കരാർ പ്രകാരമുള്ള സിനിമയുടെ പ്രമോഷൻ പരിപാടികളിൽ നടൻ ബിജു മേനോൻ പങ്കെടുത്തില്ലെന്ന് ആരോപിച്ച് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതുമൂലം നിർമ്മാതാവിന് 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ ബിജു മേനോനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് നിർമ്മാതാവ് അനൂപ് കണ്ണൻ അറിയിച്ചു.
നടപടി സ്വീകരിക്കാമെന്ന് നേരത്തെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഉറപ്പ് നൽകിയിരുന്നുവെന്നും അനൂപ് കണ്ണൻ പറഞ്ഞു. കരാർ പ്രകാരം പ്രമോഷനിൽ പങ്കെടുക്കാമെന്ന് ബിജു മേനോൻ സമ്മതിച്ചിരുന്നുവെങ്കിലും, ആകെ മൂന്ന് മണിക്കൂർ മാത്രം പരിപാടിയിൽ പങ്കെടുത്തതായും തുടർന്ന് ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ പ്രതികരണം ലഭിച്ചില്ലെന്നും നിർമ്മാതാവ് വ്യക്തമാക്കി.