കേരളം മറ്റൊരു തെരഞ്ഞെടുപ്പ് കാലത്തേക്ക് കടക്കുകയാണ്. ലോകത്തിലെ തന്നെ പരമോന്നത ഭരണവ്യവസ്ഥയായ ജനാധിപത്യത്തിന്റെ ഏറ്റവും ഉച്ചസ്ഥായിയായ നിമിഷമാണ് തെരഞ്ഞെടുപ്പ്. കേരളത്തിലെ ദീർഘകാല പരമ്പരാഗത രീതിയായ ഇടത് വലത് ഭരണമാറ്റം പ്രതീക്ഷിച്ചിരുന്ന ജനതയുടെ മുൻപിൽ രണ്ടാം തവണയും എൽഡിഎഫ് സർക്കാർ ഭരണം തിരിച്ചു പിടിക്കുന്ന കാഴ്ചയായിരുന്നു 2021ൽ മലയാളികൾ കണ്ടത്. പിണറായി സർക്കാരിന്റെ ഭരണ തുടർച്ചക്ക് 2026 തെരഞ്ഞെടുപ്പിൽ അറുതി വരുമോ? അതോ തുടർഭരണം തുടരുമോ ? യൂഡിഎഫ് ഭരണം തിരിച്ച് പിടിക്കുമോ ? ബിജെപി ക്ക് കേരള രാഷ്ട്രീയത്തിൽ കാര്യമായ ചലനമുണ്ടാക്കാൻ സാധിക്കുമോ ? തുടങ്ങിയ നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരം ഈ കൊല്ലം ലഭിക്കുന്നതാണ്.
കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ സംസ്ഥാനത്ത് ആരംഭിച്ചിരിക്കുകയാണ്. മാർച്ച് മാസം രണ്ടാം വാരത്തോടെ തെരഞ്ഞെടുപ്പ്, വോട്ടെണ്ണൽ തിയതി പ്രഖ്യാപനം ഉണ്ടായിരിക്കും എന്നാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്. ഓരോ ജില്ലയിലും തങ്ങളുടെ സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതിന്റെ അവസാന ഘട്ട തിരക്കുകളിലാണ് കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ ഇപ്പോൾ.
ജില്ല തിരിച്ചുള്ള കണക്കുകൾ നോക്കുകയാണെങ്കിൽ കേരളത്തിൽ വയനാട് കഴിഞ്ഞാൽ ഏറ്റവും കുറവ് നിയോജക മണ്ഡലങ്ങളുള്ള ജില്ലയാണ് കാസർഗോഡ്. നിയമസഭ തിരഞ്ഞെടുപ്പിൽ 5 നിയോജകമണ്ഡലങ്ങളാണ് കാസർഗോഡ് ജില്ലയിലുള്ളത്. മഞ്ചേശ്വരം, കാസർഗോഡ്, കാഞ്ഞങ്ങാട്, ഉദ്മാ, തൃക്കരിപ്പൂർ തുടങ്ങിയ നിയോജകമണ്ഡലങ്ങളാണ്.
മഞ്ചേശ്വരം
കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്ത് കർണാടക അതിർത്തിയുമായി ഏറ്റവും അടുത്ത് കിടക്കുന്ന സ്ഥലം. നിയമസഭാ തിരഞ്ഞെടുപ്പിലെ കേരളത്തിലെ ഒന്നാമത്തെ നിയോജകമണ്ഡലം 1957 ൽ എം ഉമേഷ് റാവു എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ട മണ്ഡലം. നിലവിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (IUML) നേതാവ് എ കെ എം അഷ്‌റഫ് എംഎൽഎ ആയി തുടരുന്ന മണ്ഡലം. കഴിഞ്ഞ നാല് ഭരണകാലയളവിലും മഞ്ചേശ്വരം ഭരിച്ചിരുന്നത് ഐയൂഎംഎൽ പാർട്ടി ആയതിനാൽ ഈ വർഷവും അത് തുടരുമെന്ന സാധ്യത നിലനിൽക്കുന്നുണ്ട് എങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ 35 ശതമാനം വോട്ടുകളും നേടാൻ ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രന് സാധിച്ചു എന്നതും ഒരു വസ്തുതയാണ്. 2,21,682 പേരാണ് 2021ൽ മഞ്ചേശ്വരം നിയോജകമണ്ഡലത്തിൽ തങ്ങളുടെ വോട്ട് രേഖപ്പെടുത്തിയത്.
