സ്ത്രീപീഡനാരോപണം നേരിടുന്ന പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെ അവഗണിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പത്തനംതിട്ടയിൽ മന്നം ജയന്തി ആഘോഷത്തിനെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കു മുഖം കൊടുക്കാതെ മുൻ രമേശ് ചെന്നിത്തല കടന്നുപോകുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.
രമേശ് ചെന്നിത്തല വരുന്നതുകണ്ട് സദസ്സിലുണ്ടായിരുന്ന രാഹുൽ എഴുന്നേറ്റെങ്കിലും ചെന്നിത്തല ഇതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ടുപോകുകയായിരുന്നു. രാഹുലിന്റെ ഒപ്പം നിന്നിരുന്ന വ്യക്തി കൈകൊടുക്കാൻ ശ്രമിച്ചെങ്കിലും ഇതും ചെന്നിത്തല അവഗണിച്ചു.
അതേസമയം, അടുത്ത സീറ്റിൽ ഇരുന്നിരുന്ന രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പി.ജെ.കുര്യനോട് ചെന്നിത്തല കുറച്ചുനേരം സംസാരിക്കുകയും ചെയ്തു. രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് വീണ്ടും സ്ഥാനാർഥിയാക്കരുത് എന്ന് ഇന്നലെ രാവിലെ പി.ജെ.കുര്യൻ പ്രതികരിച്ചിരുന്നു.
പാർട്ടിയിൽനിന്ന് പുറത്താണെങ്കിലും എൻ.എസ്.എസ് സംഘടിപ്പിച്ച പരിപാടിയിൽ പി.ജെ. കുര്യൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.സി വിഷ്ണുനാഥ്, എം.കെ രാഘവൻ തുടങ്ങിയ നേതാക്കൾ ഇരുന്ന നിരയിൽ തന്നെയായിരുന്നു രാഹുലും ഇരുന്നത്.
സ്ത്രീപീഡന കേസിൽ ഇരയായ യുവതി രണ്ടാംതവണയും പരാതി നൽകിയതോടെ 2025 ഡിസംബർ 4ന് രാഹുൽ മാങ്കൂട്ടത്തിലെ കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച് കേരള നിയമസഭയിൽ അംഗമായിരിക്കെ പാർട്ടിയിൽ നിന്നും പുറത്താക്കിയ ആദ്യത്തെ നിയമസഭാംഗം കൂടിയാണ് രാഹുൽ മാങ്കൂട്ടത്തിൽ.