ന്യൂഡല്‍ഹി: പനാമ പേപ്പേഴ്‌സ് പുറത്തുവിട്ട അഞ്ചാമത്തെ ലിസ്റ്റിലും മലയാളി. തിരുവനന്തപുരം സ്വദേശിയാ ഭാസ്‌കരന്‍ രവീന്ദ്രനാണ് പനാമ പേപ്പേഴ്‌സ് പുറത്തുവിട്ട ലിസ്റ്റിലുളള മൂന്നാമത്തെ മലയാളി. റഷ്യയിലെ എസ്‌വിഎസ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുടെ പവര്‍ ഓഫ് അറ്റോര്‍ണിയാണ് ഇദ്ദേഹത്തിന്റെ പേരിലുളളതായാണ് വിവരം. എന്നാല്‍ തനിക്ക് അങ്ങനൊരു കമ്പനിയുമായി യാതൊരു ബന്ധവുമില്ലെന്നും 2013ല്‍ താന്‍ റഷ്യ വിട്ടതാണെന്നും ഭാസ്‌കരന്‍ രവീന്ദ്രന്‍ പറഞ്ഞു.
പനാമയിലെ മൊസാക് ഫൊന്‍സെക എന്ന ഏജന്‍സിയെ ഉപയോഗിച്ച് കള്ളപ്പണം നിക്ഷേപിച്ച് ബിസിനസ് ചെയ്യുന്നവരുടെ കൂട്ടത്തില്‍ രണ്ടു മലയാളികള്‍ ഉള്ളതായി നേരത്തെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. പത്തനംതിട്ട റാന്നി സ്വദേശി ദിനേശ് പരമേശ്വരന്‍ നായര്‍, തിരുവനന്തപുരം സ്വദേശിയായ ജോര്‍ജ് മാത്യു എന്നിവരുടെ പേരുകളാണ് പനാമ പേപ്പേഴ്‌സ് നാലിലും, മൂന്നിലും ഉണ്ടായിരുന്നത്.
ബ്രിട്ടീഷ് ഉപദ്വീപുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കമ്പനിയിലാണ് ദിനേശ് പരമേശ്വരന്‍ കള്ളപ്പണ നിക്ഷേപം നടത്തിയത്. 2007 ഓഗസ്റ്റ് 17 മുതല്‍ ഹോങ്കോങ് ആസ്ഥാനമായ ഗെല്‍ഡിന്‍ ട്രേഡിങ് കമ്പനിയുടെ ഡയറക്റ്ററാണ് ദിനേശ് എന്ന മൊസാക് ഫൊന്‍സെക രേഖകള്‍ വ്യക്തമാക്കുന്നു. ചൈനീസ് പൗരനുമായി ചേര്‍ന്ന് നടത്തുന്ന കമ്പനിയില്‍ 25000 ഓഹരികളാണ് ഇയാളുടെ പേരിലുളളത്.
ചെറുകിട കൊപ്ര വ്യാപാരിയുടെ മകനായ ദിനേശ് ബിരുദ പഠനത്തിനുശേഷം മുംബൈയിലെ ഒട്ടനവധി കമ്പനികളില്‍ ജോലി ചെയ്തിരുന്നു. 2008ലാണ് ഇയാള്‍ ഹോങ്കോങ്ങിലേക്ക് പോയത്.
ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ജോര്‍ജ് മാത്യു 12 വര്‍ഷമായി സിംഗപ്പൂരിലാണ് താമസം. ഫ്യൂച്ചര്‍ ബുക്‌സ് എന്ന കമ്പനിയിലാണ് ഇദ്ദേഹം നിക്ഷേപം നടത്തിയിരിക്കുന്നത്. എന്നാല്‍ 12 വര്‍ഷമായി വിദേശത്ത് താമസിക്കുന്ന ഇദ്ദേഹത്തിന് ഇന്ത്യയിലെ നികുതി നിയമങ്ങള്‍ ബാധകമല്ലെന്നാണ് പറയുന്നത്.