കാസർഗോഡ്
കേരളത്തിലെ രണ്ടാമത്തെ നിയോജകമണ്ഡലം. 1957 ലെ കേരളം നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവ് എം എസ് മൊഗ്രാൽ അധികാരത്തിൽ വന്ന മണ്ഡലം. എന്നാൽ 1977 മുതൽ 2021 വരെയുള്ള തെരഞ്ഞെടുപ്പുകളിൽ എല്ലാ വർഷവും ജയിച്ചത് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (IUML) പാർട്ടിയാണ്. 2,01,812 പേരാണ് 2021ൽ വോട്ട് ചെയ്ത കാസർഗോഡ് നിയോജകമണ്ഡലത്തിൽ 2011 മുതൽ നെല്ലിക്കുന്ന് അബ്ദുൽ ഖാദർ മുഹമ്മദ് ആണ് എംഎൽഎ. മുസ്ലിം ഭൂരിപക്ഷം കൂടുതലുള്ള കാസർഗോഡ് നിയോജകമണ്ഡലത്തിൽ ഈ വർഷവും IUML തന്നെ ജയിക്കുമെന്നാണ് പ്രതീക്ഷ.
ഉദ്മാ
40 ഏക്കറിൽ വിസ്തരിച്ചു കിടക്കുന്ന കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ ബേക്കൽ കോട്ടയുടെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ മൂന്നാമത്തെ നിയോജകമണ്ഡലം ഉദ്‌മ. 1977 ൽ ഇന്ദിര ഗാന്ധി ഏർപ്പെടുത്തിയ അടിയന്തരാവസ്ഥ പിൻവലിച്ചതിനുശേഷം കേരളത്തിലെ നിയോജകമണ്ഡലങ്ങൾ 133 ൽ നിന്ന് 140 അയക്കുകയുണ്ടായി. ആ കൂട്ടത്തിൽ പുതുതായി ചേർക്കപ്പെട്ട നിയോജകമണ്ഡലമാണ് ഉദ്മാ. 1977 ൽ സ്വതന്ത്ര സ്ഥാനാർഥിയായ എം കെ ബാലകൃഷ്ണൻ എംഎൽഎ ആയി അധികാരത്തിലെത്തിയ നിയോജകമണ്ഡലം. പിന്നീട് 2001 മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ആണ് ഉദ്മാ മണ്ഡലം ഭരിക്കുന്നത്. 2,14,209 പേർ 2021ൽ വോട്ട് ചെയ്ത ഉദ്മാ നിയോജകമണ്ഡലത്തിൽ സി എച്ച് കുഞ്ഞമ്പു ആണ് എംഎൽഎ.
കാഞ്ഞങ്ങാട് \
2008 ലെ അതിർത്തി നിർണയത്തിൽ പുതുതായി നിലവിൽ വന്ന കേരളത്തിലെ നാലാമത്തെ നിയോജകമണ്ഡലം മുൻപ് ഹോസ്ദുർഗ് എന്ന പേരിൽ അറിയപ്പെടുന്ന നിയോജകമണ്ഡലത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (CPI) ആണ് നിലവിൽ ഭരിക്കുന്നത്. ആദ്യ പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നപ്പോൾ റെവന്യൂ മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഇ ചന്രശേഖരൻ ആണ് നിലവിലെ കാഞ്ഞങ്ങാട് എംഎൽഎ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഏതാണ്ട് പകുതിയോളം വോട്ടുകളും സ്വന്തമാക്കിയ സ്ഥാനാർത്ഥിയാണ് ഇ ചന്ദ്രശേഖരൻ.
തൃക്കരിപ്പൂർ
മുൻപ് നീലേശ്വരം എന്ന് അറിയപ്പെട്ടിരുന്നതും കേരള സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രി ശ്രീ ഈ എം എസ് നമ്പൂതിരിപ്പാട് നിന്ന് 1957 ൽ തിരഞ്ഞെടുപ്പിന് നിന്ന് ജയിച്ച കേരളത്തിലെ അഞ്ചാമത്തെ നിയോജക മണ്ഡലം. 1977ൽ ആണ് നീലേശ്വരത്തിൽ നിന്ന് തൃക്കരിപ്പൂർ എന്ന പേരിലേക്ക് മണ്ഡലം മാറ്റുന്നത്. 2,022,49 പേർ 2021ൽ വോട്ട് ചെയ്ത മണ്ഡലത്തിൽ കഴിഞ്ഞ രണ്ടു തവണയായി വിജയിച്ചത് സിപിഐഎം സ്ഥാനാർഥി എം രാജഗോപാലൻ ആണ്. 1960 ലെ തിരഞ്ഞെടുപ്പ് ഒഴിച്ചാൽ പിന്നീടുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും കാസർഗോഡ് സിപിഐഎം ആണ് വിജയം കൈവരിച്ചിട്ടുള്ളത്.