ആര്‍ബിഐയില്‍ നിന്ന് ഇടക്കാല ലാഭവിഹിതമായി 30,000 കോടി കൂടി ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ധനക്കമ്മി മറികടക്കാന്‍ റിസര്‍വ് ബാങ്കില്‍ നിന്ന് ഇടക്കാല ലാഭവിഹിതമായി 30,000 കോടിരൂപകൂടി കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ ധനക്കമ്മി 3.3 ശതമാനത്തില്‍ നിലനിര്‍ത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് റിസര്‍വ് ബാങ്കില്‍ നിന്ന് കൂടുതല്‍ തുക ആവശ്യപ്പെടാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നത്. കൂടുതല്‍ ലാഭവിഹിതം നല്‍കണമോ എന്ന കാര്യത്തില്‍ ജനുവരിയില്‍ റിസര്‍വ് ബാങ്ക് തീരുമാനമെടുക്കുമെന്നാണ് സൂചനകള്‍.

ആവശ്യമായി വരികയാണെങ്കില്‍ റിസര്‍വ് ബാങ്കില്‍ നിന്ന് ഇടക്കാല ലാഭവിഹിതമായി 25,000 മുതല്‍ 30,000 കോടിരൂപവരെ ധനക്കമ്മി നികത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കുമെന്നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇടക്കാല ലാഭവിഹിതമായി 28,000 കോടിരൂപ കേന്ദ്രസര്‍ക്കാരിന് റിസര്‍വ് ബാങ്ക് കൈമാറിയിരുന്നു.

കഴിഞ്ഞ ഓഗസ്റ്റില്‍ കേന്ദ്രസര്‍ക്കാരിന് കരുതല്‍ ധനശേഖരത്തില്‍ നിന്ന് 1.76 ലക്ഷം കോടി രൂപ നല്‍കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചിരുന്നു. ബിമല്‍ ജലാന്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഈ തീരുമാനം. രാജ്യത്തിന്റെ പൊതുകടം 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ 7.10 ലക്ഷം കോടിക്ക് മുകളിലേക്ക് പോകാതിരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പരിശ്രമിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ പൊതുകടം 5.35 ലക്ഷം കോടിയായിരുന്നു. ഈ ആശങ്കകള്‍ക്കിടെയാണ് ആറുവര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ സാമ്പത്തിക വളര്‍ച്ചയായ അഞ്ച് ശതമാനം കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ രേഖപ്പെടുത്തിയത്. ഇതിന് മുമ്പ് ഏറ്റവും കുറഞ്ഞ സാമ്പത്തിക വളര്‍ച്ച 4.3 ശതമാനമായി രേഖപ്പെടുത്തിയത് 2012-13 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തിലായിരുന്നു.

Share this news

           

RELATED NEWS

rbi,national,economy