തോൽവിയുടെ ചൂട് യു ഡി എഫിന്‍റെ മൂക്കിൽ തട്ടി തുടങ്ങി എന്ന് വ്യക്തം. അല്ലെങ്കിൽ എന്തിനാണ് ഇത്ര വെപ്രാളം?:തോമസ് ഐസക്
തോമസ് ഐസക്കും പി. ജയരാജനും ആര്‍.എസ്.എസുമായി അരൂരില്‍ രഹസ്യ വോട്ടുകച്ചവടം നടത്തിയെന്ന കോണ്‍ഗ്രസ് ആരോപണത്തിന് മറുപടി നല്‍കി തോമസ് ഐസക്ക്. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു തോമസ് ഐസിന്റെ മറുപടി.‘ഈ കച്ചവടത്തിന് പിന്നില്‍ ഞാനും സഖാവ് പി ജയരാജനും ആണത്രേ. തെളിവ് ആയി ഉയര്‍ത്തി കാണിക്കുന്നത് ഞങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റുകളും. രഹസ്യകച്ചവടം നടത്തി ഞങ്ങള്‍ ഫേസ്ബുക്കില്‍ പരസ്യപ്പെടുത്തിയിരിക്കുന്നു പോലും’ ഇത്തരത്തില്‍ പരിഹസിച്ചുകൊണ്ടാണ് ഫേസ്ബുക്ക് കുറിപ്പ് തുടങ്ങുന്നത്. കഴിഞ്ഞദിവസം ഐസക്കും പി.ജയരാജനും ചേര്‍ന്നു നടത്തിയ തുറവൂര്‍ സന്ദര്‍ശനത്തെക്കുറിച്ച് പി.ജയരാജന്‍ വിശദമായി പോസ്റ്റ് ഇട്ടിട്ടുണ്ടെന്നും ഐസക്ക് പറഞ്ഞു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം:

ആര്‍ എസ് എസുമായി അരൂരിൽ രഹസ്യ വോട്ടുകച്ചവടം നടത്തി എന്ന ആരോപണം ഉന്നയിച്ചിരിക്കുകയാണ് കോൺഗ്രസ്. ഈ കച്ചവടത്തിന് പിന്നിൽ ഞാനും സഖാവ് പി ജയരാജനും ആണത്രേ. തെളിവ് ആയി ഉയർത്തി കാണിക്കുന്നത് ഞങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റുകളും. രഹസ്യകച്ചവടം നടത്തി ഞങ്ങൾ ഫേസ്ബുക്കിൽ പരസ്യപ്പെടുത്തിയിരിക്കുന്നു പോലും .

കഴിഞ്ഞദിവസം തുറവൂരിൽ ഞങ്ങൾ ഒരുമിച്ച് നടത്തിയ സന്ദർശനത്തെ കുറിച്ച് പി ജയരാജൻ വിശദമായ പോസ്റ്റ് ഇട്ടിട്ടുണ്ട്. തീപ്പെട്ടി കമ്പനി, തുരിശു കമ്പനി, തൊഴിലുറപ്പ് സംഘങ്ങൾ ഇവരെയൊക്കെ സന്ദർശിച്ചശേഷം തുറവൂരെ പ്രമുഖ ഗൌഡ സാരസ്വത കുടുംബമായ ജയകുമാറിന്‍റെ വീട് സന്ദർശിച്ച വിവരണവും നൽകിയിരുന്നു.

ജയകുമാർ ആർ ആർ എസ് പ്രവർത്തകനാണത്രെ. ജയകുമാറിന്‍റെ അച്ഛൻ ഗൗരിയമ്മയുടെയും ആദ്യകാല കമ്മ്യൂണിസ്റ്റുകാരുടെയും സുഹൃത്തും കമ്മ്യൂണിസ്റ്റ് പാർട്ടി അനുഭാവിയും ആയിരുന്നു. തന്‍റെ അച്ഛന്‍ ഗൌഡ സാരസ്വത സമുദായത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് അനുഭാവി ആയിരുന്നു എന്നാണ് ജയകുമാർ പറഞ്ഞത്. ജയകുമാറിന്‍റെ മകന്‍ ജയപ്രകാശ് അദ്ധ്യാപകനും കെ എസ് ടി എ അംഗവുമാണ്. അതീവഹൃദ്യമായ സ്വീകരണമാണ് ഞങ്ങൾക്ക് ലഭിച്ചത്. സംഭാഷണത്തിൽ നല്ലൊരു പങ്കും ജൈവകൃഷിക്കു സർക്കാരും പാർട്ടിയും നൽകുന്ന പ്രോത്സാഹനത്തെ കുറിച്ചായിരുന്നു. തുറവൂർ പഞ്ചായത്തിലെ അറിയപ്പെടുന്ന ജൈവകർഷകൻ ആണ് ജയകുമാർ. ഈ പ്രദേശത്ത് നെല്‍കൃഷി ഏതാണ്ട് അവസാനിച്ച മട്ടാണ്. ഇപ്പോൾ ചെമ്മീൻ കൃഷിയിൽ മാത്രമേ നോട്ടമുള്ളൂ. പക്ഷേ ജയകുമാർ നെല്ലിനെ കൈവിടാൻ തയ്യാറല്ല. തന്‍റെ കുടുംബത്തിലുള്ള മറ്റുള്ളവരുടെ കൂടി ഓഹരിസ്ഥലം എല്ലാം ചേർത്ത് അത് അവിടെ എല്ലാം കൃഷി ചെയ്യാനുള്ള ചുമതല ഏറ്റെടുത്തിരിക്കുകയാണ് അദ്ദേഹം. നെല്ല് മാത്രമല്ല, പച്ചക്കറി കൃഷിയും അദ്ദേഹത്തിന് ഹരമാണ്. മികച്ച പച്ചക്കറി കർഷകനുള്ള പഞ്ചായത്ത് അവാർഡ് അദ്ദേഹം നേടിയിട്ടുണ്ട്. ദിവസവും ഈ പ്രായത്തിലും സൈക്കിളിലാണ് അദ്ദേഹം കൃഷിയിടത്തിലേക്ക് പോകുന്നത്. കൃഷിപ്പണിയിൽ കൂടുതൽ ശ്രദ്ധിക്കുന്നത് കൊണ്ട് മറ്റു പൊതുപ്രവർത്തനം കുറച്ചിരിക്കുകയാണ്. കൃഷി തന്നെ ആഹ്ളാദം എന്നാണ് അദ്ദേഹം പറയുന്നത്.

ഈയൊരു ഗൃഹസന്ദർശനം ആണ് വോട്ടുകച്ചവടം എന്ന് കോൺഗ്രസുകാർ വക്രീകരിച്ച് അവതരിപ്പിക്കുന്നത്. തോൽവിയുടെ ചൂട് യു ഡി എഫിന്‍റെ മൂക്കിൽ തട്ടി തുടങ്ങി എന്ന് വ്യക്തം. അല്ലെങ്കിൽ എന്തിനാണ് ഇത്ര വെപ്രാളം?

Share this news

           

RELATED NEWS

thomas isaac