ഇന്ധന നികുതിയുടെ വലിയപങ്കും സംസ്ഥാനങ്ങൾക്കാണ് ലഭിക്കുന്നതെന്ന സംഘപരിവാർ കള്ളക്കഥ പൊളിയുന്നു;സത്യാവസ്ഥ ഇങ്ങനെഇന്ധനവില വർധനവിൽ ജനങ്ങൾ വലയുമ്പോൾ  കേന്ദ്ര സർക്കാരിനെതിരെ  ഉയർന്നു വരുന്ന ജനരോഷത്തെ വഴിതിരിച്ചുവിടാൻ ബിജെപി ഐടി സെൽ കെട്ടിച്ചമച്ച്‌ പ്രചരിപ്പിക്കുന്നതാണ്‌ പെട്രോളിയം നികുതിയുടെ വലിയപങ്കും ലഭിക്കുന്നത്‌ സംസ്ഥാനങ്ങൾക്കാണെന്ന കള്ളക്കഥ. സംസ്ഥാന സർക്കാരുകളുടെ നികുതിക്ക്‌ പുറമേ  കേന്ദ്രം പിരിക്കുന്ന നികുതിയുടെ 42 ശതമാനവും സംസ്ഥാനങ്ങൾക്കാണ്‌ ലഭിക്കുകയെന്നാണ്‌ ബിജെപിയുടെ വാദം. ഇതിനാൽ സംസ്ഥാന സർക്കാരാണ്‌ നികുതി കുറക്കേണ്ടതെന്നും അവർ പറയുന്നു. ബിജെപി ഐടി സെൽ നേതൃത്വത്തിൽ സാമൂഹ്യമാധ്യമങ്ങളിലും ചാനൽ ചർച്ചയിൽ ബിജെപി നേതാക്കൻമാരും ആവർത്തിച്ചാവർത്തിച്ച് ഉന്നയിക്കുന്ന ഈ ആരോപണത്തിന്റെ സത്യാവസ്ഥ ഇങ്ങനെ.

സെപ്റ്റംബർ രണ്ടിന്  ലിറ്ററിന് 82.86 രൂപയുണ്ടായിരുന്നപ്പോഴുള്ള കണക്ക് ഇതാണ്.അടിസ്ഥാന വില 40.53 രൂപയാണ്.ഇതിനു പുറമെയായി ഒരു ലിറ്റർ പെട്രോളിന്റെ വിലയിൽ നിന്നും കേന്ദ്ര സർക്കാർ ആകെ പിരിച്ചെടുക്കുന്ന നികുതി 19.48 രൂപയാണ്‌. ഇതിൽ അടിസ്ഥാന സെൻട്രൽ എക്‌സൈസ് ഡ്യൂട്ടി 4.48 രൂപയാണ്‌. ഇതിനു പുറമേ സ്പെഷ്യൽ അഡീഷണൽ ഡ്യൂട്ടിയായി ഏഴു രൂപയും  റോഡ്/ഇൻഫ്രാസ്ട്രക്ചർ സെസായി എട്ടു രൂപയും കേന്ദ്ര സർക്കാർ ഓരോ ലിറ്റർ പെട്രോളിൽ നിന്നും പിരിച്ചെടുക്കുന്നു. 


