ടികളുള്ളവരും കുട്ടികളില്ലാത്തവരും വരെയുണ്ടായിരുന്നു.

അതോടെ കേരളത്തിൽ ഒന്നോ അധികമോ വാട്സ് ആപ്പ് മെസേജുകളായി ഭീതി പരത്തുന്ന ഇത്തരം മെസേജുകൾ പ്രചരിക്കുന്നുണ്ടാകണം എന്ന് ഞാൻ മനസിലാക്കി.
രണ്ടു തെറ്റിദ്ധാരണകളിൽ നിന്നാണ് ഇതേപ്പറ്റി എഴുതാൻ ആളുകൾ എന്നോട് ആവശ്യപ്പെടുന്നത്.

1. കേരളത്തിലെ കുട്ടികളെ തട്ടിയെടുക്കുന്ന സംഭവം വ്യാപകമായി ഉണ്ടാകുന്നു എന്ന തോന്നൽ. കഴിഞ്ഞ വർഷങ്ങളിലെയോ കഴിഞ്ഞ മാസത്തെയോ കണക്കെടുത്തു നോക്കിയാൽ ഇക്കാര്യത്തിൽ അടുത്തയിടെ ഒരു വർധനയും കാണാനില്ല. കഴിഞ്ഞ ദിവസം കണ്ട ‘കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു’ എന്ന വാർത്തയിലെ പ്രതി മലയാളി തന്നെയാണ്. അതും ഭിക്ഷാടനം ചെയ്തു ജീവിക്കുന്ന ആളല്ല, വിദ്യാഭ്യാസമുള്ള ജോലിയുള്ള ഒരാളാണ്. അപ്പോൾ നമ്മുടെ കുട്ടികളെ ഭിക്ഷാടനത്തിനായി വ്യാപകമായി തട്ടിയെടുക്കുന്നു എന്ന പ്രചാരണത്തിന് കണക്കിന്റെ അടിസ്ഥാനത്തിൽ വാസ്തവമില്ല. ഇക്കാര്യം പുറത്തുവിട്ട് പൊലീസിന് എളുപ്പത്തിൽ ആളുകളുടെ ആശങ്ക അകറ്റാവുന്നതേയുള്ളു.

2. ഞാൻ എന്തെങ്കിലും എഴുതിയാൽ അതുകണ്ട് വേണ്ടപ്പെട്ടവർ ഉണർന്നു പ്രവർത്തിക്കും എന്ന വിശ്വാസം. ഇത് പൂർണ്ണമായും തെറ്റാണ്. കഴിഞ്ഞ പത്തുവർഷമായി ഞാൻ സുരക്ഷ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പബ്ലിക് പോളിസിയെക്കുറിച്ച് എഴുതാൻ തുടങ്ങിയിട്ട്. മുഖ്യമന്ത്രി മുതൽ പഞ്ചായത്ത് മെമ്പർ വരെ, ചീഫ് സെക്രട്ടറി മുതൽ വില്ലേജ് ഓഫിസർ വരെയുള്ളവർ ഞാനെഴുതുന്നത് വല്ലപ്പോഴുമോ സ്ഥിരമായോ വായിക്കുന്നുണ്ട് എന്നും എനിക്കറിയാം. എന്നാൽ ഞാനെഴുതിയ കാര്യങ്ങൾ ഒരു പഞ്ചായത്തിലെങ്കിലും ചർച്ചയായതായോ പൊതുനയം രൂപീകരിക്കാൻ ഉപയോഗിച്ചതായോ എനിക്ക് യാതൊരറിവുമില്ല. എന്റെ എഴുത്തുകൾ അത് വായിക്കുന്ന വ്യക്തികളെ സ്വാധീനിക്കുമെന്നും അവരുടെ വ്യക്തിജീവിതത്തിലെങ്കിലും അതിലെ പാഠങ്ങൾ പകർത്താൻ ശ്രദ്ധിക്കും എന്നുമാണ് എന്റെ വിശ്വാസം. ആ പ്രതീക്ഷയിലാണ് തുടർച്ചയായി വീണ്ടും എഴുതിക്കൊണ്ടിരിക്കുന്നത്. ഞാൻ പറയുന്നത് കേട്ട് സർക്കാർ എന്തെങ്കിലും ചെയ്യുന്ന കാലം വരും, പക്ഷെ തൽക്കാലം ആയിട്ടില്ല.

