ന്യൂഡൽഹി: ഇന്ത്യ എഐ ഇംപാക്റ്റ് സമിറ്റ് 2026-ൽ പങ്കെടുക്കില്ല എന്ന വാർത്ത നിരാകരിച്ച് ഗേറ്റ്സ് ഫൌണ്ടേഷൻ . ബിൽഗേറ്റ്സ് ചടങ്ങിൽ പങ്കെടുക്കുകയും നിശ്ചയിച്ച പ്രകാരം മുഖ്യപ്രഭാഷണം നടത്തുകയും ചെയ്യുമെന്ന് ഗേറ്റ്സ് ഫൗണ്ടേഷൻ വക്താവ് ചൊവ്വാഴ്ച വ്യക്തമാക്കി. സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന തരത്തിലുള്ള റിപ്പോർട്ടുകൾക്കുള്ള മറുപടിയായാണ് ഈ വിശദീകരണം.
“ഗേറ്റ്സ് ഫൗണ്ടേഷന്റെ ചെയർമാനായ ബിൽ ഗേറ്റ്സ് ഇന്ത്യ എഐ ഇംപാക്റ്റ് സമിറ്റിൽ പങ്കെടുക്കും. നിശ്ചയിച്ചിരിക്കുന്നതുപോലെ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തും,” വക്താവ് വ്യക്തമാക്കി. സമ്മേളനത്തിൽ നിന്ന് അദ്ദേഹം പിന്മാറുമെന്ന അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്നും വക്താവ് കൂട്ടിച്ചേർത്തു.
ചില സർക്കാർ വൃത്തങ്ങൾ ഗേറ്റ്സ് സമിറ്റിൽ പങ്കെടുക്കില്ലെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിച്ചിരുന്നു. അന്തരിച്ച പ്രമുഖ കുറ്റവാളിയായ ജെഫ്രി എപ്‌സ്റ്റെയ്ൻ സംബന്ധിച്ച പുതിയതായി പുറത്തുവന്ന രേഖകളിൽ ഗേറ്റ്സിന്റെ പേര് പരാമർശിക്കപ്പെട്ടതാണ് അഭ്യൂഹങ്ങൾക്ക് കാരണമായതെന്നാണ് സൂചന.