മൊത്തം കേന്ദ്ര നികുതിയായ 19.48 രൂപയുടെ 42 ശതമാനം സംസ്ഥാന സർക്കാരുകൾക്കാണെന്നാണ്‌ ബിജെപിക്കാരുടെ വാദം. ഇങ്ങനെയെങ്കിൽ 19.48 എന്നതിന്റെ 42 ശതമാനം 8.18 രൂപ കേരളത്തിന്‌ ലഭിക്കണം. എന്നാൽ വാസ്‌തവത്തിൽ അടിസ്ഥാന സെൻട്രൽ എക്‌സൈസ്‌ ഡ്യൂട്ടിയായ 4.48 രൂപയുടെ 42 ശതമാനം മാത്രമാണ് സംസ്ഥാനങ്ങളുമായി പങ്കുവക്കാൻ ഭരണഘടനാപരമായി കേന്ദ്ര സർക്കാരിന്‌ ബാധ്യതയുള്ളത്‌. ഇതുതന്നെ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകൾക്ക്‌ നൽകുന്ന എന്തെങ്കിലും പ്രത്യേക ആനുകൂല്യമല്ല, ഭരണഘടനാപരമായി സംസ്ഥാനങ്ങൾക്ക്‌ വ്യവസ്ഥ ചെയ്യപ്പെട്ടിരിക്കുന്ന അവകാശമാണ്‌. പെട്രോളിയം നികുതിയിൽ ഏറിയ പങ്കും സ്പെഷ്യൽ അഡീഷണൽ ഡ്യൂട്ടിയും റോഡ്/ഇൻഫ്രാസ്ട്രക്ചർ സെസുമാണ്‌. ഈ നികുതികൾക്ക്‌ മേൽപ്പറഞ്ഞ ഭരണഘടനാ വ്യവസ്ഥ ബാധകമല്ല. ഇതോടെ ബിജെപി ഐടി സെൽ നുണയുടെ ആദ്യഭാഗം പൊളിയുന്നു. 

ഇനി ഈ അടിസ്ഥാന സെൻട്രൽ എക്‌സൈസ്‌ ഡ്യൂട്ടി സംസ്ഥാനങ്ങളുമായി പങ്കുവക്കുന്നതിന്റെ മാനദണ്ഡം എന്താണെന്നു നോക്കാം. കേന്ദ്ര സർക്കാർ ആകെ പിരിക്കുന്ന  അടിസ്ഥാന സെൻട്രൽ എക്‌സൈസ്‌ ഡ്യൂട്ടിയുടെ 42 ശതമാനം എല്ലാ സംസ്ഥാനങ്ങൾക്കും കൂടിയുള്ളതാണ്. അതായത് 4.48 രൂപയുടെ 42 ശതമാനമായ 1.88 രൂപ എല്ലാ സംസ്ഥാനങ്ങൾക്കുമായി വീതം വച്ചു നൽകുകയാണ്‌ കേന്ദ്ര സർക്കാരിന്റെ ചുമതല. ഈ തുകം വീതം വക്കുന്നത്‌ ധനകാര്യ കമ്മീഷൻ നിശ്‌ചയിച്ചിട്ടുള്ള മാനദണ്ഡം അനുസരിച്ചാണ്‌. ഈ മാനദണ്ഡ പ്രകാരം സംസ്ഥാനങ്ങളുമായി പങ്കുവക്കേണ്ട തുകയുടെ 2.5 ശതമാനം മാത്രമാണ്‌ കേരളത്തിന് ലഭിക്കുന്ന വിഹിതം. ഏറ്റവും കൂടുതൽ ലഭിക്കുന്ന സംസ്ഥാനമായ ഉത്തർപ്രദേശിന്‌ 18 ശതമാനത്തിനടുത്ത്‌ ലഭിക്കുമ്പോഴാണ് കേരളത്തിന് 2.5 ശതമാനം ലഭിക്കുന്നത്.

അതായത്‌ ഒരു ലിറ്റർ പെട്രോളിന്‌ കേന്ദ്ര സർക്കാർ ആകെ പിരിക്കുന്ന നികുതിയായ 19.48 രൂപയിൽ കേരളത്തിന്‌ തിരികെ ലഭിക്കുന്നത്‌ അഞ്ച്‌ പൈസയിൽ താഴെ മാത്രം (.047 രൂപ)! ഇതോടെ കേന്ദ്ര സർക്കാർ പിരിക്കുന്ന നികുതിയിൽ 8.18 രൂപ സംസ്ഥാനത്തിന്‌ തിരികെ ലഭിക്കുമെന്ന ബിജെപി ഐടി സെല്ലിന്റെ പെരുംനുണ പൂർണമായും പൊളിയുന്നു. 