തെറ്റായ വിവരങ്ങൾ പരത്താനുള്ള വാട്സ് ആപ്പിന്റെ കഴിവ് അപാരമാണ്. സ്വയം രോഗം കണ്ടു പിടിക്കുന്നവരുടെ സാധ്യത ഇന്റർനെറ്റ് എങ്ങനെ വർധിപ്പിച്ചുവോ അതുപോലെയാണ് റൂമർ പരത്താൻ താല്പര്യമുളളവരെ വാട്ട്സ്ആപ്പ് സഹായിക്കുന്നത്. കേരളത്തിൽ ഡിസംബർ 31 നു മുമ്പ് ഭൂമി വലുതായി കുലുങ്ങുമെന്നും സുനാമിയുണ്ടാകുമെന്നുമുള്ള ഒരു മലയാളിയുടെ മുന്നറിയിപ്പ് കേരളത്തിലെ മുഴുവൻ ആളുകളും വായിച്ചു, പേടിച്ചു. അതുപോലെ തന്നെയാണ് കുട്ടികളെ തട്ടിയെടുക്കുന്ന ഈ കഥയും.

ഇതിന് അടിസ്ഥാനമുണ്ടെങ്കിലും ഇല്ലെങ്കിലും ഒരു പ്രത്യാഘാതം തീർച്ചയായുമുണ്ട്. ഇതോടെ മറുനാട്ടുകാരെയെല്ലാം നാം സംശയത്തോടെ വീക്ഷിക്കും. ഏതെങ്കിലും സ്ഥലത്ത് സംശയത്തിന്റെ പേരിൽ ആരെയെങ്കിലും തല്ലുകയോ കൊല്ലുകയോ വരെ ചെയ്യും. ആഫ്രിക്കയിൽ ഇങ്ങനെയൊരു കഥ കേട്ടതിനുശേഷം ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധരും വിധവകളുമായ സ്ത്രീകളെ ആൾക്കൂട്ടം ആക്രമിക്കുന്നത് പലപ്പോഴും സംഭവിക്കാറുണ്ട്. ഇതൊക്കെ നമ്മുടെ നാട്ടിലും സംഭവിക്കും, സംശയം വേണ്ട.
ഇതിനർത്ഥം ഇന്ത്യയിൽ ഭിക്ഷാടന മാഫിയകൾ ഇല്ലെന്നോ അവർ കുട്ടികളെ തട്ടിയെടുക്കുന്നില്ല എന്നോ അല്ല, ഇതിനെതിരെ നടപടി വേണ്ട എന്നുമല്ല.
ഇന്ത്യയുടെ ഏറ്റവും സമ്പന്നമായ സംസ്ഥാനങ്ങളിലൊന്നായി കേരളം മാറിക്കഴിഞ്ഞു. നമ്മുടെ ആളോഹരി വരുമാനം പതിനായിരം ഡോളറിനോടടുക്കുകയാണ്. (പർച്ചേസിംഗ് പവർ പാരിറ്റി അനുസരിച്ച്). ഇന്ത്യൻ ശരാശരിയുടെ മൂന്നിരട്ടിയോളം വരുമിത്. ഇന്ത്യയിലെ ഏറ്റവും പാവപ്പെട്ട സംസ്ഥാനങ്ങളുടെ അഞ്ഞൂറ് ശതമാനത്തിലും അധികം.

