കൊച്ചി: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേറുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിൽ തുറന്ന സംവാദത്തിന് സാധ്യത ഉയരുന്നു. സംവാദത്തിന് താൻ തയ്യാറാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തിൽ, സമയംയും സ്ഥലവും അദ്ദേഹം തന്നെ തീരുമാനിക്കാമെന്ന് സതീശൻ പ്രതികരിച്ചു. പറഞ്ഞ സ്ഥലത്ത് പറഞ്ഞ സമയത്ത് താൻ എത്തുമെന്നും അന്തിമ വിധി ജനങ്ങൾ തന്നെ നിർണയിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നേതാവിന്റെ സംവാദ വെല്ലുവിളിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മറുപടി നൽകി. എൽഡിഎഫ് സർക്കാരിന്റെ റിപ്പോർട്ട് കാർഡ് മുന്നോട്ട് വെച്ച് അതിനെ അടിസ്ഥാനമാക്കി സംവാദം നടത്താമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. സർക്കാരിന്റെ ‘എ പ്ലസ്’ നേട്ടങ്ങൾ ചൂണ്ടിക്കാട്ടി ഇതിൽ സംവാദത്തിനൊരുങ്ങാമോ എന്ന ചോദ്യവും അദ്ദേഹം ഉയർത്തി.
സംവാദം നല്ല കാര്യമാണെങ്കിലും അതിന് ഏറ്റവും അനുയോജ്യമായ വേദി നിയമസഭയാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. എന്നാൽ, അവിടെ നിന്നാണ് പ്രതിപക്ഷം ഒഴിഞ്ഞുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചു. നിയമസഭയിൽ ചോദ്യങ്ങൾ ചോദിച്ചാൽ മറുപടി ലഭിക്കുമെന്നറിയാമെന്നും, എന്നാൽ അവിടെ പ്രതിപക്ഷത്തിന്റെ നിലപാട് എന്തായിരുന്നു എന്നും മുഖ്യമന്ത്രി ചോദിച്ചു. കേരളത്തിന്റെ വികസനത്തിന് പ്രതിപക്ഷം നൽകിയ സംഭാവന എന്താണെന്നും, കേന്ദ്ര സർക്കാർ സംസ്ഥാനത്തെ അവഗണിച്ചപ്പോൾ പ്രതിപക്ഷം ശബ്ദമുയർത്തിയിട്ടുണ്ടോയെന്നും അദ്ദേഹം ചോദ്യമുയർത്തി. ഇതെല്ലാം വിശദീകരിക്കാൻ തയ്യാറാണെങ്കിൽ സംവാദത്തിന് താനും സന്നദ്ധമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് നിർമിച്ച വീടുകളുടെ എണ്ണത്തോളം പോലും കഴിഞ്ഞ പത്ത് വർഷത്തിനിടെ എൽഡിഎഫ് സർക്കാർ നിർമ്മിച്ചിട്ടില്ലെന്നതാണ് സതീശന്റെ ആരോപണം. വിവിധ വകുപ്പുകൾ മുഖേന നടപ്പിലാക്കിയ പദ്ധതികളുടെ കണക്കുകൾ എൽഡിഎഫ് മന്ത്രിമാർ തന്നെ നിയമസഭയിൽ നൽകിയ മറുപടികളിൽ വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വികസന വിഷയങ്ങളിൽ മുഖ്യമന്ത്രിയുമായി ഏത് വേദിയിലും തുറന്ന സംവാദത്തിന് താൻ തയ്യാറാണെന്ന് സതീശൻ ഇന്നലെ വെല്ലുവിളിച്ചിരുന്നു.