സമ്പന്നരുടെ 5.5 ലക്ഷം കോടി കടം എഴുതിത്തള്ളുന്നു;യുവാക്കൾ തൊഴിൽ ആവശ്യപ്പെടുമ്പോൾ, ചന്ദ്രനെ നോക്കാൻ പറയുന്നു:കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്രയിലെ ലത്തൂരിൽ നടന്ന റാലിയിൽ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാരിനെ വിമർശിക്കാൻ ഇന്ത്യയുടെ ചാന്ദ്രദൗത്യം വിഷയമാക്കി. ജനങ്ങളുടെ ശ്രദ്ധ പ്രധാന വിഷയങ്ങളിൽ നിന്ന് വ്യതിചലിപ്പിക്കാൻ കേന്ദ്ര സർക്കാർ ചാന്ദ്രദൗത്യത്തെ ഉപയോഗിച്ചു എന്ന് റാലിയിൽ രാഹുൽ ഗാന്ധി പറഞ്ഞു.

യുവാക്കൾ ജോലി ആവശ്യപ്പെടുമ്പോൾ ചന്ദ്രനെ നോക്കാൻ സർക്കാർ അവരോട് പറയുന്നുവെന്ന് ഇസ്രോയുടെ സമീപകാല ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -2 നെ പരാമർശിച്ച് കോൺഗ്രസ് നേതാവ് പറഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിൽ മോദി 2017 ലെ ഡോക്ലാം നിലപാടിനെക്കുറിച്ച് ചോദിച്ചോ എന്നും അദ്ദേഹം ചോദിച്ചു. 2017 ൽ ചൈനീസ് സൈനികർ ഇന്ത്യൻ പ്രദേശത്തേക്ക് കടന്നതായുള്ള ആരോപണത്തെകുറിച്ചാണ് അദ്ദേഹം പരാമർശിച്ചത്. “ഇത് മേക്ക് ഇൻ ഇന്ത്യയല്ല , മേക്ക് ഇൻ ചൈനയാണ് ” അദ്ദേഹം പറഞ്ഞു.

“യുവാക്കൾ ജോലി ആവശ്യപ്പെടുമ്പോൾ, ചന്ദ്രനെ നോക്കാൻ സർക്കാർ അവരോട് പറയുന്നു. പ്രധാന വിഷയങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുക എന്നത് മാധ്യമങ്ങളുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും പ്രവർത്തനമാണ്.” രാഹുൽ ഗാന്ധി പറഞ്ഞു.

ആർട്ടിക്കിൾ 370 നെക്കുറിച്ചും ചന്ദ്രനെക്കുറിച്ചും സർക്കാർ സംസാരിച്ചുകൊണ്ടിരിക്കെ, രാജ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് മൗനം പാലിക്കുകയാണെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. രാജ്യത്തെ കർഷകരുടെ ദുരിതത്തിലും തൊഴിലില്ലായ്മയിലും മാധ്യമങ്ങളും മൗനം പാലിക്കുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

രാജ്യത്തെ 15 സമ്പന്നരുടെ 5.5 ലക്ഷം കോടി രൂപയുടെ കടം നരേന്ദ്ര മോദി സർക്കാർ എഴുതിത്തള്ളിയതായും രാഹുൽ ഗാന്ധി ആരോപിച്ചു.

നോട്ട് നിരോധനത്തിന്റെ ഗുണം ആർക്കാണ് ലഭിച്ചത്? നീരവ് മോദി ഓടിപ്പോയി. പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നു, ‘നോട്ട് നിരോധനം ആർക്കും പ്രയോജനപ്പെടുന്നില്ലെങ്കിൽ എന്നെ തൂക്കിക്കൊല്ലുക’ എന്നാൽ ആർക്കാണ് അതിന്റെ ഗുണം ലഭിച്ചത്? ” രാഹുൽ ഗാന്ധി ചോദിച്ചു. “ചന്ദ്രനിലേക്ക് ഒരു റോക്കറ്റ് അയയ്ക്കുന്നത് മഹാരാഷ്ട്രയിലെ ജനങ്ങളുടെ വയറു നിറയ്ക്കില്ല.” രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.

നോട്ട് നിരോധനത്തിന്റെയും ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പാക്കിയതിന്റെയും ലക്ഷ്യം, ദരിദ്രരുടെ പോക്കറ്റിൽ നിന്ന് പണം എടുത്ത് സമ്പന്നർക്ക് നൽകുക എന്നതാണ് എന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.

വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിനായി മഹാരാഷ്ട്രയിലെ ലത്തൂർ ജില്ലയിലെ ഔസയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ ഗാന്ധി. ഒക്ടോബർ 21 നാണ് മഹാരാഷ്ട്രയിൽ വോട്ടെടുപ്പ്. ഒക്ടോബർ 24 ന് വോട്ടെണ്ണും.

Share this news

           

RELATED NEWS

rahul gandhi