ഇതിന്റെ പ്രതിഫലനം കൂടിയാണ് നാം നമുക്ക് ചുറ്റും കാണുന്നത്. ഗ്രാമങ്ങളിൽ പോലും നല്ല സ്‌ക്കൂളുകൾ, ആശുപത്രികൾ, ആളോഹരി കാറുകളുടെയും ആഡംബര കാറുകളുടെയും വർദ്ധന, 24 മണിക്കൂറും വൈദ്യുതി, നൂറു പവനിലധികം സ്വർണ്ണം ധരിച്ച വധു ഉള്ള വിവാഹങ്ങൾ, ആയിരത്തിലധികം അതിഥികളുള്ള സൽക്കാരങ്ങൾ, പഠിക്കാനും വിനോദത്തിനുമായി ഇന്ത്യക്ക് പുറത്തേക്കുള്ള യാത്രകൾ, നാടെങ്ങുമുള്ള സ്വർണ്ണക്കടകൾ, തുണിക്കടകൾ.

ഈ സ്വർണ്ണക്കടക്കാരെയും തുണിക്കടക്കാരെയും കാർ കച്ചവടക്കാരെയും കേരളത്തിലേക്ക് ആകർഷിക്കുന്ന സാമ്പത്തിക സാഹചര്യം തന്നെയാണ് ബണ്ടി ചോറുകളെയും ഭിക്ഷാടന മാഫിയകളെയും കള്ളന്മാരെയും കേരളത്തിലേക്ക് ആകർഷിക്കുന്നതും. ധാരാളം സമ്പത്ത്, കുറഞ്ഞ സുരക്ഷാ സംവിധാനങ്ങൾ, അധികം കെട്ടിപ്പൂട്ടില്ലാത്ത വീടുകൾ. ‘പത്താഴത്തിൽ നെല്ലുണ്ടെങ്കിൽ ഏലി പുഴ നീന്തിയും വരും’ എന്ന് പറഞ്ഞതുപോലെ കേരളത്തിൽ കാർ കച്ചവടം നടത്താൻ ജർമ്മനിയിൽ നിന്നു ബി എം ഡബ്ള്യുവും ജപ്പാനിൽ നിന്ന് ടൊയോട്ടയും വരുന്നതുപോലെ കേരളത്തിൽ മോഷണം നടത്താൻ വടക്കേ ഇന്ത്യയിൽ നിന്നും ഭിക്ഷാടനം നടത്താൻ മറുനാടുകളിൽ നിന്നും ആളുകൾ വരുന്നത് സ്വാഭാവികമാണ്.

പക്ഷെ ക്രിമിനൽ ഉദ്ദേശങ്ങളുമായി കേരളത്തിലെത്തുന്നവരെയും തൊഴിൽ തേടി കേരളത്തിലെത്തുന്നവരെയും നാം ഒരേ നുകത്തിലാണ് കെട്ടുന്നത് എന്നതാണ് പ്രശ്നം. ഒരേ കണ്ണുകൊണ്ടാണ് നാം അവരെ കാണുന്നത്. മറ്റു സംസ്ഥാനങ്ങളുമായിട്ടുള്ള സാമ്പത്തിക അന്തരമാണ് ക്രിമിനലുകളെയും ഭിക്ഷാടന മാഫിയകളെയും (എയർ കണ്ടീഷണർ സെയിൽസ് മാൻമാരെയും) പോലെതന്നെ മറുനാടൻ തൊഴിലാളികളെയും കേരളത്തിലെത്തിക്കുന്നത് എന്നതുകൊണ്ട് മാത്രം അവർ ക്രിമിനലുകൾ ആകുന്നില്ല. അവരിൽ ബഹുഭൂരിപക്ഷവും വിദേശത്ത് പോകുന്ന മലയാളികളെ പോലെ സ്വന്തം കുടുംബത്തിന്റെ ജീവിതം അല്പം മെച്ചപ്പെടുത്താനായി ജോലി തേടിയെത്തിയവരാണ്. അവർ ഭൂരിപക്ഷവും ഗൾഫിൽ പോകുന്ന മലയാളികളെ പോലെ, ചെന്ന നാട്ടിലെ നിയമങ്ങളനുസരിച്ചും നാട്ടുകാരെ അല്പം പേടിച്ചും ജീവിക്കുന്നവരാണ്. മറുനാട്ടിൽ നിന്നും കുറച്ച് കള്ളന്മാരും ഭിക്ഷാടകരും എത്തി എന്നതുകൊണ്ട് എല്ലാ മറുനാട്ടുകാരെയും കള്ളന്മാരായോ കുട്ടികളെ തട്ടിയെടുക്കുന്നവരായോ കാണുന്നത് തെറ്റാണ്.

