ദേശീയ തലസ്ഥാനമായ ഡൽഹിയിലെ 10 സ്കൂളുകൾക്ക് ബോംബ് ഭീഷണി നേരിട്ടതായി റിപ്പോർട്ട് . തിങ്കളാഴ്ച രാവിലെയാണ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചത് എന്ന് ഡൽഹി അഗ്നിശമന സേന (DFS) അറിയിച്ചു. ഇതിനെ തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ സുരക്ഷാ നടപടികൾ ആരംഭിച്ചു.
“ഇന്ന് ആകെ 10 സ്കൂളുകളിലേക്കാണ് ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്. വിവരമറിയിച്ചതിന് പിന്നാലെ അഗ്നിശമന സേനയുടെ സംഘങ്ങൾ ഉടൻ സ്ഥലത്തെത്തി. പരിശോധന തുടരുകയാണ്,” ഡിഎഫ്എസിലെ ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു.
രാവിലെ സമയങ്ങളിലാണ് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് അടിയന്തര കോളുകൾ ലഭിച്ചതെന്ന് ഡിഎഫ്എസ് വ്യക്തമാക്കി. ഇതിനെ തുടർന്ന് ഫയർ ടെൻഡറുകളും ബോംബ് നിർമാർജ്ജന സംഘങ്ങളും സ്ഥലങ്ങളിലേക്ക് അയച്ചു.
സുരക്ഷ മുൻകരുതലിന്റെ ഭാഗമായി സ്കൂളുകൾ ഒഴിപ്പിച്ചു. ബോംബ് കണ്ടെത്തൽ–നിർമാർജ്ജന വിഭാഗങ്ങളും ഡോഗ് സ്ക്വാഡുകളും വ്യാപക പരിശോധനകൾ നടത്തിവരികയാണ്.