കൊവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പള്ളികളില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ജുമുഅ നടത്തേണ്ടതില്ലെന്ന് കാന്തപുരം വിഭാഗം

കൊവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യമെമ്പാടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പള്ളികളില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ജുമുഅ നടത്തേണ്ടതില്ലെന്ന് കാന്തപുരം വിഭാഗം.

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂട്ടംചേര്‍ന്നുള്ള ആരാധനകളൊന്നും നടത്താന്‍ പാടില്ലെന്നും വെള്ളിയാഴ്ച ജുമുഅ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പള്ളികളില്‍ നിര്‍വ്വഹിക്കേണ്ടതില്ലെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (കാന്തപുരം വിഭാഗം) പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

അടിയന്തരഘട്ടങ്ങളില്‍ കുറഞ്ഞ ആളുകളെ കൊണ്ട് ജുമുഅ നിസ്‌കാരം നിര്‍വ്വഹിക്കുക എന്ന രീതിയും ഈ സാഹചര്യത്തില്‍ പാടില്ല. നമ്മുടെ ശരീരത്തെ അപകടകരമായ അവസ്ഥയിലേക്ക് വിട്ടുകൊടുക്കരുതെന്ന് ഖുര്‍ആന്‍ കല്‍പ്പിക്കുന്നുണ്ട്.

അതിനാല്‍, സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രകാരം വീടുകളില്‍ ഒതുങ്ങിയിരിക്കുകയും പുറമേക്കുള്ള സമ്പര്‍ക്കം പൂര്‍ണ്ണമായി ഒഴിവാക്കുകയും വേണം. വിശ്വാസികള്‍ വീടുകളിലിരുന്നുകൊണ്ട് ആരാധനകളില്‍ സജീവമാവുകയും കൊറോണ മഹാമാരിയില്‍ നിന്ന് രക്ഷനേടാന്‍ പ്രാര്‍ത്ഥനാ നിരതരാവുകയും ചെയ്യേണ്ടതാണെന്നും നേതാക്കള്‍ പറഞ്ഞു.

Share this news

           

RELATED NEWS

Kanthapuram, Corona