കസബ വിവാദത്തില്‍ മമ്മൂട്ടി പറഞ്ഞ കാര്യങ്ങളിൽ പൂർണ തൃപ്തി ഇല്ലെന്നു നടി പാർവതി. മാപ്പുപറയാനുമില്ല. ഇന്‍ഡസ്ട്രി മറ്റു പലർക്കുമെന്നപോലെ തനിക്കും അവകാശപ്പെട്ടത്. അവസാനമില്ലാതെ വീണ്ടും കസബാ വിവാദം


മമ്മൂട്ടിയുടെ കസബ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ പുതിയ പ്രതികരണവുമായി നടി പാർവതി. മെഗാ സ്റ്റാർ മമ്മൂട്ടി പറഞ്ഞ കാര്യങ്ങളിൽ പൂര്ണതൃപ്തിയില്ലെന്നും എന്നാൽ അദ്ദേഹം സംസാരിച്ചതിൽ സന്തോഷമുണ്ടെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.

"എനിക്ക് അവസരങ്ങള്‍ കുറയുമെന്നും എനിക്കെതിരെ ലോബിയിംഗ് നടത്തുമെന്നും പറഞ്ഞു. ഞാന്‍ വീട്ടുപോകുമോ...കഴിഞ്ഞ 12 വര്‍ഷമായി എന്റെ വീട് ഇതാണ്. ഇന്‍ഡസ്ട്രി മറ്റുള്ളവര്‍ക്ക് അവകാശപ്പെട്ടത് പോലെ തന്നെയാണ് തനിക്കുമെന്നും പാർവതി വ്യക്തമാക്കി. 

ഞാന്‍ സ്വന്തമായിട്ടാണ് ഈ ഇന്‍ഡസ്ട്രിയിലേക്ക് വന്നത്. എന്റെ വില്‍പവര്‍ കൊണ്ടും കഠിനാധ്വാനം കൊണ്ടുമാണ് നിലനിന്നത് അതുകൊണ്ട് ഞാന്‍ ഇനിയും സിനിമകള്‍ ചെയ്യും. തടസ്സങ്ങളുണ്ടാകും, പക്ഷെ, ഞാനൊരിടത്തും പോകുന്നില്ലെന്നും പാര്‍വതി പറഞ്ഞു.

മിതത്വം പാലിക്കാന്‍ ഒരുപാട് പേര്‍ എന്നെ ഉപദേശിച്ചു. ഞാന്‍ പറഞ്ഞു മിണ്ടാതിരിക്കുന്നത് കൊണ്ട് കിട്ടുന്ന വര്‍ക്കുകള്‍ എനിക്ക് വേണ്ട. എനിക്ക് ജോലി കിട്ടിയില്ലെങ്കില്‍, ഞാന്‍ അവസരങ്ങള്‍ ഉണ്ടാക്കി എടുക്കും.

സിനിമ നിര്‍മ്മിക്കാനും സംവിധാനം ചെയ്യാനുമൊക്കെയുള്ള ശക്തി എനിക്ക് കഴിഞ്ഞ ദിവസത്തെ സംഭവങ്ങള്‍ കൊണ്ട് വര്‍ദ്ധിച്ചിട്ടേയുള്ളുവെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടി പറഞ്ഞ കാര്യത്തില്‍ പൂര്‍ണ തൃപ്തി ഉണ്ടെന്ന് എനിക്ക് പറയാന്‍ സാധിക്കില്ല. പക്ഷെ, അദ്ദേഹം സംസാരിച്ചതില്‍ സന്തോഷമുണ്ടെന്നും പാര്‍വതി അഭിമുഖത്തില്‍ പറഞ്ഞു.

 കഴിഞ്ഞ ഡിസംബറിൽ തിരുവനന്തപുരത്തു നടന്ന അന്താരാഷ്‌ട്ര ചലച്ചിത്രോത്സവ വേദിയിൽ വച്ചാണ് സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നിറഞ്ഞ ഒരു സിനിമയാണ് കസബ എന്ന് പാർവതി തുറന്നടിച്ചതു. ഇതേ തുടർന്നു, മമ്മൂട്ടി ആരാധകരിൽ നിന്നും സോഷ്യൽ മീഡിയയിൽ രൂക്ഷമായ ആക്രമണമാണ് നടിക്ക് നേരിടേണ്ടി വന്നത്. വിവാദം ഏതാണ്ട് കെട്ടടങ്ങി എന്ന് കരുതുമ്പോഴാണ് പുതിയ പ്രസ്താവനയുമായി പാർവതി തന്നെ രംഗത്തെത്തിയിരിക്കുന്നത്.

Share this news

           

RELATED NEWS