ജിഷയുടെ കൊലപാതകത്തിന് ശേഷം മറുനാട്ടുകാർ അക്രമികളാണെന്നും അവർ വന്നതിനുശേഷം കേരളത്തിൽ കൊലപാതകങ്ങൾ വർധിച്ചുവെന്നും ഒരു വാട്സ് ആപ്പ് മെസേജ് പ്രചരിച്ചിരുന്നു. അന്ന് ഞാൻ പറഞ്ഞ ഒരു കണക്ക് വീണ്ടും പറയാം.
കേരളത്തിലെ ജനസംഖ്യ ഏകദേശം 333 ലക്ഷമാണ്. അതിൽ മറുനാട്ടുകാർ ഏതാണ്ട് 30 ലക്ഷത്തോളം വരും എന്നാണ് കണക്ക്.

ഒരുവർഷം കേരളത്തിൽ ശരാശരി 300 നു മുകളിൽ കൊലപാതകങ്ങളാണ് നടക്കുന്നത് (രണ്ടായിരത്തി പതിനാറിൽ മുന്നൂറ്റി അഞ്ച്). ഏകദേശം ലക്ഷത്തിന് 0.9 എന്ന നിരക്കിൽ.

അപ്പോൾ ശരാശരി മലയാളികളിലുള്ള അത്രയും അക്രമികൾ മറുനാട്ടുകാരിൽ ഉണ്ടായിരുന്നെങ്കിൽ ഇരുപത്തി ഏഴു കൊലപാതകങ്ങളെങ്കിലും (30 ലക്ഷം X 0.9) അവർ ചെയ്തതാകേണ്ടതാണ്. സംഭവിക്കുന്നത് പത്തിലും താഴെയാണ്. അതായത് ശരാശരി മലയാളിയിൽ കാണുന്ന ക്രിമിനൽ സാന്നിധ്യത്തിന്റെ മൂന്നിലൊന്ന് മാത്രമാണ് മറുനാട്ടുകാരിൽ കാണുന്നത്.

കേരളത്തിൽ കൊലപാതകങ്ങൾ നടത്തുന്ന ബഹുഭൂരിപക്ഷവും പുരുഷന്മാരാണ്. മറുനാടൻ തൊഴിലാളികളും ഭൂരിപക്ഷവും പുരുഷന്മാരാണ്. അങ്ങനെ നോക്കുമ്പോൾ ശരാശരി മലയാളി പുരുഷന്മാരിലെ ക്രിമിനലുകളെക്കാൾ ആറിലൊന്നു ക്രിമിനലുകളേ മറുനാടൻ തൊഴിലാളികളിലുള്ളു.

തീർന്നില്ല, കേരളത്തിൽ കൊലപാതകം നടത്തുന്ന പുരുഷന്മാരിൽ ബഹുഭൂരിപക്ഷവും പതിനെട്ടിനും അറുപതിനും മദ്ധ്യേ പ്രായമുള്ളവരാണ്. മറുനാടൻ തൊഴിലാളികളിൽ ഭൂരിപക്ഷവും ഇതേ പ്രായക്കാരും. അപ്പോൾ പതിനെട്ടിനും അറുപതിനും മദ്ധ്യേ പ്രായമുള്ള മലയാളികളിലുള്ള ക്രിമിനൽ സാന്നിധ്യത്തിന്റെ ഇരുപതിലൊന്ന് പോലും മറുനാടൻ തൊഴിലാളികളിലില്ല.

വസ്തുതകൾ ഇങ്ങനെ ആയിരിക്കെയാണ് മറുനാടൻ തൊഴിലാളികളായി വരുന്നവർ ഭൂരിഭാഗവും ക്രിമിനലുകൾ ആണെന്ന വാട്ട്സ്ആപ്പ് സന്ദേശം കേരളത്തിൽ പരക്കുന്നതും മലയാളികൾ വിശ്വസിക്കുന്നതും.

