അബുദാബി ഉൾപ്പെടെയുള്ള യുഎഇ മേഖലകളിൽ നിന്ന് കേരളത്തിലേക്കുള്ള എയർ ഇന്ത്യയുടെ ശേഷിച്ചിരുന്ന വിമാന സർവീസുകളും നിർത്തലാക്കുന്നു. മാർച്ച് 29 മുതൽ ദുബായ്–കൊച്ചി എയർ ഇന്ത്യ സർവീസ് പ്രവർത്തിക്കില്ല. ഇതോടൊപ്പം ദുബായ്–ഹൈദരാബാദ് സർവീസും അവസാനിപ്പിക്കും. എയർ ഇന്ത്യ പുറത്തിറക്കിയ വേനൽക്കാല സമയക്രമ പട്ടികയിൽ നിന്ന് ഈ രണ്ടു സർവീസുകളും നീക്കം ചെയ്തിട്ടുണ്ട്.
ടിക്കറ്റ് ബുക്കിംഗിനായി എയർ ഇന്ത്യയുമായി നേരിട്ട് ബന്ധപ്പെടുമ്പോൾ, മാർച്ച് 29 മുതൽ ദുബായിൽ നിന്ന് കൊച്ചി, ഹൈദരാബാദ് സർവീസുകൾ നിർത്തലാക്കിയതായി കമ്പനി സ്ഥിരീകരിച്ചു. ഹ്രസ്വദൂര സെക്ടറുകളിൽ നിന്ന് വിമാനങ്ങൾ പിൻവലിച്ച് ദീർഘദൂര സർവീസുകളിൽ വിന്യസിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി. പിൻവലിച്ച രണ്ടു റൂട്ടുകളിലും ബജറ്റ് എയർലൈൻ ആയ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് തുടരും.