"ഹലോ വിദ്യാഭ്യാസ മന്ത്രിയല്ലേ ഇവിടെ ക്രിസ്മസ് വെക്കേഷന് ടീച്ചർ ക്ലാസ്സ് വെക്കുന്നു". വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് ഇന്ന് രാവിലെ കോഴിക്കോട് നിന്ന് വന്ന ഫോൺ കോൾ.
ക്രിസ്മസ് അവധിക്കാലത്ത് ക്ലാസ്സ് വെച്ച സ്കൂളിനെതിരെ പരാതിപ്പെട്ടിരിക്കുകയാണ് 7ആം ക്ലാസ്സിൽ പഠിക്കുന്ന കൊച്ചു മിടുക്കൻ. ഞാൻ കോഴിക്കോട് കീഴരിയൂർ പഞ്ചായത്തിൽ നിന്ന് ആണെന്നും കീഴരിയൂർ യൂപി സ്കൂളിൽ ക്രിസ്മസ് വെക്കേഷന് സമയത് ക്ലാസ് വെക്കുന്നു എന്നുമായിരുന്നു വിദ്യാർത്ഥിയുടെ സങ്കടകാരമായ പരാതി.
ഏറെ കൗതുകം തോന്നിക്കുന്ന ഈ ഫോൺ കോളിന് മന്ത്രി മറുപടി പറഞ്ഞത് സ്കൂളിൽ പോയി ടീച്ചർമാരോട് പറഞ്ഞാൽ മതി വിദ്യാഭ്യാസ മന്ത്രി പറഞ്ഞു ക്രിസ്മസ് വെക്കേഷൻ ആണ് ക്ലാസ് വെക്കാൻ പാടില്ല കുട്ടികൾ കളിച്ചു നടക്കേണ്ട സമയമാണിതെന്ന്.
ഏറെ സന്തോഷവാനായ വിദ്യാർത്ഥി താനാണ് വിളിച്ചത് എന്ന് സ്കൂൾ അധികൃതരോട് പറയരുത് എന്നും മന്ത്രിയോട് പറയുകയുണ്ടായി. ഒരു ചെറു പുഞ്ചിരിയോടെ മന്ത്രി ഇതിനോട് സമ്മതം മൂളുകയും കളിച്ചു നടന്നാൽ മാത്രം പോരാ അതോടൊപ്പം പഠനവും ആവശ്യമാണ് എന്ന ഉപദേശത്തോടുകൂടിയാണ് ഫോൺ സംഭാഷണം അവസാനിക്കുന്നത്.
ഇടയിൽ വിദ്യാർത്ഥിയുടെ അമ്മ ഫോണിൽ വന്ന് സ്കൂളിനെ അനുകൂലിച്ച് സംസാരിച്ചെങ്കിലും ഫലമൊന്നും ഉണ്ടായില്ല.