ഇതിന്റെയർത്ഥം മറുനാടൻ തൊഴിലാളികളുടെ വരവുമായി ബന്ധപ്പെട്ട് കേരളത്തിൽ കുറ്റകൃത്യങ്ങൾ കൂടിയിട്ടില്ല എന്നല്ല. ലക്ഷക്കണക്കിന് പുരുഷന്മാർ വീട്ടിൽനിന്ന് അകന്ന് ലേബർ ക്യാമ്പ് പോലുള്ള സ്ഥലങ്ങളിൽ ഒരുമിച്ച് ജീവിക്കുമ്പോൾ ഉണ്ടാകുന്ന ചില പ്രശ്നങ്ങളുണ്ട്. അവർ തമ്മിലുള്ള അടിപിടി, മയക്കുമരുന്നിന്റെ ഉപയോഗം, വ്യഭിചാരം, ഇതൊക്കെ ഏറെ ഉണ്ടാകും. ഗൾഫിലെ ലേബർ കാമ്പിലും യൂറോപ്പിൽ മറ്റു നാടുകളിൽ നിന്നും അഭയാർത്ഥികൾ വന്നു താമസിക്കുന്ന സ്ഥലങ്ങളിലും ഇത് സംഭവിക്കാറുണ്ട്. ഇതിന് പരിഹാരം മറുനാട്ടുകാരെ ക്രിമിനലുകളായി കണ്ട് മാറ്റിനിർത്തുകയല്ല, കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥക്ക് അത്യന്താപേക്ഷിതമായ ഘടകമാണ് അവർ എന്നറിഞ്ഞ് നമ്മുടെ സമൂഹവുമായി അവരെ ചേർത്ത് നിർത്തുകയാണ്. അവർ ലേബർ കാമ്പിലെ പോലെ മലയാളികളിൽ നിന്നും മാറി ഒരു മുറിയിൽ പത്തും ഇരുപതും പേരൊക്കെയായി താമസിക്കുന്നത് ഒഴിവാക്കുകയാണ്. ലക്ഷക്കണക്കിന് വീടുകൾ ഒഴിഞ്ഞു കിടക്കുന്ന കേരളത്തിൽ മറുനാടൻ തൊഴിലാളികൾക്ക് വീടുകൊടുക്കാൻ നമ്മൾ എന്തുകൊണ്ട് മടിക്കുന്നു എന്ന് നാം ചിന്തിക്കേണ്ടതാണ്.

വാസ്തവമല്ലാത്ത വാട്സ് ആപ്പ് സന്ദേശങ്ങൾ ഉണ്ടാക്കിവിടുന്നവരിൽ പത്തുപേരെയെങ്കിലും അറസ്റ്റ് ചെയ്ത് ശിക്ഷിക്കണം. ഇത് ഇക്കാര്യത്തിൽ മാത്രമല്ല എത്രമാത്രം അസംബന്ധങ്ങൾ ആണ് ഓരോ ദിവസവും വാട്ട്സ്ആപ്പിൽ പറക്കുന്നത്. ഇത്രയും നല്ല ഒരു സാങ്കേതിക വിദ്യ ഞാൻ കൂടുതൽ ഉപയോഗിക്കാത്തത് അതിൽ വരുന്ന, നമ്മൾ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരുൾപ്പെടെ ഫോർവേഡ് ചെയ്യുന്ന വർഗ്ഗീയവും, സ്ത്രീ വിരുദ്ധവും, റേസിസ്റ്റും ഒക്കെയായ സന്ദേശങ്ങൾ കാണാൻ ഇഷ്ടമില്ലത്തത് കൊണ്ടാണ്. മലയാളികൾ ഇക്കാര്യത്തിൽ അല്പം ജാഗ്രത കാണിച്ചേ പറ്റൂ.
ഈ വാട്ട്സ്ആപ്പ് മെസ്സേജ് അയക്കുന്നവരെ വിരട്ടുക മാത്രമല്ല സർക്കാർ ചെയ്യേണ്ടത്. ഇങ്ങനെ വരുന്ന സന്ദേശങ്ങൾ വസ്തുതാ വിരുദ്ധമാണെന്ന് കണക്കുകൾ വച്ച് ജനങ്ങളെ ബോധവൽക്കരിക്കണം (ഇന്ന് ഇത്തരത്തിൽ മുഖ്യമന്ത്രിയുടെ ഒരു പ്രസ്താവന കണ്ടു, നല്ലത്).

