പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളത്തിനെന്താ കുഴപ്പം? ഭക്ഷ്യ സുരക്ഷാ കമ്മിഷണർ വീണ മാധവൻ പുറപ്പെടുവിച്ച സർക്കുലറിന്റെ ശാസ്ത്രീയത ചോദ്യം ചെയ്ത് ഐക്യരാഷ്ട്രസഭ ദുരന്ത നിവാരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടിപ്ലാസ്റ്റിക് കുപ്പികളിലെ വെള്ളം സൂര്യപ്രകാശമുള്ളിടത്തു വച്ച് സൂക്ഷിക്കുന്നത് സംബന്ധിച്ച് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ വീണ മാധവൻ ഐ എ എസ് അടുത്തിടെ രു പത്ര പരസ്യം നൽകുകയുണ്ടായി. "പൊതുജനാരോഗ്യം മുൻ നിർത്തി പ്ലാസ്റ്റിക്ക് കുപ്പികളിലും പ്ലാസ്റ്റിക്ക് കണ്ടൈനറുകളിലും വെള്ളം, ശീതളപാനീയം എന്നിവ സൂര്യപ്രകാശം മൂലമുള്ള താപം ഏൽക്കുന്ന രീതിയിൽ സൂക്ഷിക്കാൻ പാടില്ല."

എന്നാൽ ഈ പത്രപരസ്യത്തിന്റെ ശാസ്ത്രീയത ചോദ്യം ചെയ്യുകയാണ് ഐക്യരാഷ്ട്രസഭ ദുരന്ത നിവാരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി.
കുട്ടികൾക്ക് ബ്രഹ്മി കൊടുത്താൽ ബുദ്ധി കൂടും എന്ന പരസ്യം കേട്ട് ഇനി അഥവാ ബുദ്ധി കൂടിയില്ലെങ്കിലും കുഴപ്പമൊന്നുമില്ലല്ലോ, വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണത്തിന്റെ കൂടെ കുറച്ചു ബ്രഹ്മി കൊടുത്തേക്കാം എന്ന് കരുതുന്നതുപോലെയാണിതെന്നും സോഷ്യൽ മീഡിയകളിൽ സജീവമായി ഇടപെടുന്ന തുമ്മാരുകുടി പറഞ്ഞു. 
ഇത് പറയുമ്പോൾ, ഗൂഗിൾ സെർച്ചും സ്റ്റാൻഡേർഡ് സെറ്റിങ്ങും പരിചയം ഉള്ള ആളാണ് ഞാൻ. ഈ പോസ്റ്റ് എഴുതുന്നതിന് മുൻപ് അത്യാവശ്യം ഗവേഷണം നടതിയിട്ടും ഉണ്ട്. അത് കൊണ്ട് ദയവായി ഒരു ഗൂഗിൾ ലിങ്കും ആയി വരരുത്. എല്ലാ ചോദ്യങ്ങൾക്കും ആധികാരികമായ, ശാസ്ത്രത്തിൽ അടിസ്ഥാനമായ ഉത്തരങ്ങൾ ഉണ്ടെങ്കിൽ അറിയാൻ സന്തോഷമേ ഉള്ളൂ എന്ന് പറഞ്ഞാണ് തുമ്മാരുകുടി തന്റെ ലേഖനം അവസാനിപ്പിക്കുന്നത്.

മുരളി തുമ്മാരുകുടിയുടെ പോസ്റ്റിന്റെ പൂർണരൂപം ഇവിടെ വായിക്കാം:

 
പ്ലാസ്റ്റിക്ക് കുപ്പിയിലെ പാനീയം, ഇലാസ്റ്റിക്ക് ആകുന്ന ശാസ്ത്രം ?

കേരള ശാസ്ത്ര കോൺഗ്രസ്സ് നടക്കുകയാണല്ലോ, അതുകൊണ്ട് ഒരു ശാസ്ത്രവിഷയം പങ്കിടാം.


ഇത്തവണ നാട്ടിൽ ചെന്നപ്പോൾ പത്രത്തിൽ ഭക്ഷ്യ സുരക്ഷാകമ്മീഷണറുടെ ഒരു മുന്നറിയിപ്പ് കണ്ടു.

