പ്രതിമ തകർക്കലിനെതിരെ തമിഴ് എഴുത്തുകാരൻ പെരുമാൾ മുരുകന്റെ കവിത. ഈണം നൽകുന്നത് കർണാടക സംഗീതത്തിലെ വിപ്ലവകാരി ടി എം കൃഷ്ണ. പ്രതിമ തകർക്കൽ സ്വതന്ത്ര ചിന്തയെ, കലയെ, സംഗീതത്തെ എതിർക്കുന്നവരെന്നും കൃഷ്ണ
ബിജെപി അധികാരത്തിൽ വന്നതിനു ശേഷം ത്രിപുരയിൽ ലെനിന്റേയും തുടർന്ന് തമിഴ് നാട്ടിൽ പെരിയാറിന്റെയും പ്രതിമകൾ തകർത്തതിനെതിരെ വിഖ്യാത തമിഴ് എഴുത്തുകാരൻ പെരുമാൾ മുരുകന്റെ കവിത. അതിലേറെ ശ്രദ്ധേയം, കർണാടക സംഗീതത്തിലെ വിപ്ലവകാരിയും ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച സംഗീതജ്ഞനും ആയ ടി എം കൃഷ്ണ സംഗീതം നൽകി ആലപിക്കുന്നു എന്നതാണ്.

മലയ്ക്ക് മുകളിൽ ഇരുന്നു മന്ത്രം ജപിക്കുന്ന ദേവനാകട്ടെ, പെരിയാറാകട്ടെ, നാം നടന്നു പോകേണ്ട വഴിക്കു നടുവിൽ നിന്നും നമ്മെ ഓർമിപ്പിക്കുന്നത് നമ്മുടെ ഭൂതകാലത്തെയാണ് എന്ന് പെരുമാൾ മുരുകൻ പറയുന്നു.

ലെനിന്റേതാകട്ടെ, ഗാന്ധിയുടേതാകട്ടെ, പെരിയാറിന്റേതോ അംബേദ്കറുടേതോ ആകട്ടെ, പ്രതിമകൾ തകർക്കുന്നതും വികൃതമാക്കുന്നതും സ്വതന്ത്ര ചിന്തയെയും മാനവികതയെയും കലയെയും സംഗീതത്തെയും എതിർക്കുന്നവരാണെന്ന് ടി എം കൃഷ്ണ പറഞ്ഞു. 


കല്യാണി രാഗത്തിൽ ചിട്ടപ്പെടുത്തിയ കവിത, കൃഷ്ണ ആലപിക്കുന്നത് ആദി താളത്തിലാണ്.

തെന്നിന്ത്യൻ ശാസ്ത്രീയ സംഗീതത്തിലെ നൂറ്റാണ്ടുകൾ നീണ്ട ബ്രാഹ്മണ പാരമ്പര്യത്തെ വെല്ലുവിളിക്കുകയും ചെന്നൈയിലെ പ്രസിദ്ധമായ കർണാടക സംഗീത സഭയിൽ നിന്നും വിട്ടു നിൽക്കുകയും ചെയ്ത ടി എം കൃഷ്ണ സംഗീതത്തെ തെരുവിലേക്ക് കൊണ്ടുവരികയും അതിരുകളില്ലാത്ത കലക്ക് വേണ്ടി നിരന്തരം വാദിക്കുകയും ചെയ്തു. 2016 ലെ മാഗ്സസെ അവാർഡ് ജേതാവായ കൃഷ്ണയുടെ 'പുറമ്പോക്കു പാടൽ' അന്താരാഷ്‌ട്ര ശ്രദ്ധ വരെ പിടിച്ച് പറ്റി. 

നേരത്തെ തന്റെ നോവലിനെതിരെ പ്രതിഷേധമുയരുകയും തുടർന്ന് പിൻവലിക്കാൻ നിര്ബന്ധിതമാകുകയും ചെയ്ത മുരുകൻ താൻ എഴുത്ത് നിർത്തുകയാണ് എന്ന് പറഞ്ഞിരുന്നു. സംഘപരിവാർ ആശയങ്ങളുടെ കടുത്ത വിമർശകനാണ് മുരുകൻ.

കവിത പൂർണ രൂപത്തിൽ ഇവിടെ കേൾക്കാം:

Share this news

           

RELATED NEWS

ടി എം കൃഷ്ണ, പെരുമാൾ മുരുകൻ