2016 ന് ശേഷം രാജ്യത്ത് ആത്മഹത്യ ചെയ്ത കര്‍ഷകരെ സംബന്ധിക്കുന്ന വിവരങ്ങളൊന്നും ലഭ്യമല്ലെന്ന് കേന്ദ്രസർക്കാർ
കഴിഞ്ഞ മൂന്ന് വര്‍ഷമായി രാജ്യത്ത് നടന്ന കര്‍ഷക ആത്മഹത്യകളുടെ കണക്ക് എടുത്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര കൃഷിവകുപ്പ് മന്ത്രി രാധാമോഹന്‍ സിങാണ് പാര്‍ലമെന്റിനെ ഇക്കാര്യം അറിയിച്ചത്. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയാണ് ഈ കണക്കുകള്‍ തയ്യാറാക്കുന്നതെന്നും 2016 ന് ശേഷം ഇവര്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടില്ലെന്നുമാണ് മന്ത്രി പാര്‍ലമെന്റിനെ അറിയിച്ചത്. 

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദിനേഷ് ത്രിവേദിയുടെ ചോദ്യത്തിനായിരുന്നു ഈ മറുപടി. 2016 മുതല്‍രാജ്യത്ത് എത്ര കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും അവരുടെ കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ എന്ത് ചെയ്തു എന്നുമായിരുന്നു അദ്ദേഹം ചോദിച്ചത്. ക്രൈം റെക്കോര്‍ഡ്‌സ്  ബ്യൂറോ ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് കൂട്ടിച്ചേര്‍ക്കാനും മന്ത്രി മടിച്ചില്ല. 

2015 ലെ കണക്ക് അനുസരിച്ച് 8000 കര്‍ഷകരാണ് രാജ്യത്ത് ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്രയില്‍ മാത്രം 3030 കര്‍ഷകരും തെലങ്കാനയില്‍ 1358 കര്‍ഷകരുമാണ് കൃഷിനാശവും കടബാധ്യതയും കാരണം ജീവനൊടുക്കിയത്. 

70 ശതമാനത്തോളം ജനങ്ങള്‍ കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന രാജ്യത്ത് ഇത്തരം റിപ്പോര്‍ട്ട് തയ്യാറാക്കിയില്ലെന്ന് പറയുന്നത് സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നത് വരെ പ്രധാനമന്ത്രിയെ ഉറങ്ങാന്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പറഞ്ഞിരുന്നു.

Share this news

           

RELATED NEWS

india,bjp,farmers,suicide