"പൊതുജനാരോഗ്യം മുൻ നിർത്തി പ്ലാസ്റ്റിക്ക് കുപ്പികളിലും പ്ലാസ്റ്റിക്ക് കണ്ടൈനറുകളിലും വെള്ളം, ശീതളപാനീയം എന്നിവ സൂര്യപ്രകാശം മൂലമുള്ള താപം ഏൽക്കുന്ന രീതിയിൽ സൂക്ഷിക്കാൻ പാടില്ല....

രണ്ടു കാരണങ്ങൾ ആണ് ഇതിന് അടിസ്ഥാനമായി പറയുന്നത്

1. പ്ലാസ്റ്റിക്ക് കണ്ടൈനറുകളിലും കുപ്പികളിലുമായി സൂക്ഷിക്കുന്ന കുടിവെള്ളം, ശീതളപാനീയം എന്നിവയിൽ നേരിട്ട് സൂര്യപ്രകാശം മൂലമുള്ള ചൂട് ഏൽക്കുന്നത് മൂല പ്ലാസ്റ്റിക്കിൽ അടങ്ങിയിട്ടുള്ള കെമിക്കലുകൾ വെള്ളവുമായി ചേരാൻ സാധ്യതയുണ്ട്.

2. ഊഷ്മാവിന്റെ അളവ് ക്രമാതീതമായി കൂടുന്ന അവസരങ്ങളിൽ പ്ലാസ്റ്റിക്കിൽ നിന്നും അപകടകരമായ കെമിക്കലുകൾ രൂപീകൃതമാകും

ഇവ രണ്ടു പൊതുജനങ്ങളുടെ ആരോഗ്യത്തിന് അത്യന്തം അപകരമാണ്.

(സർക്കുലറിന്റെ പൂർണ്ണരൂപം താഴെ ഉണ്ട്).

മുകളിലെ സർക്കുലറിൽ പറഞ്ഞ കാര്യങ്ങൾ ഒക്കെ പലകുറി വാട്ട്സ് ആപ്പ് മെസ്സേജ് വഴി നിങ്ങൾ എല്ലാം കണ്ടിട്ടുണ്ടാകണം. അതുകൊണ്ടു തന്നെ ഇത്തരം ഒരു നടപടിയെ എല്ലാവരും തന്നെ ഒറ്റയടിക്ക് പിന്തുണക്കുകയും ചെയ്യും.

എന്നാലും ഒരു ശാസ്ത്രജ്ഞൻ എന്ന നിലക്ക് എനിക്ക് കുറച്ചു കാര്യങ്ങൾ അറിയണം എന്നുണ്ട്.

1. ഏതൊക്കെ അപകടകരമായ കെമിക്കലുകൾ ആണ് പ്ലാസ്റ്റിക്കിൽ നിന്നും പുറത്തു വരുന്നത് ?, എത്ര ചൂടിൽ ?, എത്ര സമയം ചൂടാക്കിയാൽ ?

2. ഏതൊക്കെ അപകടകരമായ കെമിക്കലുകൾ ആണ് ഒരു പ്ലാസ്റ്റിക്ക് കുപ്പിയിലെ വെള്ളം ക്രമാതീതമായി ചൂടാകുമ്പോൾ ഉണ്ടാകുന്നത് ?, എന്താണ് ക്രമാതീതം ? എത്ര നേരം ചൂടാക്കണം ?

3. എല്ലാത്തരം പ്ലാസ്റ്റിക്ക് ബോട്ടിലുകളും ഒരുപോലെ ആണോ ?,

4. സൂര്യപ്രകാശം കൊണ്ടല്ലാതെ ഉള്ള ചൂടിൽ (ഉദാഹരണത്തിന് റെസ്റ്റോറന്റിൽ പാചകം ചെയ്യുന്ന അടുപ്പിന്റെ അടുത്ത് വച്ചാൽ) ഈ കെമിക്കലുകൾ ഉണ്ടാകുമോ ?

5. ഈ ഉണ്ടാകും എന്ന് പറയുന്ന രാസ വസ്തു ഏത് അളവിൽ ആണ് പൊതുജന ആരോഗ്യത്തിന് ഹാനികരം ആകുന്നത് ?