2014ൽ അധികാരത്തിലേറിയ നരേന്ദ്ര മോഡി സർക്കാർ 9 തവണയാണ് പെട്രോളിന്റെ എക്സൈസ് ഡ്യുട്ടി വർധിപ്പിച്ചത്! 2014 ൽ 9.48 രൂപയായിരുന്ന എക്‌സൈസ്‌ ഡ്യൂട്ടി 2016 ൽ എത്തിയപ്പോൾ 21.48 രൂപയാക്കി. 12 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്‌ രണ്ടു വർഷക്കാലയളവിൽ ബിജെപി സർക്കാർ വർധിപ്പിച്ചത്! പിന്നീട്‌ 2017 ഒക്ടോബറിൽ ലിറ്ററിന് 2 രൂപ നികുതി കുറച്ച് 19.48 രൂപയാക്കി. 2014 ൽ 3.56 രൂപ ഉണ്ടായിരുന്ന ഡീസൽ സെൻട്രൽ എക്സൈസ് ഡ്യുട്ടിയും നിരവധി തവണ വർധിപ്പിച്ച് 2016 ജനുവരിയിൽ ലിറ്ററിന്‌ 17.33 രൂപ എന്ന നിലയിലെത്തിച്ചു. 2017 ഒക്ടോബറിലാണ്‌ കേന്ദ്രം ഡീസലിന്റെ നികുതിയും ലിറ്ററിന് 2 രൂപ കുറച്ചത്‌. അന്താരാഷ്‌ട്ര മാർക്കറ്റിൽ ക്രൂഡ്‌ ഓയിൽ വില കുറഞ്ഞപ്പോഴും പെട്രോൾ‐ഡീസൽ നികുതിവർധിപ്പിച്ച്‌ വിലക്കുറവിന്റെ ആനുകൂല്യം ജനങ്ങൾക്ക്‌ നിഷേധിച്ചു. 

നികുതി വർധിപ്പിക്കുമ്പോൾ തന്നെയും സംസ്ഥാനങ്ങളുമായി പങ്കുവക്കേണ്ട തീരുവ കൂട്ടാതെ കേന്ദ്രത്തിനു മാത്രം ലഭിക്കുന്ന തീരുവകള്‍ മാത്രം കുത്തനെ കൂട്ടുകയാണ്‌ കേന്ദ്ര സർക്കാർ ചെയ്‌തത്‌. അടിസ്ഥാന എക്സൈസ് ഡ്യൂട്ടി മാത്രമേ നിയമപ്രകാരം സംസ്ഥാനങ്ങളുമായി പങ്കുവെക്കേണ്ടതുള്ളൂ എന്നതുകൊണ്ട് മൂന്നരവര്‍ഷത്തിനിടയില്‍ കൂട്ടിയതെല്ലാം അഡീഷണല്‍ എക്സൈസ് ഡ്യൂട്ടിയും (ആറു രൂപ) സ്പെഷ്യല്‍ അഡീഷണൽ എക്‌സൈസ് ഡ്യൂട്ടിയുമായിരുന്നു(ഏഴു രൂപ). ഇതിനുപുറമേ അടിസ്ഥാന എക്‌സൈസ് തീരുവയുടെ 58 ശതമാനവും കേന്ദ്രത്തിനു തന്നെ. 

പെട്രോളിന് ഏറ്റവുമധികം നികുതി ചുമത്തിയിട്ടുള്ള സംസ്ഥാനങ്ങൾ ബിജെപി ഭരിക്കുന്ന മഹാരാഷ്‌‌‌ട്രയും (46.52%) മധ്യപ്രദേശും(38.79%) ആണെന്ന സത്യവും മറച്ചുവെച്ചാണ്‌ ബിജെപി ഇക്കാര്യത്തിൽ കേരളത്തെ കുറ്റപ്പെടുത്തുന്നത്‌.

Share this news

           

RELATED NEWS

petrol,price