ഡൽഹി ഹൈക്കോടതി ജഡ്‌ജിയെ സ്ഥലംമാറ്റാനുള്ള സുപ്രീംകോടതി കൊളീജിയം തീരുമാനത്തിൽ പ്രതിഷേധം

ഡൽഹി ഹൈക്കോടതി ജഡ്‌ജിയെ സ്ഥലംമാറ്റാനുള്ള സുപ്രീംകോടതി കൊളീജിയം തീരുമാനത്തിൽ പ്രതിഷേധം. ജസ്‌റ്റിസ്‌ ഡോ. എസ്‌ മുരളീധറിനെ ഡൽഹിയിൽനിന്ന്‌ പഞ്ചാബ്‌ ഹൈക്കോടതിയിലേക്ക്‌ മാറ്റാനുള്ള കൊളീജിയം തീരുമാനം വിവാദമായി. കൊളീജിയം നീക്കത്തിൽ പ്രതിഷേധിച്ച്‌ വ്യാഴാഴ്‌ച പണിമുടക്കാൻ ഡൽഹി ഹൈക്കോടതി ബാർ അസോസിയേഷൻ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി തീരുമാനിച്ചു.

2006ൽ ജഡ്‌ജിയായ ജസ്‌റ്റിസ്‌ എസ്‌ മുരളീധർ ഡൽഹി ഹൈക്കോടതിയിലെ മൂന്നാമത്തെ മുതിർന്ന ജഡ്‌ജിയാണ്‌. സ്വവർഗരതി നിയമവിധേയമാക്കിയതും  ഹാഷിംപുര കൂട്ടക്കൊലപാതക കേസിലെ പ്രതികളെ ശിക്ഷിച്ചതും സിഖ്‌ വിരുദ്ധ കലാപക്കേസിൽ കോൺഗ്രസ്‌ നേതാവ്‌ സജ്ജൻകുമാറിനെ ജീവപര്യന്തം ശിക്ഷിച്ചതും ജസ്‌റ്റിസ്‌ മുരളീധർ അംഗമായ ബെഞ്ചായിരുന്നു.

2018ൽ ഭീമാകൊറേഗാവ്‌ കേസിലെ പ്രതിയും സാമൂഹ്യപ്രവർത്തകനുമായ ഗൗതം നവ്‌ലാഖയുടെ ട്രാൻസിറ്റ്‌ റിമാൻഡ്‌ റദ്ദാക്കിയ ജസ്‌റ്റിസ്‌ മുരളീധറിന്റെ ഉത്തരവും വാർത്തയായി. ഇതേത്തുടർന്ന്‌ ജസ്‌റ്റിസ്‌ മുരളീധറിനും ഗൗതം നവ്‌ലാഖയ്‌ക്കും  ബന്ധമുണ്ടെന്ന ട്വീറ്റ്‌ ആർഎസ്‌എസ്‌ നേതാവ്‌ എസ്‌ ഗുരുമൂർത്തി റീട്വീറ്റ്‌ ചെയ്‌തു. സുനന്ദ പുഷ്‌കർ കേസിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട്‌ ബിജെപി നേതാവ്‌ സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച ഹർജി തള്ളിയത്‌ ജസ്‌റ്റിസ്‌ എസ്‌ മുരളീധറിന്റെ ബെഞ്ചായിരുന്നു.

ജസ്‌റ്റിസ്‌ മുരളീധറിനെ സ്ഥലംമാറ്റാൻ 2018 ഡിസംബറിലും 2019 ജനുവരിയിലും ആലോചിച്ചിരുന്നെങ്കിലും കൊളീജിയം അംഗങ്ങളായ ചില ജഡ്‌ജിമാർ ശക്തമായി വിയോജിച്ചതോടെ മാറ്റിവയ്‌ക്കുകയായിരുന്നു.

Share this news

           

RELATED NEWS

Delhi High Court