കേന്ദ്ര ബജറ്റിൽ കേരളത്തിന് കാര്യമായ നേട്ടങ്ങളില്ല; സംസ്ഥാനത്തെ അവഗണിച്ചുവെന്ന് രാഷ്ട്രീയ നേതൃത്വം

തിരുവനന്തപുരം: കേന്ദ്ര സർക്കാർ അവതരിപ്പിച്ച പുതിയ ബജറ്റിൽ കേരളത്തിന് കാര്യമായ പദ്ധതികളോ സാമ്പത്തിക സഹായങ്ങളോ ലഭിച്ചില്ലെന്ന വിമർശനം ശക്തമാകുന്നു. എയിംസ് ഉൾപ്പെടെ ഏകദേശം 21,000 കോടി രൂപയുടെ പ്രത്യേക പാക്കേജാണ് സംസ്ഥാന സർക്കാർ പ്രതീക്ഷിച്ചിരുന്നതെങ്കിലും, ബജറ്റിൽ അതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല.കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വേഗ റെയിൽ ഇടനാഴി പദ്ധതിയിൽ നിന്നും സംസ്ഥാനത്തെ ഒഴിവാക്കിയതും വലിയ നിരാശയ്ക്കിടയാക്കി. കൂടാതെ കേന്ദ്രം പ്രഖ്യാപിച്ച 12 പുതിയ ജലപാതകളിൽ ഒന്നിലും കേരളത്തെ ഉൾപ്പെടുത്തിയിട്ടില്ല. ധാതു ഇടനാഴി പദ്ധതിയിലാണ് കേരളത്തിന് ബജറ്റിൽ പരാമർശം ലഭിച്ചിരിക്കുന്നത്.കടലാമകളുടെ പരിചരണത്തിനായി സംസ്ഥാനത്ത് പ്രത്യേക കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള പ്രഖ്യാപനമാണ് ബജറ്റിലൂടെ കേരളത്തിന് ലഭിച്ച മറ്റൊരു പദ്ധതി. എന്നാൽ ഇത് സംസ്ഥാനത്തിന്റെ വികസന ആവശ്യങ്ങൾക്ക് മതിയായ പരിഗണനയല്ലെന്ന വിമർശനമാണ് ഉയരുന്നത്.കേരളത്തെ കേന്ദ്ര സർക്കാർ പൂർണമായും അവഗണിച്ചുവെന്ന് എൽഡിഎഫും യുഡിഎഫും ആരോപിച്ചു. “കേരളം ഇന്ത്യയുടെ ഭാഗമാണോയെന്ന സംശയം പോലും ഉയരുന്ന തരത്തിലാണ് ബജറ്റ്” എന്നാണ് നേതാക്കളുടെ പ്രതികരണം. കേന്ദ്ര–സംസ്ഥാന ബന്ധങ്ങളിൽ കേരളം പിന്നാക്കപ്പെടുന്നുവെന്ന ആശങ്ക ബജറ്റ് വീണ്ടും ശക്തമാക്കിയതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

Share this news

           

RELATED NEWS

kerala