ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു


ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്ന ഇവര്‍ അസുഖബാധിതയായി ധാക്കയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് അന്ത്യം സംഭവിച്ചത്. 
80 വയസായിരുന്നു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി ചെയര്‍പേഴ്സണായിരുന്നു.

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി സിയ റഹ്‌മാന്റെ ഭാര്യയായ ഖാലിദ സിയ ലിവര്‍ സിറോസിസ്, ആര്‍ത്രൈറ്റിസ്, ഹൃദ്രോഗം തുടങ്ങി പല ആരോഗ്യ പ്രശ്‌നങ്ങളും നേരിടുന്നുണ്ടായിരുന്നു. ആദ്യം 1991 ലാണ് ഖാലിദ സിയ ബംഗ്ലാദേശ് പ്രധാനമന്ത്രിയായത്. 1996 വരെ സ്ഥാനത്ത് തുടര്‍ന്ന അവര്‍, വീണ്ടും തെരഞ്ഞെടുക്കപ്പെട്ടെങ്കിലും കാലാവധി പൂര്‍ത്തിയാക്കാനായില്ല. പിന്നീട് 2001-2006 കാലത്തും ഇവര്‍ പ്രധാനമന്ത്രി പദത്തിലെത്തി.

ഭര്‍ത്താവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് 1981 ല്‍ ഭരണനേതൃത്വത്തിലേക്ക് എത്തിയത്. ഈ കാലത്ത് ബംഗ്ലാദേശില്‍ പട്ടാള ഭരണത്തിനെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് അവര്‍ നേതൃത്വം നല്‍കി. എന്നാല്‍ 2018 ല്‍ അഴിമതി കേസില്‍ തടവിലാക്കപ്പെട്ടു. പിന്നീട് ആരോഗ്യപരമായ കാരണം ചൂണ്ടിക്കാട്ടി ശിക്ഷ മരവിപ്പിച്ചു.

ഷെയ്ഖ് ഹസീന സര്‍ക്കാര്‍ രാജിവെച്ചതോടെ 2024 ഓഗസ്റ്റിലാണ് ഇവര്‍ ജയില്‍ മോചിതയായത്. പിന്നാലെ 2025 ല്‍ എല്ലാ അഴിമതി കേസിലും അവരെ ബംഗ്ലാദേശ് സുപ്രീം കോടതി കുറ്റവിമുക്തയാക്കിയിരുന്നു. ബിഎന്‍പിയുടെ പിന്‍ഗാമിയാകാന്‍ മകന്‍ താരിഖ് റഹ്‌മാന്‍ ബംഗ്ലാദേശിലേക്ക് മടങ്ങി എത്തിയതിന് പിന്നീലെയാണ് ഖാലിദ സിയയുടെ മരണം സംഭവിച്ചിരിക്കുന്നത്.

Share this news

           

RELATED NEWS

Bangladesh Khaleda zia