പരിസ്ഥിതി സ്നേഹികളുടെ ജന്മശത്രുവാണ് ഈ പ്ലാസ്റ്റിക്ക് ബോട്ടിലുകൾ. ലോകത്തെവിടെയും റോഡിലും തോടിലും പുഴയിലും കടലിലും എല്ലാം പ്ലാസ്റ്റിക്ക് കുപ്പികൾ കണ്ടു പൊരുതി മുട്ടി ഇരിക്കുന്ന ഒരാളാണ് ഞാൻ. അതുകൊണ്ട് തന്നെപ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുന്ന നടപടികളിൽ എനിക്ക് സന്തോഷമേ ഉള്ളൂ. അതുകൊണ്ടു തന്നെ ഈ വിഷയത്തിൽ ഇത്ര ശാസ്ത്രം ഒക്കെ അന്വേഷിക്കണോ എന്ന് നിങ്ങൾക്ക് തോന്നാം ?. തെളിവില്ലെങ്കിലും, തെളിവുണ്ടാകുന്നത് വരെ precautionary principle അനുസരിച്ച് ഇങ്ങനെ ചെയ്യുന്നതല്ല ശരി എന്നും തോന്നാം.

ഈ ചിന്ത ശരിയല്ല, . ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ നിയമങ്ങളും നയങ്ങളും ഉണ്ടാകേണ്ടത് തെളിയിക്കപ്പെട്ട ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ ആണ്. നമുക്ക് ഇഷ്ടമില്ലാത്ത കാര്യത്തിന് നമ്മൾ ശാസ്ത്രത്തിന്റെ കാര്യത്തിൽ അല്പം വിട്ടു വീഴ്ച ചെയ്യുന്നത് ഒരു വഴുപ്പുള്ള താഴ്വാരം ((slippery slope) ആണ് ഉണ്ടാക്കാൻ പോകുന്നത് .

അതീന്ദ്രിയ ധ്യാനം വച്ച് ഭൂമികുലുക്കം പ്രവചിച്ചാൽ, പ്രവചനം ശാസ്ത്രീയമല്ലെങ്കിലും കുറച്ചു മുൻകരുതൽ എടുത്തേക്കാം, ഭൂമി കുലുങ്ങിയില്ലെങ്കിലും നഷ്ടം ഒന്നും വരാനില്ലല്ലോ എന്ന് നാളെ ദുരന്ത നിവാരണ വകുപ്പ് ചിന്തിച്ചേക്കാം.

കുട്ടികൾക്ക് ബ്രഹ്മി കൊടുത്താൽ ബുദ്ധി കൂടും എന്ന പരസ്യം കേട്ട് ഇനി അഥവാ ബുദ്ധി കൂടിയില്ലെങ്കിലും കുഴപ്പമൊന്നുമില്ലല്ലോ, വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണത്തിന്റെ കൂടെ കുറച്ചു ബ്രഹ്മി കൊടുത്തേക്കാം എന്ന് ആയുഷ് വകുപ്പ് സർക്കുലറുമായി വന്നാൽ ?

ഈ പ്ലാസ്റ്റിക്കിൽ കുഴപ്പം ഇല്ലെന്നോ, കുഴപ്പം ഉണ്ടാവില്ലെന്നോ ഞാൻ പറയുന്നില്ല. പക്ഷെ ഈ പറഞ്ഞ സർക്കുലറിന്റെ ശാസ്ത്രീയ അടിസ്ഥാനം എന്താണെന്നറിയാൻ എനിക്ക് വലിയ താല്പര്യം ഉണ്ട്. ഈ വകുപ്പുമായി ബന്ധമുള്ളർ മുകളിൽ പറഞ്ഞ ചോദ്യങ്ങൾ ചോദിച്ച് ഉത്തരം കിട്ടിയാൽ പറയണം. ലോകത്ത് മറ്റുള്ളിടത്തും നടപ്പിലാക്കാൻ പറയാമല്ലോ.

(ഗൂഗിൾ സെർച്ചും സ്റ്റാൻഡേർഡ് സെറ്റിങ്ങും പരിചയം ഉള്ള ആളാണ് ഞാൻ. ഈ പോസ്റ്റ് എഴുതുന്നതിന് മുൻപ് അത്യാവശ്യം ഗവേഷണം നടതിയിട്ടും ഉണ്ട്. , അത് കൊണ്ട് ദയവായി ഒരു ഗൂഗിൾ ലിങ്കും ആയി വരരുത്. എല്ലാ ചോദ്യങ്ങൾക്കും ആധികാരികമായ, ശാസ്ത്രത്തിൽ അടിസ്ഥാനമായ ഉത്തരങ്ങൾ ഉണ്ടെങ്കിൽ അറിയാൻ സന്തോഷമേ ഉള്ളൂ.)

Share this news

           

RELATED NEWS