പുഴക്ക് ജീവിക്കാനുള്ള അവകാശത്തിനു നിയമം കൊണ്ടുവന്ന് ന്യൂസീലാൻഡ്. പുഴയെ അണകെട്ടി ഇല്ലാതാക്കാനോ വിഷജലം ഒഴുക്കി കൊല്ലാനോ പറ്റില്ല. ഇതിനൊക്കെ ആണ് വാസ്തവത്തിൽ പുരോഗതി എന്ന് പറയുന്നത് എന്ന് മുരളി തുമ്മാരുകുടി. ഒരു പാർലമെന്റ് നിയമം ലോക പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് മാതൃകയാകുന്നതിങ്ങനെ

മനുഷ്യർക്കുമാത്രമല്ല, ഇച്‌ഛാശക്തിയുണ്ടെങ്കിൽ പ്രകൃതിക്കും പരിസ്ഥിതിക്കും വരെ ജീവിക്കാനുള്ള അവകാശം നേടിയെടുക്കാം. ലോകത്താദ്യമായി ഒരു പുഴക്ക് ജീവിക്കാനുള്ള അവകാശം നേടിയെടുത്തതിനെപ്പറ്റിയാണ് ഐക്യരാഷ്ട്രസഭ ദുരന്ത നിവാരണ സമിതി തലവൻ മുരളി തുമ്മാരുകുടി പറയുന്നത്. നദികളെല്ലാം വറ്റിവരളുകയും ഒരുതുള്ളി വെള്ളത്തിനായി നെട്ടോട്ടമോടുകയും ചെയ്യുന്ന കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ ന്യൂസീലൻഡിലെ ഈ കോടതിവിധിക്ക് വലിയ പ്രാധാന്യമുണ്ട്.
നൂറ്റി അറുപതു വർഷത്തെ പോരാട്ടത്തിന് ശേഷം ആണ് ന്യൂസിലാന്റിലെ മവോറി വംശക്കാർ വ്യക്തിയെയും കുടുംബത്തെയും കച്ചവട സ്ഥാപനങ്ങളെയും പോലെ പുഴക്ക് അധികാരം നേടിയെടുത്തത്. 

"പ്രകൃതി വിഭവങ്ങൾക്ക് വ്യക്തികളെപ്പോലുള്ള അധികാരങ്ങൾ നൽകുന്നത് കാണുമ്പോൾ പലർക്കും ആദ്യം കുറച്ചൊരു അമ്പരപ്പൊക്കെ കാണും. പക്ഷെ വ്യക്തിയിൽ നിന്നും രജിസ്റ്റേർഡ് സൊസൈറ്റികളിൽ നിന്നും കുടുംബങ്ങളിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല പുഴയും," ന്യൂസീലൻഡിലെ ട്രീറ്റി നെഗോസിയേഷൻ മന്ത്രി ക്രിസ് ഫിൻലെയ്‌സണെ ഉദ്ധരിച്ച് ബി ബി സി റിപ്പോർട്ട് ചെയ്തു.

"ഇനിയിപ്പോൾ പുഴയെ അണകെട്ടി ഇല്ലാതാക്കാനോ വിഷജലം ഒഴുക്കി കൊല്ലാനോ പറ്റില്ല. ഇതിനൊക്കെ ആണ് വാസ്തവത്തിൽ പുരോഗതി എന്ന് പറയുന്നത്," തുമ്മാരുകുടി തന്റെ ഫേസ്ബുക് പോസ്റ്റിൽ എഴുതി.
 
ന്യൂസീലൻഡിലെ പാർലമെന്റ് പാസ്സാക്കിയ നിയമമനുസ്സരിച്ചു  പുഴക്ക് ഏതാണ്ട് 520 കോടി രൂപ ($80 million) അടിയന്തിര സഹായവും പിന്നെ മറ്റൊരു 195 കോടി രൂപ പുഴയുടെ ആരോഗ്യ സംരക്ഷണത്തിനും ചെലവഴിക്കാൻ തീരുമാനമായി.

മുരളി തുമ്മാരുകുടിയുടെ പോസ്റ്റിന്റെ പൂർണ രൂപം:

ഈ പുഴക്കൊക്കെ ജീവിക്കാൻ അവകാശം ഉണ്ടോ ?
നൂറ്റി അറുപത് വർഷത്തെ സമരത്തിനും കാത്തിരിപ്പിനും ശേഷം ന്യൂസിലാന്റിലെ മവോറി വംശക്കാർ അവരുടെ പുഴക്ക് നിയമപരമായ അവകാശം നേടിയെടുത്തിരിക്കുന്നു.
ലോകത്തിൽ ആദ്യമായിട്ടാണ് ഒരു പുഴക്ക് ഒരു വ്യക്തിയെപ്പോലെ, ട്രസ്റ്റിനെപ്പോലെ അല്ലെങ്കിൽ കമ്പനിയെപ്പോലെ പുഴക്കും നിയമപരമായ അവകാശങ്ങൾ കിട്ടുന്നത്. ഇനിയിപ്പോൾ പുഴയെ അണ കെട്ടി ഇല്ലാതാക്കാനോ വിഷജലം ഒഴുക്കി കൊല്ലാനോ പറ്റില്ല.
ഇതിനൊക്കെ ആണ് വാസ്തവത്തിൽ പുരോഗതി എന്ന് പറയുന്നത്. ഇങ്ങനെ ഒക്കെ ഒരു നിയമം നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ തുമ്മാരുകുടിയുടെ അടുത്തിപ്പോഴും ചുണ്ടമല ഉണ്ടായിരുന്നേനെ, ഇപ്പോൾ അതൊരു കുഴിയാണ്. കേരളത്തിലെ ആയിരക്കണക്കിന് കുന്നുകളുടെ കാര്യവും വ്യത്യസ്തമല്ല.
എന്നാണ് ഭാരതപ്പുഴക്കും പെരിയാറിനും ഒക്കെ ജീവിക്കാൻ നിയമപരമായ അവകാശം ഉണ്ടാകുന്നത് ? അതോ അതിനു മുൻപ് അവരൊക്കെ ചത്ത് പോകുമോ ?

Share this news

           

RELATED NEWS