ഔദ്യോഗിക കണക്കുകളനുസരിച്ച് എത്ര കുട്ടികളെ വർഷാവർഷം കാണാതാകുന്നുണ്ട്? അതിൽ മറുനാട്ടുകാർ തട്ടിയെടുത്തത് എത്ര? സമീപകാലത്ത് ഇത്തരം സംഭവങ്ങൾ വർദ്ധിക്കുന്നുണ്ടോ? അതിൽ മറുനാട്ടുകാർക്ക് പങ്കുണ്ടോ? എന്നെല്ലാം നമ്മുടെ പോലീസ് സംവിധാനം അന്വേഷിച്ച് ജനങ്ങളെ അറിയിക്കണം.
കേരളവും മറ്റു സംസ്ഥാനങ്ങളും തമ്മിലുള്ള സാമ്പത്തിക അന്തരം കൂടിവരുന്തോറും കള്ളന്മാരും കൊള്ളക്കാരും മയക്കുമരുന്നുകാരും ഭിക്ഷാടനമാഫിയയും കൂടുതൽ കേരളത്തിൽ എത്തും, സംശയം വേണ്ട. ഇത് ലോകത്ത് സാമ്പത്തിക അന്തരമുള്ള എല്ലാ സ്ഥലങ്ങളിലും സംഭവിക്കുന്ന ഒന്നാണ്. അതിനെതിരെ നമ്മുടെ സംസ്ഥാനം ജാഗ്രത പാലിക്കണം. ഇക്കാര്യത്തിൽ പുതിയ നയങ്ങളും കർമ്മ പരിപാടികളും ഉണ്ടാകണം. ഇതിൽ കേരളത്തിൽ ജീവിക്കുന്ന എല്ലാവരെയും, മലയാളികളേയും മറുനാട്ടുകാരേയും, പങ്കാളികളാക്കണം.

ഇതൊന്നും ഇപ്പോൾ നമ്മൾ ചെയ്തില്ലെങ്കിൽ എവിടെയെങ്കിലും ഒരു പാവം മറുനാട്ടുകാരനെ സംശയിച്ച് തല്ലിക്കൊല്ലുന്നതിലേക്ക് വരെ ഈ പ്രശ്നങ്ങൾ വഴിതെളിക്കും. മലയാളി സ്ത്രീകളെ പോലും റോഡിലിട്ട് തല്ലിയാലും ഇടപെടാതെ വീഡിയോ എടുത്തു കണ്ടുനിൽക്കുന്നവരാണ് നമ്മൾ. അപ്പോൾ പിന്നെ തല്ലുകൊള്ളുന്നത് മറുനാട്ടുകാരനായാൽ എന്ത് സംഭവിക്കുമെന്ന് ഊഹിക്കാമല്ലോ.

മറുനാട്ടുകാർ കുട്ടികളെ തട്ടിയെടുക്കുന്നതായി തിരുവനന്തപുരത്ത് ഇന്ന് നാം ഫോർവേഡ് ചെയ്യുന്ന സന്ദേശവും കുട്ടിയെ തട്ടിക്കൊണ്ടു പോയി എന്ന സംശയത്തിൽ കാസർകോഡ് നാളെ ഒരാളെ തല്ലിക്കൊല്ലുന്നതും തമ്മിൽ പ്രത്യക്ഷമായ ബന്ധമൊന്നും തോന്നില്ല. പക്ഷെ ഭീതിയുടെ, അവിശ്വാസത്തിന്റെ ഒരു അന്തരീക്ഷത്തിലാണ് അക്രമം ന്യായീകരിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ ഇത്തരം അസംബന്ധങ്ങൾ ഫോർവേഡ് ചെയ്യരുത്.

Share this news

           

RELATED NEWS